Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘പ്രത്യക്ഷരക്ഷാ സഭ’ Category

ആദ്യം തന്നെ ഒരു പോയിന്റ് ഞാന്‍ പറഞോട്ടേ,പഴയ പുസ്തകം ഒരു വര്‍ഷത്തേക്കുള്ളതും പുതിയത് ഒരു ടേമിലേക്കുള്ളതുമാണ് എന്നത് താരതമ്യത്തെ ദുഷ്ക്കരമാക്കുന്നു.എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.

രണ്ടാം പേജില്‍ പ്രതിജ്ഞയും ഒരു കൊളാഷ് പോലെ ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു.പ്രതിജ്ഞയെ വളരെ വ്യക്തമായി കോണ്ട്രാഡിക്റ്റ് ചെയ്യുന്ന ആധുനികകാലത്തെ ഒരു പത്രവാര്‍ത്ത(ദേശാഭിമാനി?)

തമിഴ്നാട്ടിലെ മധുരയിലൂടെ ഉള്ള യാത്രയില്‍ ഇത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അത് പാഠപുസ്തകത്തിലാക്കുന്നതില്‍ ദുഷ്ടലാക്കുണ്ട് എന്ന് ആരോപിച്ചാല്‍ അതില്‍ തെറ്റില്ല.കാരണം മുന്നോട്ട് പറയുന്നത് കേരളത്തിലെ സാമൂഹികാന്തരീക്ഷമാണ്.അതിനിടയിലേക്ക് മഹാരാഷ്ട്രയിലെ ഒരു സംഭവം വലിച്ചിടുന്നത് ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 48ലെ ലൈനിനെ കുട്ടികളുടെ മനസിലേക്ക് എത്താനാണെന്ന് ആരോപിക്കപ്പെട്ടേക്കാം.(ബ്രിട്ടീഷ് ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ അഭികാമ്യം എന്ന ചോദ്യത്തിലും ഈ പ്രശ്നമുണ്ട്).

അടുത്ത മൂന്ന് പേജുകളില്‍ പറയുന്ന പഴയകാലത്തെ ജാത്യാവസ്ഥയും ആധുനികകാലത്ത് അതിന്റെ എന്തെങ്കിലും അംശങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നെ പരിശോധനയും അര്‍ത്ഥവത്താണ്.അതില്‍ ദേവകി നിലയങ്ങോടിന്റെ ലേഖനഭാഗം ഹൃദയസ്പൃക്കും സത്യസന്ധവുമായി തോന്നി.

അടുത്ത 3 പേജുകളില്‍ വരുന്ന കാര്യങ്ങളില്‍ പ്രത്യക്ഷരക്ഷദൈവസഭയുടെ‍‍ രൂപീകരണത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന ഭാഗത്ത് ക്രൈസ്തവസഭകള്‍ക്ക് പ്രതിഷേധം ഉണ്ടാകാമെങ്കിലും ഇത് പരക്കെ അറിയപ്പെടുന്ന സത്യമാണ്.പറയന്‍ ഇത്താപ്പിരി എന്ന വയലാര്‍ കവിത ഓര്‍ക്കുക.മതവിഭാഗങ്ങള്‍ക്കിടയില്‍ ജാതീയമായ ചേരിതിരിവ് ഉണ്ടെന്ന വസ്തുത ചര്‍ച്ച ചെയ്യപ്പെടുന്നത് സഭയ്ക്ക് അലോസരമാണ്.

ഇനി ഏറ്റവും വിവാദമുണ്ടാക്കുന്ന ജീവന്റെ മതത്തിലേക്ക് വരാം.ഈ പുസ്തകത്തിലെ ഏറ്റവും സുന്ദരമായ ഭാഗം.ജീവന്‍ എന്ന പേര്‍ പോലും മനോഹരമായ ആ സാഹചര്യത്തിനിണങ്ങും.അല്ലെങ്കില്‍ ബഷീര്‍ പറഞ്ഞ പോലെ പുരുഷന്‍ എന്നോ വനിതയെന്നോ ആകാശ മുട്ടായി എന്നോ പേരിടണമായിരുന്നു(പ്രേമലേഖനം).ഒരിക്കലും ഈ ഭാഗം മാറ്റുന്നതിനെ അനുകൂലിക്കനാവില്ല.

