Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Posts Tagged ‘ബ്ലോഗ് പ്രതികരണം’

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ പണ്ടുകേട്ടുമറന്ന ഈ ഈരടികള്‍ പിന്നീടോര്‍ക്കുന്നതു് വിജു വി. നായരുടെ മാധ്യമം ലേഖനം കാണുമ്പോഴാണു്. “വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ” എന്ന തലക്കെട്ടു് അവിചാരിതമായി കടന്നുവന്നതല്ല എന്നു സൂചിപ്പിക്കാന്‍ കൂടിയാണു് ഈരടികള്‍ എടുത്തെഴുതുന്നതു്. തലക്കെട്ടില്‍ തന്നെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട് ലേഖകന്‍.

പാഠപുസ്തക വിവാദത്തില്‍​ വ്യത്യസ്തമായ സ്വരം കേള്‍പ്പിക്കുന്ന ആദ്യ ലേഖനമായിരുന്നു വിജുവിന്റേതു്. സഭയും പ്രതിപക്ഷവും പ്രതികരിച്ച രീതികളില്‍ നിന്നു് വ്യത്യസ്തമായി പാഠപുസ്തകമാറ്റത്തിനെതിരെയല്ല, പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെയാണു് ലേഖകന്‍ മഷി ചെലവാക്കിയതു്. പാഠപുസ്തകത്തില്‍ മതനിരാസമുണ്ടോ ഇല്ലയോ എന്ന ‘ഉപരിപ്ലവമായ’ പ്രശ്നത്തെ വശത്തേക്കൊതുക്കി മറ്റൊരു വിഷയം അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നു. മലയാളം ബ്ലോഗോസ്ഫിയറില്‍ വെള്ളെഴുത്തിലൂടെ ഈ ആശങ്ക പിന്നെയും വെളിപ്പെട്ടു.

കേന്ദ്രനയത്തിലെ പാകപ്പിഴകള്‍ മൂലം രൂക്ഷമായ പണപ്പെരുപ്പത്തിന്റെ കെടുതികള്‍ക്കു് ന്യായീകരണം ചമയ്ക്കാനില്ലാതെ വിഷമിക്കുന്ന സമയത്തു്, യുഡിഎഫിനു് വീണുകിട്ടിയ മന്നയായിരുന്നു പാഠപുസ്തകവിവാദം. ഇക്കാര്യത്തില്‍ മാധ്യമം ലേഖകനും അശേഷം സംശയമില്ല. എന്നാല്‍ പാഠപുസ്തകത്തില്‍ ‘കമ്യൂണിസ്റ്റ് ആശയങ്ങളൊന്നുമില്ലെന്നും പകരം കേരളത്തിന്റെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സൂ‍ചി കൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം മാത്രമാണതു്‘ എന്നുമുള്ള വിജുവിന്റെ പരാതിയില്‍ ചില സംശയങ്ങള്‍ നിഴലിടുന്നുണ്ട് തുടര്‍ന്ന് ഈ കുത്തിന്റെ ആവശ്യകതയും അതിന്റെ രാഷ്ട്രീയവും അദ്ദേഹം വാചാലമായി നിരീക്ഷിക്കുന്നുമുണ്ട്.

പക്ഷേ ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോഴും എന്താണീ നിഴലിന്റെ രൂപം എന്ന് വായനക്കാരന്‍ സ്വന്തം തലച്ചോറില്‍ ഇരുമ്പാണികൊണ്ടു് കുത്തിനോക്കിയാല്‍ പോലും കണ്ടെത്തില്ല. ഇനിയിപ്പോള്‍ അതൊരു നിഴല്‍ക്കുത്തായിരിക്കുമോ എന്നു വ്യാകുലപ്പെടാന്‍ മാത്രമേ അവനു കഴിയൂ‍.

