Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Posts Tagged ‘തറവാടിക്ക് മറുപടി’

പാഠപുസ്തകവിവാദത്തിന്റെ പശ്ചാത്തലത്തില്‍ തറവാടി എന്ന ബ്ലോഗര്‍ ഇട്ട ഈ പോസ്റ്റിനുള്ള മറുപടിയാണിത്.

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചില യുക്തികള്‍ നിരത്തുകയും പാഠപുസ്തകം പിന്‍ വലിക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നതാണ് തറവാടിയുടെ പോസ്റ്റ്. പാഠഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക : – ന്ന്, രണ്ട്, മൂന്ന്, നാല് .

തറവാടി ഉന്നയിക്കുന്ന യുക്തികള്‍ – പോയിന്റ് നമ്പര്‍ സഹിതം – ഐറ്റലിക്സില്‍ താഴെകൊടുക്കുന്നു.  ഒപ്പം താഴെ ആ വാദത്തിനുള്ള മറുപടിയും . (ചില പോയിന്റുകള്‍ തീരെ അപ്രസക്തമായതിനാല്‍ മറുപടി ചേര്‍ത്തിട്ടില്ല.)

1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.

ദൈവവിശ്വാസികളല്ല എല്ലാവരെക്കൊണ്ടും ദൈവത്തില്‍ വിശ്വസിപ്പിച്ചേ അടങ്ങൂ എന്നു കരുതുന്ന നിര്‍ബന്ധ ബുദ്ധിക്കാരുണ്ട്. അവര്‍ തീര്‍ച്ചയായും സാമൂഹിക പുരോഗമനത്തിനെതിരാണ്. അങ്ങനെയുള്ളവരാണ് ബ്രൂണോയെ ചുട്ട് കൊന്നതും.

2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

ഇല്ലാതാവാണ്ടേത് മതാന്ധതയാണ്, ദൈവവിശ്വാസമല്ല.

3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് ‘സ്വാര്‍ത്ഥതയാണ് ‘ 😉
[കടപ്പാട്: ഡോക്കിന്‍സ്.]

4. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.

മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കിട്ടുന്ന ഏതറിവും ആഴത്തില്‍ പതിയുന്നു. അതു പാഠപുസ്തകത്തിനുമാത്രമായുള്ള ക്വാളിറ്റിയല്ല; മതഗ്രന്ഥം മുതല്‍ രതിവര്‍ണ്ണനാ പുസ്തകം വരെ എന്തും നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നവതന്നെ.നാം സാധാരണ പ്രായമെത്താത്ത കാലത്ത് വായിക്കുന്ന/വായിച്ചിരുന്ന ഡിങ്കനും മായാവിയും വിക്കിയും വരെ നമ്മുടെ ഉള്ളില്‍ സൂപ്പര്‍ ഹീറോ വാഞ്ച്ഛകള്‍ ഉണ്ടാക്കാന്‍ ഉതകുന്നുണ്ട്.
എന്നാല്‍ അതിനൊക്കെയപ്പുറമാണ് ഈ അറിവുകള്‍ പ്രോസസ് ചെയ്യാനുള്ള മനസ്സിന്റെ കഴിവ്. ആ കഴിവിനെ പ്രധാനമായും സ്വാധീനിക്കുക കുട്ടി വളരുന്ന സാംസ്കാരികവും ബൌദ്ധികവുമായ പരിസരം തന്നെയാണ്. (ഹോവാഡ് ഗാര്‍ഡനര്‍ )
പാഠപുസ്തകം റേഷന്‍ കാര്‍ഡോ മാര്‍ക്ക് ബുക്കോ പോലൊരു നിര്‍ജ്ജീവ സാധനമല്ലല്ലൊ. അതിലെ ഉള്ളടക്കം ചലനാത്മകമാകുന്നത് അതു ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ്. ആ ചര്‍ച്ചകളില്‍ നിന്നുമുതിരുന്ന  മൂല്യങ്ങളും നമ്മില്‍ വേരുറപ്പിക്കുന്നുമുണ്ട്.  കള്ളം പറയുമ്പോള്‍, കോപ്പിയടിക്കുമ്പോള്‍ , മോഷ്ടിക്കുമ്പോള്‍ , അരുത് എന്നു സമൂഹം വിലക്കുന്നത് ചെയ്യുമ്പോള്‍ ഒക്കെ ഉണരുന്ന ആ ‘മന:സാക്ഷി’ ഈ പ്രായത്തില്‍ ഇഞ്ചക്റ്റ് ചെയ്യപ്പെടുന്ന സദാചാര മൂല്യങ്ങളുടെ ഉള്‍വിളിയാണ്. അതു പാഠപുസ്തകത്തില്‍ നിന്നുമാത്രമല്ല കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം മനസു കണ്ടെടുക്കുന്ന സാമൂഹികാതിജീവന ടെക്നിക്കുകളില്‍ ഒന്നാണ്.

5. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.

തെറ്റ്. കുട്ടിയുമായി ഏറ്റവും കൂടുതല്‍ സമയം ഇടപഴകുന്നവര്‍ ആരോ അവരാണ് പ്രധാന സ്വാധീനം ചെലുത്തുക. സാധാരണ ഇത് മാതാപിതാക്കള്‍ തന്നെയാണ്. മിക്കപ്പോഴും അതിനു ജനിതകമായ ഒരു അടിസ്ഥാനവുമുണ്ട്. കുട്ടിയുടെ മനസില്‍  ജെന്‍ഡര്‍ റോള് നിര്‍വചിക്കപ്പെടുന്നതിനും വളരെ മുന്‍പ് തന്നെ അവന്‍/അവള്‍ മാതാവിനെയോ പിതാവിനെയോ അനുകരിക്കുന്നുണ്ട് – അബോധതലത്തില്‍. ആ സ്വാധീനം ജനിതകം കൂടിയായാല്‍ അതിനെ മറികടക്കാന്‍ മറ്റൊന്നിനുമാവുകയുമില്ല.
മതവിശ്വാസമില്ലാത്തവര്‍ പോലും മാതാപിതാക്കളുടെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും മറ്റും ഈ അബോധ വൈകാരിക ബന്ധമുള്ളതുകൊണ്ടാണ്. (മത വിശ്വാസവും ജനിതകമായ ചില തെരഞ്ഞെടുപ്പുകളുടെ ഭാഗമാകാം എന്ന് ഗ്രീന്‍ ബിയേഡ് ഇഫക്റ്റ് ഉദ്ധരിച്ചു കൊണ്ട് ഡോക്കിന്‍സ് പറയുന്നു – എക്സ്റ്റെന്റഡ് ഫീനൊ ടൈപ്പ്)

6. ഏഴാം ക്ലാസ്സിലെ ജീവന്‍ എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.

മതമില്ലെങ്കിലും ജീവിക്കാം എന്നതല്ല ആ പാഠ ഭാഗം ലക്ഷ്യമാക്കുന്ന സന്ദേശം. ഏതെങ്കിലും വ്യവസ്ഥാപിതമായ മതാചാരപ്രകാരം ജീവിക്കേണ്ടത് ഒരു അനിവാര്യതയല്ല, അങ്ങനെയല്ലാതെയും  ജീവിക്കാം  എന്നാണ്.  പേരില്‍ മതം ഉണ്ടെങ്കിലും മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും മതാചാരപ്രകാരമുള്ള ഒരു ജീവിതം നയിക്കാത്ത എത്രയോ ആളുകളുണ്ട്. അയഞ്ഞ ഒരു ആത്മീയത ഉണ്ടെന്നതിനപ്പുറം ഇന്നയിന്ന രീതികളിലേ പ്രാര്‍ത്ഥിക്കാവൂ, ഇന്നയിന്ന രീതിയിലെ ദൈവ സങ്കല്പമേ സാധുവായിട്ടുള്ളൂ എന്നൊക്കെ കരുതാത്ത എത്രയോ സാമൂഹിക സാംസ്കാരിക പരിവര്‍ത്തകരും നമുക്കുണ്ട് എന്നോര്‍ക്കുക.
മറ്റൊന്ന്,  ക്രിസ്ത്യാനികള്‍ എല്ലാ ഞായറാഴ്ചയും സണ്‍ ഡേ സ്കൂളിലും അവധിക്കാലത്ത്‌ സമ്മര്‍ ക്ലാസിലും ന്യൂനപക്ഷാവകാശമുള്ള വിദ്യാലയങ്ങളില്‍ എല്ലാ ആഴ്ചയിലും വേദപാഠവും സന്മാര്‍ഗ്ഗവും ഒക്കെ പഠിക്കുന്നു. മുസ്ലിം കുട്ടികളാകട്ടേ ദിവസവും മദ്രസാ പഠനവും നടത്തുന്നു. ഇവരെയൊക്കെ മതം ആവശ്യമില്ലാത്തവരാക്കാന്‍  ‘മതമില്ലാത്ത ജീവന്‍’ പര്യാപ്തമാണോ ?

7. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാ‍ക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.

ദൈവം ഇല്ല എന്ന് പാഠഭാഗം പറയുന്നേയില്ലല്ലൊ. ദൈവവിശ്വാസികളായ മാതാപിതാക്കളുമായി പിന്നെങ്ങനെ കുട്ടിയുടെ ആശയം സംഘട്ടത്തിലാവും ? ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?

8. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്‍‌റ്റെ ആവശ്യമില്ലല്ലോ.

ദൈവവിശ്വാസം = മതം എന്ന കടുമ്പിടിത്തത്തില്‍ നിന്നാണ് ഈ വാദം. ദൈവവിശ്വാസത്തെക്കുറിച്ച് എവിടെയാണ് പ്രസ്തുത പാഠഭാഗത്ത് പറയുന്നത് ?
മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്ത് പറയുന്നത്  : ” മനുഷ്യ സ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെപെരുമാറണമെന്ന് വിവക്ഷിച്ചിരിക്കുന്നത് നോക്കുക: ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക :” ഇതിനു ശേഷം പ്രധാനമതങ്ങളില്‍ നിന്നൊക്കെ സഹിഷ്ണുതയുടെ ആശയം വിളംബരം ചെയ്യുന്ന സൂക്തങ്ങള്‍ കൊടുത്തിരിക്കുന്നു.
അതിനു താഴെ വിവിധ മതസ്ഥര്‍ ഒന്നിച്ച് കൂടുന്ന ആഘോഷങ്ങള്‍ പട്ടികയാക്കാനുള്ള എക്സര്‍സൈസ് കൊടുത്തിരിക്കുന്നു.സ്വന്തം വിശ്വാസത്തെപ്പോലെ അന്യരുടെ വിശ്വാസത്തെയും ആദരിക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുവാനുമൊക്കെയുള്ള ഉപദേശങ്ങളുമുണ്ട്.

9. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്

ഈ മാതാപിതാക്കള്‍ എന്നു പറയുന്നവര്‍ സാമൂഹിക ജീവികള്‍ തന്നെയല്ലേ?  സമൂഹത്തില്‍ നിന്നും ഒറ്റതിരിഞ്ഞ് സ്വയം ദ്വീപുകളായിട്ടല്ലല്ലോ ആരും ജീവിക്കുന്നത്.  സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാതാപിതാക്കള്‍ക്ക് മക്കളെ ഡോക്ടറാക്കാം സോഫ്റ്റ് വേര്‍ എഞ്ചിനിയറാക്കാം, ഐ.ഏ.എസുകാരനും പോലീസുകാരനും വരെയാക്കാമെങ്കില്‍ പിന്നെ  പരസ്പര സ്നേഹം പുലര്‍ത്തുന്ന മതവിശ്വാസിയോ,  അന്യ വിശ്വാസങ്ങളെ ആദരിക്കുന്ന ജനാധിപത്യ ബോധമുള്ള പൌരനോ പൌരിയോ ആക്കാന്‍ പാടില്ല എന്നില്ലല്ലോ.
ഇനി, മാതാപിതാക്കള്‍ക്ക് അത്രകണ്ട് ആധിയുണ്ടെങ്കില്‍ കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടിവരും. അതാകുമ്പോള്‍ സമൂഹത്തിന്റെ തിന്മകളൊന്നും കുട്ടിയിലേക്ക് പകരാതെ നോക്കാം 🙂

10. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.
11. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത /ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.
12. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത /ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
13. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

അങ്ങനെയാണെങ്കില്‍ ഹിന്ദു മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള സമൂഹത്തില്‍  മുസ്ലീമിനും മുസ്ലീമിനു ഭൂരിപക്ഷമുള്ള സമൂഹത്തില്‍ ഹിന്ദുവിനും ആത്മവിശ്വാസക്കുറവുണ്ടാകും എന്നും ഒരു extended logic ഉണ്ട് എന്നു സമ്മതിക്കേണ്ടിവരും.
അപ്പോള്‍ മുസ്ലീം ഭൂരിപക്ഷരാജ്യത്ത്  ഒരു പാഠപുസ്തകത്തില്‍ ഹിന്ദുമതത്തെ പരിചയപ്പെടുത്തുമ്പോഴും ഹൈന്ദവഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോഴും ഇതേ യുക്തി പ്രയോഗിക്കണം. അപ്പോള്‍ നാട്ടുകാരുടെ ഭൂരിപക്ഷ വിശ്വാസം മാത്രമേ പാഠപുസ്തകത്തില്‍ അച്ചടിക്കപ്പെടാന്‍ അര്‍ഹത നേടാവൂ എന്നും മറ്റൊരു (കു)യുക്തി  കൂടി പുറകേ വരും !

ഹിന്ദുവിന്റെ ആചാരങ്ങളില്‍ ബിംബാരാധന അതിപ്രധാനം. ഇസ്ലാമാണെങ്കില്‍ ബിംബാരാധനയെ കഠിനമായി വെറുക്കുന്നു. ഹിന്ദു ബഹുദൈവ ആരാധകന്‍. ഇസ്ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ക്രൈസ്തവര്‍ക്ക് പരിശുദ്ധ ത്രിത്വത്തിലൊന്ന് കര്‍ത്താവായ യേശുവാണ്‍. ഇസ്ലാമാണെങ്കില്‍ യേശുവിനെ മനുഷ്യനായ പ്രവാചകന്‍ മാത്രമായി കാണുന്നു. സിഖ് മതത്തിനാകട്ടെ മുഹമ്മദ് അന്ത്യപ്രവാചകനോ ഖുര്‍ ആന്‍ ദൈവ വചനമോ അല്ല. ബൌദ്ധനാകട്ടെ രൂപാരൂപങ്ങള്‍ ഉള്ള ഈശ്വരസങ്കല്പം കമ്മി. പാഴ്സിക്ക് അതിലും വ്യത്യസ്ഥമായ വേറെ ചില വ്യത്യാസങ്ങള്‍….ലിസ്റ്റ് നീണ്ടു നീണ്ടു പോകും.

അടിസ്ഥാനമേഖലകളില്‍ തന്നെ ഇങ്ങനെയുള്ള കടുത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും  ഈ മതങ്ങളെ നാം ചരിത്രപാഠങ്ങളിലും സാമൂഹ്യപാഠങ്ങളിലും പരിചയപ്പെടുത്തുന്നില്ലേ ?
വീട്ടില്‍ വന്ന് “ അച്ഛാ/ഉപ്പാ/ഡാഡീ, നമ്മളെന്താ ഇങ്ങനെ, അയല്പക്കത്തെ ‌‌‌കുട്ടികളായ  A ഉം B ഉം അങ്ങനെയല്ലല്ലൊ” എന്ന് മകനോ മകളോ ചോദിക്കുമ്പോള്‍ നാം എന്താണ് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത് ? നമ്മുടെ വിശ്വാസത്തിന്റെ മഹത്വമല്ലേ ? അല്ലാതെ അയല്പക്കത്തെ Aയുടെയും  Bയുടേയും വിശ്വാസത്തിന്റെ മേന്മയല്ലല്ലോ.
അവിടെയൊക്കെ കുട്ടിക്ക് എന്ത് ആശയ സംഘട്ടനമാണ് ഉണ്ടാവുന്നത് ?

താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട്ടനം മൂലം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ച് കുട്ടികള്‍ മറ്റൊന്നിലേക്ക് ചേക്കേറാറുണ്ടോ ?

14. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം:
എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

എങ്ങനെ അനുകൂലമായി തോന്നുന്നില്ല എന്നു പാഠഭാഗം വായിച്ചിട്ട് മൂര്‍ത്തമായും യുക്തിഭദ്രമായും പറയൂ.

15. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.
16. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.
17. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്വയം ഖണ്ഡിക്കുന്ന വാദഗതിയാണല്ലോ ഇത്. (തറവാടിയുടെ പോയിന്റ് നമ്പര്‍ 6-ഉം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക)
“കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്നു കരുതുന്നില്ല”, “വിവാദ പാഠഭാഗം മത നിഷേധമായും തോന്നുന്നില്ല”. പിന്നെ  ഇതിനു കുട്ടികളെ കമ്മ്യൂണിസ്റ്റാക്കാനുള്ള ഉദ്ദേശ്യമുണ്ട് എന്ന് തോന്നിയതെങ്ങനെ ?

ഇനി അങ്ങനൊരു ഉദ്ദേശ്യമുണ്ടെങ്കില്‍ തന്നെ അതു സംഭവിക്കില്ലാ എന്ന് പോയിന്റ് നമ്പര്‍ 15-ല്‍ പറയുന്നു. പിന്നെന്തിനാണ് പുസ്തകം പിന്‍വലിക്കേണ്ടത് ?

20. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.

21. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്‍‌റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.

ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍‌റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.

വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്‍‌റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.
നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആ പ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്’ പഠിപ്പിക്കുന്നതും ‘ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.

ഒന്നാമത്, മുകളില്‍ പറഞ്ഞ പോലെ ആ പാഠഭാഗത്ത്  പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ഒന്നും ഇല്ല.  ഇനി ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ആ ലോജിക്ക് അനുസരിച്ച് പഠിപ്പിക്കാന്‍ പാടില്ല എന്നു പറയാവുന്ന സംഗതികളുടെ ലിസ്റ്റ് ഉണ്ടാക്കിയാല്‍ അതു വളരെ നീണ്ടതായിരിക്കും.
ഉദാഹരണത്തിനു:
പരിണാമസിദ്ധാന്തം, പൊതു ആപേക്ഷികതാ സിദ്ധാന്തവും അതിന്റെ ഉല്പന്നമായ ബിഗ് ബാംഗ് മോഡലും, ആര്‍ക്കിയോളജി, പേയ്ലിയന്റോളജി… പിന്നെ, മെഡിസിനില്‍ ആണെങ്കില്‍  സന്താനോല്പാദന/ഗര്‍ഭധാരണ-ശാസ്ത്രം,  ഗര്‍ഭ നിരോധനം, അബോര്‍ഷന്‍, സ്വവര്‍ഗ്ഗ രതിയുടെ മനശാസ്ത്രം, ഭ്രൂണശാസ്ത്രം….അങ്ങനെയങ്ങനെ…(പുഷ്പഗിരി മെഡിക്കല്‍ കൊളെജില്‍ അച്ചന്മാരുടെ ആശയപരമായ വിയോജിപ്പു മൂലം കുട്ടികളെ ഫാമിലി പ്ലാനിംഗ് ക്ലാസുകള്‍ക്കായി മറ്റൊരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നുണ്ട് !)

