Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘ദേശാഭിമാനി വാര്‍ത്ത’ Category

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം കേന്ദ്രത്തിന്റെ പാഠപുസ്തകത്തില്‍
സജീവ് പാഴൂര്‍

തിരു: ആര്‍ഇസി വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളം പറഞ്ഞതിന് കെ കരുണാകരന് അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നതും നക്സ്ലൈറ്റ് പ്രസ്ഥാനവും ചാരുമജുംദാറുമെല്ലാം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍സിഇആര്‍ടി പാഠവിഷയമാക്കുമ്പോള്‍ കേരളത്തിലെ കോഗ്രസ് നേതൃത്വത്തിനു മൊഴിമുട്ടുന്നു. അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളും എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ളാസ് പുസ്തകത്തില്‍ പഠനവിഷയമാണ്. കമ്യൂണിസം പഠിക്കണമെന്ന കൃത്യമായ കാഴ്ചപ്പാടും ഈ പുസ്തകം മുന്നോട്ടുവയ്ക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങളുടെമേല്‍ ഇല്ലാക്കഥകള്‍ ചമച്ചാണ് കോഗ്രസ് സമരം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിലാണ് വിവരിക്കുന്നത്. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയതും അതിന്റെ സാമൂഹ്യ സാഹചര്യവും പുസ്തകം പറയുന്നു. ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ചിത്രമാണ് ചേര്‍ത്തിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പറയുന്ന ഭാഗത്ത് ഇ എം എസ്, എ കെ ജി , എസ് എ ഡാങ്കെ, പി സി ജോഷി, അജയ്ഘോഷ്, സുന്ദരയ്യ തുടങ്ങിയവരെ പരാമര്‍ശിക്കുന്നു. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ, ഇ എം എസ് രചിച്ച കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ചിത്രമായി ചേര്‍ത്തിട്ടുള്ളത്. എ കെ ജി സ്റ്റാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ അഞ്ചാംക്ളാസ് പുസ്തകത്തില്‍ എ കെ ജിയുടെ പേര് ഉള്‍പ്പെടുത്തിയത് കോഗ്രസുകാരെ ഹാലിളക്കിയിട്ടുണ്ട്. പതിനൊന്നാം ക്ളാസില്‍ തുടങ്ങി പന്ത്രണ്ടിലേക്ക് എത്തുമ്പോള്‍ ചരിത്രവസ്തുതകള്‍ വിദ്യാര്‍ഥികള്‍ തന്നെ തീരുമാനിച്ച് എടുക്കേണ്ട നിലയിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുളളത്. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ തിരോധാനം പുസ്തകത്തില്‍ പ്രത്യേക പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിന്റെ രൂക്ഷത കുട്ടികള്‍ക്ക് പുസ്തകത്തില്‍നിന്നു വേഗത്തില്‍ തിരിച്ചറിയാനാകും. രാജനെ കാണാതായതും പൊലീസ് മൃഗീയതയില്‍ കൊല്ലപ്പെട്ടതും അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടവും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. കെ കരുണാകരനെ പുസ്തകം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ഷാ കമീഷന്റെ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷാ കമീഷന്‍ ഇന്ദിരാഗാന്ധിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തതും ഇന്ദിരയുടെ വിവാദമായ നിശബ്ദതയും പുസ്തകം പരാമര്‍ശിക്കുന്നു. പന്ത്രണ്ടാം ക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിന്റെ രണ്ടാംഭാഗത്തില്‍ ജനാധിപത്യരീതിയിലെ പ്രതിസന്ധികള്‍ എന്ന ആറാം അധ്യായത്തില്‍ ഇന്ദിരാഗാന്ധിക്കും കോഗ്രസിനും എതിരെ രൂക്ഷവിമര്‍ശനമാണ്്. പാഠത്തിന്റെ അവസാനമുള്ള ചോദ്യങ്ങള്‍ കുട്ടികളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വികാരമുയര്‍ത്തും.