നിഴല്‍ക്കുത്തു് നടത്തുന്ന ഒടിയനെ കണ്ടെത്താന്‍ പാടുപെടുന്ന വായനക്കാരന്‍, ‘പാഠപുസ്തകം ഉന്നയിക്കുന്ന ചോദ്യമല്ല പ്രശ്നം, എന്തുതരം ഉത്തരത്തിലേക്കാണത് 13 വയസ്സുള്ള കുട്ടികളെ നയിക്കുന്നത് എന്നതാണ് ‘ എന്ന ഞെട്ടിക്കുന്ന വാചകത്തിലേക്കു് കടക്കുന്നു. ഈ പ്രശ്നത്തെ തേടിചെല്ലുന്ന വായനക്കാരന്‍ തിയറിയും പ്രാക്ടീസും തമ്മില്‍ ഒട്ടും ബന്ധമില്ലാത്തതായി കാണുന്നു. ഒ.വി വിജയന്‍ മുതല്‍ കാസ്റ്റ്ലെസ്റ്റിന്റെ മാതാപിതാക്കള്‍ വരെയുള്ളവര്‍ കേരളത്തില്‍ തന്നെയാണോ എന്ന് അന്തം വിടുകയും ചെയ്യും.

ലേഖകന്‍ തുടരുന്നു: ‘നിലവിലുള്ള ജീവിത പരിസരത്ത് ജീവന്റെ മത-പാഠം ഉത്തരങ്ങളല്ല ഉത്തരമില്ലായ്മകളാണ് ജനിപ്പിക്കുന്നത്[…] ഇടത് ബുദ്ധിജീവികള്‍ എന്നു കരുതുന്ന നവലിബറല്‍ ജീവികള്‍ക്ക് വന്‍‌തുക പറ്റാനുള്ള സുഖപ്രദമായ ഇടം. പാഠപുസ്തകം തയ്യാറാക്കുന്ന സ്ഥാപനത്തിലെ വക്രതയും അതാര്യതയും തന്നെയാണ് പാഠപുസ്തകത്തിലേയ്ക്കും പ്രവേശിക്കുന്നത്. തുറന്ന സമീപനങ്ങളോ സുതാര്യമായ വിചിന്തനങ്ങളോ നാടിന്റെ തനതു യാഥാര്‍ത്ഥ്യങ്ങളോ കണക്കിലെടുക്കാതെയുള്ള പാഠവികസനം. കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നു എന്ന് പറയുന്ന നവലിബറല്‍ അജണ്ടകള്‍ അവരുടെ കൈയാളുകളിലൂടെത്തന്നെ നടപ്പാവുന്നതെന്തുകൊണ്ടു് ?’

അതിവാചാലത സൃഷ്ടിക്കുന്ന അസഹ്യമായ തലവേദനയ്ക്കിടയിലും മുമ്പു കേട്ടിളളുവയാണ് ഈ വാക്കുകളെന്ന് വായനക്കാരന്‍ ഓര്‍ത്തെടുക്കും. പാ‍ഠം – പരിഷത്ത് വിവാദവുമായി ബന്ധപ്പെട്ട്? ഇടതുപക്ഷ/പുരോഗമന ആശയങ്ങളെ നാലാംലോകക്കാര്‍ ഹൈജാക്ക് ചെയ്യുന്നു എന്ന പഴക്കമുള്ളൊരു നിലപാടാണോ ലേഖനം മുന്നോട്ടുവയ്ക്കുന്നതെന്നു് സംശയം തോന്നുമ്പോഴേക്കും ‘എ.കെ.ജി സെന്റര്‍ മൂത്താല്‍ ഇന്ദിരാഭവനാകും‘ എന്നൊരു വമ്പന്‍ ഡയലോഗടിച്ച് നേരെ ആണവപ്രശ്നത്തിലേയ്ക്ക് പാഞ്ഞു കയറുകയാണു്, ലേഖകന്‍. വിജുവിന്റെ ലേഖനത്തിന്റെ ഗുണഫലം ആര്‍ക്കാണ് എന്ന് ചില വായനക്കാരെങ്കിലും ചിന്തിച്ചു പോകും.