പിന്നെ ഈ ലിസ്റ്റില്‍ ഭൂരിപക്ഷം വരുന്ന നാട്ടുകാരുടെ മതവിശ്വാസമൊഴിച്ച് മറ്റൊന്നും മിണ്ടരുത് എന്നൊരു ലൈനും സ്വീകരിക്കാവുന്നതാണ്.
അതായത് തറവാടിയുടെ വാദം തിരിച്ചിട്ടാല്‍ ,
ഇന്ത്യയില്‍ 84 % വരുന്ന ഹിന്ദുക്കളുടെ ‘വികാരം’ കണക്കിലെടുത്ത് ഇസ്ലാമിനെക്കുറിച്ച്  പാഠപുസ്തകങ്ങള്‍ മിണ്ടരുത് എന്നു നിര്‍ബന്ധം പിടിക്കാം. അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റുകാര്‍, പാകിസ്ഥാനിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇസ്ലാം, ഇസ്രായേലില്‍ യഹൂദമതം അങ്ങനെയങ്ങനെ ഭൂരിപക്ഷത്തിന്റെ ‘വികാരം’ കണക്കിലെടുത്ത് മറ്റു വിശ്വാസങ്ങളെ പൂര്‍ണ്ണമായും തമസ്കരിക്കാം. ഓരോ വിശ്വാസവും അടിസ്ഥാനപരമായി  നോക്കുമ്പോള്‍ മറ്റൊന്നിന് എതിരാണ് എന്നു ന്യായവും പറയാം. ദൈവവിശ്വാസത്തിനെതിരാണ് മതേതര ചിന്ത എങ്കില്‍. എങ്ങനെയുണ്ടാവും ?

23. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.
24. എന്തുകൊണ്ട്?
ഉത്തരം : എന്‍‌റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.
..

അങ്ങനെയാണെങ്കില്‍ നേരത്തേ പറഞ്ഞപോലെ മതവിശ്വാസികള്‍ പരിണാമസിദ്ധാന്തം മുതല്‍  ആ‍ര്‍ക്കിയോളജിയും ഭ്രൂണശാസ്ത്രവും ജെനറ്റിക്സും പ്രപഞ്ചോത്ഭവസിദ്ധാന്തവും  വരെയുള്ള ഒന്നും മക്കളെ പഠിപ്പിക്കരുത് എന്നു തീരുമാനിക്കുന്നതാവും നല്ലത്. ശാസ്ത്രത്തിന്റെ നല്ലൊരു ശതമാനവും മതത്തിന്റെ കല്പനകളെ നിരാകരിക്കുന്നവയാണ്.

…ഒരു സം‌ശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സം‌ശയം ജനിപ്പിക്കുന്നു. ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്‍‌റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം പാഠപുസ്തകം പിന്‍വലിക്കണം എന്ന് നിര്‍ബന്ധബുദ്ധികാട്ടുന്നത് ആരാണ് ?

ഇഷ്ടമില്ലാത്തതിനെ റോഡിലിട്ട് ചുട്ടുകളയുന്ന കാടത്തം കാട്ടിയവര്‍ ഇന്ന് പാഠപുസ്തകമ് ചുട്ടാല്‍ നാളെ അന്യമതസ്ഥന്റെ വിശുദ്ധ ഗ്രന്ഥം ചുടും, പിന്നെ അന്യമതസ്ഥന്റെ സാംസ്കാരിക എടുപ്പുകളെ തകര്‍ക്കും ഒടുവില്‍ അന്യമതസ്ഥനെ തന്നെ ചുടും. ആ താലിബാനിസം അനധിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ താളുകളില്‍ നിന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ട്.

…മതത്തില്‍‌ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,ഈ അധ്യായം ദോഷകരമല്ലെങ്കിലും, പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍‌ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്‍‌റ്റെ അഭിപ്രായം.

മതങ്ങള്‍ തമ്മിലുള്ള ഐക്യം ഉണ്ടാവേണ്ടതിനെക്കുറിച്ചും മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ പറയുന്ന പാഠഭാഗത്ത് 4 പേജുകളില്‍ ഉള്ളത്. സമൂഹത്തില്‍ മതമേയില്ല എന്ന് ഒരിറ്റത്തും വ്യംഗ്യമായി പോലും പറഞ്ഞിട്ടുമില്ല. മതമില്ലാത്ത മനുഷ്യരും സമൂഹത്തിലുണ്ടെന്ന് പറയുന്നുണ്ട്. അത്രതന്നെ.  അതൊന്നും വായിക്കുക പോലും ചെയ്യാതെയാണീ ആരോപണം എന്നതു വ്യക്തം.

Advertisements

Read Full Post »