നമ്മുടെ സര്‍ക്കറുകള്‍ ഗ്രാന്റ് നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് മിശ്രവിവാഹം.ഒരു പക്ഷെ മതത്തിന്റെ രാവണന്‍ കോട്ടകള്‍ എറ്റവും ഭംഗിയായി തകര്‍ക്കാന്‍ കഴിയുക മിശ്രവിവാഹത്തിനായിരിക്കും.ഒരു പുരോഗമന മതേതര സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ട ഒന്ന് ആണ് അത്.നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതിലുകള്‍ തകര്‍ക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്.അതറിഞ്ഞു തന്നെയാണ് ഗ്രാന്റ് നല്‍കിയും മക്കള്‍ക്ക് സംവരണം നല്‍കിയും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത്.

ഓരോ വ്യക്തിക്കും തന്റെ മതം പിന്തുടരാനുള്ള അവകാശം ആ വ്യക്തിയുടെ മൌലിക അവകാശമാണ്.അത് ആ മതത്തിന്റെ അവകാശമാണ് എന്ന മതങ്ങളുടെ വാദം നിലനില്‍ക്കുന്നതല്ല.മതം എന്ന വ്യവസ്ഥിതി നിലനിര്‍ത്തേണ്ടത് സര്‍ക്കരുകളുടെ കടമയല്ല.ആത്മശോഷണത്തിലൂടെ മതങ്ങള്‍ സ്വയം തകരുമ്പോള്‍ താങ്ങാനുള്ള ബാധ്യത തിയോക്രറ്റിക്ക് അല്ലാത്ത നമ്മുടെ ഭരണവ്യവസ്ഥിതിക്കില്ല.

പക്ഷെ യുക്തിസഹമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ യുക്തിയും ശാസ്ത്രബോധവും വളര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ സമത്വബോധം വളര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.കുട്ടികളെ അനാചാരങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ പഠിപ്പിക്കേണ്ടത് സര്‍ക്കാറാണ്.(ഇതൊന്നും മുന്‍‌കാലങ്ങളില്‍ ചെയ്യാറില്ല എന്നത് കൊണ്ടാവാം പോട്ട മുതല്‍ അമൃതപുരി വരെ നീളുന്ന ആള്‍ദൈവങ്ങളും അല്‍ഭുത രോഗശാന്തിയുമുണ്ടാകുന്നത്.)

മതേതരത്വം എന്നാല്‍ മതനിഷേധമല്ല എന്ന് പൌവ്വത്തില്‍ പിതാവ് കൂടെ കൂടെ പറയാറുണ്ട്.മതേതരത്വം എന്നാല്‍ മതപ്രീണനമോ സര്‍ക്കാര്‍ ചിലവില്‍ മതം വളര്‍ത്തലോ അല്ല എന്നു കൂടി പറയണം.മതത്തിനു വളരാനുള്ള സ്വാഭാവിക പരിസരം ഉണ്ടാക്കികൊടുക്കാനുള്ള ബാധ്യതയും സര്‍ക്കാരിന് ഇല്ല.മതേതരത്വം അടിസ്ഥാനപരമായി ഒരു നെഹ്രൂവിയന്‍ ആശയം എന്ന നിലയില്‍ ആണ് നമ്മൂടെ ഭരണഘടനയിലെത്തുന്നത്.നെഹ്രുവിന്റെ കാഴ്ച്ചപ്പാട് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ അല്ല എന്ന് പാഠഭാഗത്ത് നിന്നും തന്നെ മനസ്സിലാകുന്നു.(ആ അധ്യായത്തില്‍ നിരിശ്വരത്വം ഉള്ളത് നെഹ്രുവിന്റെ ആ വാക്കുകളില്‍ മാത്രമാണ്.അദ്ദേഹത്തെ ഹൈബി ഈഡനോ സിദ്ദിഖിനോ പോയിട്ട് ചെന്നിത്തലക്ക് പോലും അറിയാന്‍ വഴിയില്ല,നെഹ്രു ജീവിക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.പുസ്തകമെന്ന് കേട്ടാല്‍ അലര്‍ജി മരുന്ന് കഴിക്കേണ്ട പാര്‍ട്ടികളാണ് ഇന്നത്തെ കോണ്‍ഗ്രസുകാര്‍).

Advertisements

Read Full Post »