Advertisements

Read Full Post »

നാലാംകിട സമരം
വി ശിവദാസന്‍

നേരത്തെ ഏകജാലകമെന്നായിരുന്നു സമരമുദ്രാവാക്യം. ജാലകസമരം ജനങ്ങള്‍തന്നെ പൂട്ടിച്ചു. ഇപ്പോള്‍ ഏഴാംക്ളാസില്‍ എത്തിയിരിക്കുകയാണ്. “സ്കൂള്‍വര്‍ഷം ആരംഭിച്ച് മാസം മൂന്നു കഴിഞ്ഞിട്ടും പുസ്തകമെവിടെ സര്‍ക്കാരേ എന്നായിരുന്നു വിദ്യാര്‍ഥിസമരങ്ങളില്‍ മുന്‍കാലങ്ങളില്‍ കേട്ടുതഴമ്പിച്ച മുദ്രാവാക്യം. ഇത്തവണ അതു കേള്‍ക്കാനില്ല. എന്നിട്ടും പ്രശ്നം പാഠപുസ്തകംതന്നെ. വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നവരൊക്കെ ഏഴാംതരം സാമൂഹ്യപാഠപുസ്തകം വായിച്ചു നോക്കിയിട്ടുണ്ടാവും. എന്താണ് പാഠപുസ്തകത്തില്‍ വിവരിക്കുന്നത്. സാമൂഹ്യ നന്മയ്ക്ക് വിഘാതമാകുന്ന എന്തെങ്കിലും പ്രസ്തുത പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?.

സമൂഹത്തിന്റെ സവിശേഷതകളെ യഥാവിധി മനസ്സിലാക്കാനും ജനനന്മയെ മുന്‍നിര്‍ത്തി വിദ്യാര്‍ഥിയെ പ്രവര്‍ത്തന സജ്ജനാക്കാനും സഹായിക്കുന്ന പ്രക്രിയയാണ് സാമൂഹ്യശാസ്ത്രപഠനം. കാര്‍ട്ടൂണുകളും രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തി നാടിന്റെ ചരിത്രവും വര്‍ത്തമാനവും ആകര്‍ഷകമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തുടര്‍വായനയ്ക്ക് വിദ്യാര്‍ഥികളെ സഹായിക്കുന്ന പുസ്തകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ചിലര്‍ക്ക് വലിയ ആക്ഷേപം. ചെറുകാട്, പൊറ്റക്കാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതോ നിബിഡവനത്തെക്കുറിച്ചായിരിക്കും പറയുന്നതെന്ന് ധരിച്ചുപോകുന്നുണ്ടോ എന്നറിയില്ല. പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ എക്കാലത്തെയും ഏറ്റവും ആദരണീയനായ സഹിത്യകാരന്‍, കേന്ദ്ര- കേരള സാഹിത്യ അക്കാദമികള്‍ അവയുടെ പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ച ഗോവിന്ദ പിഷാരടിയെന്ന ചെറുകാടിനെയാണ്. നോവലും, കഥയും, കവിതയും, ബാലസാഹിത്യവും എന്നുവേണ്ട സര്‍വമേഖലയിലും വിരാജിച്ച ബഹുമുഖപ്രതിഭ. മറ്റൊരാള്‍ കെ ദാമോദരന്‍, ദര്‍ശനത്തെ കുറിച്ച് സാര്‍വദേശിയ രാഷ്ട്രീയത്തെകുറിച്ച് കേരളത്തെ പഠിപ്പിച്ച സ്വാതന്ത്യ്ര സമരസേനാനി. ജന്മി തമ്പുരാക്കന്മാരുടെ കൊടിയ ചൂഷണത്തിന്റെ നേര്‍ചിത്രമായി മാറിയ “’പാട്ടബാക്കി’യുടെ പ്രാധാന്യം ആര്‍ക്കാണ് കുറച്ചു കാണാനാകുക. പിന്നെ അലര്‍ജിയാകുന്നത് കെ കെ എന്‍ കുറുപ്പിന്റെയും ആണ്ടലാട്ടിന്റെയും പേരുകളാണ്. കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ചുളള ഒരു പഠനത്തിന്റെയെങ്കിലും പുസ്തകസൂചന നോക്കിയിരുന്നെങ്കില്‍ ഇതുപറയാന്‍ വാ തുറക്കില്ലായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്ത് ആണ്ടലാട്ടെഴുതിയ രേഖയില്ലാചരിത്രം ഒരുവേള നോക്കിയിരുന്നുവെങ്കില്‍. ഇനിയും ഒരുപാട് നല്ല പുസ്തകങ്ങള്‍ തുടര്‍ വായനയ്ക്കായി ചേര്‍ക്കാമായിരുന്നുവെന്നത് ശരിയാണ്. അപ്പോള്‍ തകഴി, ചങ്ങമ്പുഴ, കെ എന്‍ പണിക്കര്‍ തുടങ്ങിയ പേരുകള്‍ കൊടുത്താല്‍ അവരും നിങ്ങളുടെ പ്രിയപ്പെട്ടവരല്ലല്ലോ. പകരം ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പവ്വത്തില്‍ എന്നൊക്കെ കൊടുക്കണമെന്നാണോ പറയുന്നത്.