ഈ മാധ്യമം ലേഖനത്തെ പിന്‍പറ്റി വെള്ളെഴുത്ത് എഴുതിയ ലേഖനത്തിലും പാഠപുസ്തകത്തിന്റെ മസ്തിഷ്ക നിര്‍മ്മാതാവിനെ കുറിച്ചു് അകാരണമെന്നു് വിശേഷിപ്പിക്കാവുന്ന ഭയം ദൃശ്യമാണു്. കാണാമറയത്തിരിക്കുന്ന വരട്ടുവാദക്കാരനാണു് പാഠപുസ്തകത്തിലെ ഉള്ളടക്കം തീരുമാനിക്കുക എന്ന തീര്‍പ്പാണു് ലേഖകനു്. എന്നാല്‍ ആ വരട്ടുവാദക്കാരന്‍ കാണാന്‍ എങ്ങനെയുണ്ടെന്നോ അവന്‍ തിരുത്തിയെഴുതിയ പാഠഭാഗങ്ങള്‍ എങ്ങനെ സമൂഹവിരുദ്ധമാകുന്നുവെന്നോ ചൂണ്ടിക്കാണിക്കാന്‍ ലേഖകനു് സാവകാശമില്ല. വരികള്‍ക്കിടയില്‍ ഗുപ്തമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ പ്രതിലോമകരമാകുന്നതെങ്ങനെയെന്നെങ്കിലും ലേഖകനോ അദ്ദേഹത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവരോ പറഞ്ഞുതരുമെന്ന പ്രതീക്ഷയും വേണ്ട.

കള്ളന്‍ കയറാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിന്റെയൊപ്പം, കള്ളന്‍ കയറിയതെങ്ങനെ എന്നും കൂടി നമുക്കറിയേണ്ടതുണ്ടു്. കയറാന്‍ പോകുന്ന കള്ളനെ പ്രതിരോധിക്കാന്‍ അവന്റെ മോഡ് ഓഫ് ഒപ്പറാണ്ടി അറിയേണ്ടതുണ്ടു്. അതു് അറിയാമെന്നു് പറയുന്നവര്‍ അതൊന്നു വിശദീകരിച്ചു തരികയെങ്കിലും വേണ്ടേ? ബദല്‍ നിര്‍ദ്ദേശിക്കണമെന്നൊന്നും നിര്‍ബന്ധമില്ലല്ലോ സാര്‍.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ വ്യക്തത കുറയുന്നതും കപടഭാഷയില്‍ വാചകങ്ങളെ പൊതിയുന്നതും മനപ്പൂര്‍വ്വമായിരിക്കില്ല. നെടുനാളത്തെ അദ്ധ്യാപന പരിചയം അത്തരം വാക്കുകളെ നിത്യസംഭാഷണത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടാകാം. അതേ വാക്കുകളുടെ സ്വഭാവം കടമെടുത്തു് മറുപടി എഴുതിയാല്‍ എങ്ങനെയുണ്ടാവും?

ജ്ഞാന നിര്‍മ്മിതിയുടെ പന്ഥാവുകളിലെങ്ങോ ഒളിച്ചിരിക്കുന്ന നിര്‍മ്മാതാവ് പുതു സ്വാതന്ത്രത്തിന്റെ പരപുരുഷനാണോ, അതോ വര്‍ഗസമീപനരാഷ്ട്രീയത്തിന്റെ ഉപകര്‍ത്താവാണോ എന്ന സന്ദേഹം, അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലുയരുക സ്വാഭാവികമാണ്. അരമനകള്‍ വര്‍ഗസമീപനമെന്നും, അധിനിവേശവിരുദ്ധര്‍ പുത്തന്‍ സ്വാതന്ത്ര്യം എന്നും ഒരേ പാഠത്തെ ദര്‍ശിക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം പ്രജ്ഞയുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ സര്‍വതലസ്പര്‍ശിയായ ഒരപഗ്രഥനത്തിന് വിഷയീഭവിക്കുന്നില്ല.

