പുസ്തകം അംഗീകരിച്ച കമ്മിറ്റിയില്‍ പങ്കെടുത്തു: യുഡിഎഫ് സംഘടനാ നേതാക്കള്‍
തിരു: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം അംഗീകരിക്കാന്‍ എറണാകുളത്തു ഫെബ്രുവരി 25ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് കോഗ്രസിന്റെയും മുസ്ളീംലീഗിന്റെയും അധ്യാപകസംഘടനാ നേതാക്കള്‍ സമ്മതിച്ചു.
കരിക്കുലം കമ്മിറ്റി അംഗങ്ങളായ കെഎസ്ടിയു പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ്, ജിഎസ്ടിയു പ്രസിഡന്റ് കെ വേലായുധന്, മുന്‍ കരിക്കുലം കമ്മിറ്റിയംഗം കെ വിക്രമന്‍നായര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സില്‍ ഒപ്പിട്ടിരിക്കുന്നതും തങ്ങളാണ്. എന്നാല്‍, സാമൂഹ്യശാസ്ത്ര പുസ്തകം അന്ന് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ വായിച്ചത് പിന്നീട് സ്കൂള്‍ക്കുട്ടികളില്‍ നിന്നാണ്. 1,3,5,7 ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് അന്ന് കമ്മിറ്റിക്കു മുന്നില്‍വന്നത്. പുസ്തകപരിശോധന നടത്തിയത് ഡോ.കെ എന്‍ ഗണേഷാണ്. പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ജൂണ്‍ അഞ്ചിന് നടന്ന യോഗത്തിലും പ്രതിഷേധം അറിയിച്ചു. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ഭാരവാഹിത്വം ഒഴിയാന്‍ സംഘടനയില്‍നിന്ന് ആവശ്യം ഉയര്‍ന്നാല്‍ അപ്പോള്‍ അഭിപ്രായം പറയുമെന്ന് ചെറിയമുഹമ്മദും വേലായുധനും പറഞ്ഞു.ഇപ്പോഴത്തെ വിവാദത്തില്‍ തങ്ങളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, രണ്ടുദിവസം നടന്ന സബ്ജക്ട് കമ്മിറ്റി തുടങ്ങിയവയിലെല്ലാം ഈ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങള്‍ തമിഴ്, കന്നട ഭാഷകളിലേക്ക് തര്ജമചെയ്യാനുള്ള തീരുമാനത്തിലും ഇവര്‍ പങ്കാളികളായിരുന്നു.