1957 ലെ കുടിയൊഴിപ്പിക്കല്‍ നിരോധിച്ച നിയമത്തിന്റെ കോപ്പി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ഷിക ബന്ധബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി ഗൌരിയമ്മ നടത്തിയ പ്രസംഗവും പുസ്തകത്തിലുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. വിമോചന സമരവേളയില്‍ നിരാഹാരപ്പന്തലില്‍നിന്ന് വയറുവേദന വന്ന് ആശുപത്രിയില്‍ പോയ നേതാവിനോട് ഡോക്ടര്‍ പറഞ്ഞുവത്രേ വെറും വയറ്റില്‍ പഴം കഴിച്ചതാണ് കാരണമെന്ന്. അത്തരം സംഭവ വിവരണമൊന്നും പുസ്തകത്തില്‍ എവിടെയുമില്ല. മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ കലാപമെന്ന് സാമ്രാജ്വത്വവാദികള്‍ എഴുതിവച്ച മലബാര്‍ കലാപത്തെ വിവരിച്ച രീതി നോക്കുക. “ഹിന്ദുക്കളെ ദ്രോഹിക്കരുതെന്ന് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ളിയാരും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറിച്ച് ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി മടിച്ചിരുന്നില്ല. ബ്രിട്ടീഷുകരെ സഹായിച്ച മുസ്ളീങ്ങളെയും അദ്ദേഹം ശിക്ഷിച്ചിരുന്നു” (പേജ് 34). ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്നത് മതസൌഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശംമാത്രം. ഇരുപത്തഞ്ചാമത്തെ പേജില്‍ ഫോട്ടോസഹിതം കൊടുത്തിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കോണ്‍ഗ്രസുകാര്‍ ഒന്നു വായിച്ചിരുന്നുവെങ്കില്‍. “ “എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരു കര്‍മങ്ങളും നടത്തണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു……..” നെഹ്റുവിന്റെ വാക്കുകളും ഫോട്ടോയും പുസ്തകത്തില്‍നിന്ന് നീക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും പഠിച്ചുകൂടെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ. നെഹ്റുവിന്റെ വാക്കുകളെ ഭയക്കുന്നവര്‍ക്കെങ്ങനെ ശ്രീ നാരായണഗുരുവിനെ ഇഷ്ടപ്പെടാനാവും. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നായിരുന്നല്ലോ ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ പ്രിയശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ആഹ്വാനംചെയ്തത് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നായിരുന്നു.

ക്ളാസ് മുറിയില്‍ മതം പരാമര്‍ശവിധേയമാകുന്ന് മതഭ്രാന്തരെ സൃഷ്ടിക്കാനാകരുത്. മതത്തിലെ മാനവികതയെ ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തി നടന്ന പോരാട്ടങ്ങളും ഗീതയും ഖുറാനും ബൈബിളും മതപരിഷ്കാര പ്രസ്ഥാനങ്ങളെയുമെല്ലാം പഠിക്കാനുളള അവസരം വിദ്യാര്‍ഥിക്ക് ലഭ്യമാകണം. മതഗ്രന്ഥങ്ങളെ സ്നേഹഗീതങ്ങളായി പാഠപുസ്തകം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നാലാംകിട സമരക്കാര്‍ ഏഴാംതരം പുസ്തകം വായിച്ചുനോക്കിയാല്‍ അവരുടെ മനസ്സിലും നന്മ വരും.

മതമേധാവികളുടെ വാദം തെറ്റ്: കെഎല്‍സിഎ

കൊച്ചി: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ചില വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടെന്നുപറഞ്ഞ് വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രണ്ടാംവിമോചനസമരത്തിന് പരിശ്രമിക്കുകയാണെന്ന് കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന കൌസില്‍ അഭിപ്രായപ്പെട്ടു. പാഠപുസ്തകം ഈശ്വരവിശ്വാസത്തിന് എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തിന് സമഭാവനയോടെ എല്ലാ മതങ്ങളെയും കാണണമെന്ന വിവക്ഷയ്ക്കൊപ്പം ഒരുമതത്തിലും വിശ്വസിക്കാത്ത ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നത് മതനേതാക്കള്‍ മനസ്സിലാക്കണം. പതിറ്റാണ്ടുകളായി മിശ്രവിവാഹത്തെ സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കെ എതിര്‍ത്തിട്ടില്ലാത്ത മതനേതൃത്വം ഒരു വിവാഹസന്ദര്‍ഭം പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതിനെതിരെ കോലാഹലം ഉയര്‍ത്തുന്നത് നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ്. വിവാദ പാഠപുസ്തകത്തെക്കുറിച്ച് മത, രാഷ്ട്രീയ, സാമൂഹിക നേതാക്കളെയും വിദ്യാഭ്യാസ വിചക്ഷണരെയും പങ്കെടുപ്പിച്ച് 29ന് എറണാകുളത്ത് സംവാദം നടത്താന്‍ കെഎല്‍സിഎ തീരുമാനിച്ചു. പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ബെന്നി ജോസഫ് സംസാരിച്ചു.