‘പരിഷത്തൊഴികെ എല്ലാവരും ഉപേക്ഷിച്ച വിശ്വമാനവികത’, ലോബിയിംഗ് വരുത്തിയേക്കാവുന്ന അപകടസാധ്യകള്‍, ആഗോളവത്ക്കരണം, നവലിബറലിസം, തുടങ്ങിയ പ്രയോഗങ്ങള്‍ വെള്ളെഴുത്തിന്റെ കട്ടിക്കണ്ണടയ്ക്കു് മാറ്റുകൂട്ടുന്നു. സൂക്ഷ്മ വായനയില്‍ ലേഖനം ഉദ്ദേശിക്കുന്നത് ഒരു നിലപാടല്ല മറിച്ച് ‘സെക്കുലറായ ഒരു മൂന്നാം കണ്ണ്’ മാത്രമാണെന്നു് ബോധ്യമാവുന്നു. “ഒന്നു ചിന്തിച്ചാലെന്താ” എന്ന പഴയ ചോദ്യവും “ചിന്തിച്ചില്ലെങ്കിലെന്താ” എന്ന പിന്നത്തെ ചോദ്യവും വായനക്കാരനെ അലട്ടുന്നതു്, ഇവ രണ്ടും അപ്രത്യക്ഷമായതിനു് ശേഷമാണല്ലോ എന്നു് അപ്പോള്‍ നാമോര്‍ക്കുന്നു. ഇതിനെയാണോ സാര്‍, “ബട്ടര്‍ഫ്ളൈ ഇഫക്ട്” എന്നു് പറയുന്നതു് ? ഉത്തരവാദിത്വമില്ലാതെ ഭയം പങ്കു വയ്ക്കുന്നതു് ആരെ സഹായിക്കാനാണു് സാര്‍?

പരമേശ്വരന്റെ തൃക്കണ്ണുപോലെ, ഐതിഹ്യത്തിലുറയ്ക്കുന്ന ആ മൂന്നാംകണ്ണില്‍ എരിഞ്ഞടങ്ങുന്ന കാമന്‍ ജ്ഞാനോത്പാദനമല്ലെന്നു് പ്രതീക്ഷിക്കാം.രണ്ടു ലേഖനവും വായിച്ചു് മുന്നില്‍ വരുന്ന ‘അപകടത്തെ’ കണ്ട് ഉള്ളുകിടുങ്ങിയിരിക്കുന്നവര്‍ക്കും വിജുവും വെള്ളെഴുത്തും പങ്കുവെക്കുന്ന ഭയം അസ്ഥാനത്താണോ എന്നറിയാതെയും ആ ഭയത്തിനു സാംഗത്യം ഉണ്ടായിരിക്കുകയും അതേസമയം അതിനെക്കുറിച്ച് ബോധവാന്മാരാകാതിരിക്കുകയും ചെയ്താലുള്ള അപകടത്തെ കുറിച്ചോര്‍ത്തും കുഴങ്ങുന്നവര്‍ക്കും, പരസ്യമായി, ലളിതമായി കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ ഒരു വേദി വേണ്ടതല്ലേ?

മൊത്തം പാഠപുസ്തക പരിഷ്കരണത്തിന്റെ പിന്നില്‍ അദൃശ്യനായ ഒരു പാഠപുസ്തകനിര്‍മ്മാതാവ് നടത്തുന്ന നവലിബറലിസത്തിന്റെ ഒരു ഹിഡന്‍ അജണ്ടയുണ്ടോ?

ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്‍മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍ കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്നു രണ്ട് ലേഖകരും സ്ഥാപിക്കുമ്പോള്‍, നിലവിലിക്കുന്ന ഒരു വ്യവസ്ഥയുടെയും സ്വാധീനമില്ലാതെ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വഴി എന്താണു് ?

ലളിതമായി ചോദിച്ചാല്‍, ആരാണ് പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കേണ്ടത്? ആരില്‍ നിന്നാണ് അതിനുളള അനുവാദം വാങ്ങേണ്ടത്?

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up
into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason
has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action—
Into that heaven of freedom, my Father, let my country awake.

Advertisements

Read Full Post »