പാഠപുസ്തകം പിന്‍വലിക്കണമെന്ന് പള്ളികളില്‍ ലഘുലേഖ

കൊച്ചി: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ലഘുലേഖ വായിച്ചു. പാഠപുസ്തകത്തിലെ ‘മതനിഷേധ’ത്തിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ വിശ്വാസികളോട് പാലാ രൂപതയും ലഘുലേഖയിലൂടെ ആഹ്വാനംചെയ്തു. വിശ്വാസസംരക്ഷണസമിതി പുറത്തിറക്കിയ ലഘുലേഖ പള്ളികളില്‍ വായിച്ചതിനുപിന്നാലെ കൊച്ചിയില്‍ കുടുംബയൂണിറ്റ് കേന്ദ്രസമിതി ഭാരവാഹികളുടെ കവെന്‍ഷന്‍ ചേര്‍ന്നു. വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ടതായതിനാല്‍ എന്തു വിലകൊടുത്തും അതു സംരക്ഷിക്കുമെന്ന് കവെന്‍ഷന്‍ ഉദ്ഘാടനംചെയ്ത വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു. കമ്യൂണിസ്റ്റ് വിപ്ളവാശയങ്ങള്‍ കുരുന്നിലേ കുത്തിവച്ച് പാര്‍ടി വളര്‍ത്താനുള്ള കുറുക്കുവഴിയാണ് മതവിരുദ്ധപാഠപുസ്തകങ്ങള്‍ എന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു. പാഠപുസ്തകത്തിലെ പരാമര്‍ശങ്ങളെ സാംസ്കാരികനായകര്‍ ന്യായീകരിക്കുന്നതും ചാനലുകളിലെയും പത്രങ്ങളിലെയും അഭിപ്രായസര്‍വെകള്‍ സര്‍ക്കാരിന് അനുകൂലമായി പറയുന്നതും ഏതുവിധേനയും ലക്ഷ്യംനേടാനുള്ള തന്ത്രമാണ്. അധ്യാപകരില്‍ ഭൂരിപക്ഷത്തെ വരുതിയിലാക്കിയശേഷം വിദ്യാര്‍ഥികളെ ഇടത് ആശയത്തോടൊപ്പം ചേര്‍ക്കാനുള്ള പാര്‍ടിയുടെ മിനിമം പരിപാടിയാണിതെന്നും ലഘുലേഖ ആരോപിക്കുന്നു. ഇടവകയിലെ 125 പള്ളികളില്‍ ലഘുലേഖ വായിച്ചു. ഈശ്വരവിശ്വാസവും ധാര്‍മികചിന്തയും ആത്മീയമൂല്യങ്ങളും തകര്‍ക്കാനാണ് ശ്രമമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രക്തംചിന്തിയും വിശ്വാസം സാക്ഷ്യപ്പെടുത്തിയവരുടെ പിന്‍മുറക്കാരാണ് നാം. പാഠപുസ്തകം പിന്‍വലിക്കുംവരെ സമരം ചെയ്യും. സൂചനകളിലെ സന്ദേശം തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ആന്റണി അമ്പാട്ട് അധ്യക്ഷനായിരുന്നു. ഫാ. സ്റ്റീഫന്‍ ആലത്തറ, ഷാജി ജോര്‍ജ്, യേശുദാസ് പറപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. 29ന് ഇടവകതലത്തില്‍ പ്രതിഷേധദിനം ആചരിക്കും. 30ന് കെസിബിയുടെ റാലിയും താലൂക്ക് ഓഫീസ് ധര്‍ണയും നടക്കും. 30ന് വൈകിട്ട് മൂന്നിന് പാലാ രൂപതയിലെ എല്ലാ ഇടവകയിലും പ്രതിഷേധദിനം സംഘടിപ്പിക്കും. അധ്യാപകരും പിടിഎ ഭാരവാഹികളും പങ്കെടുക്കാനാണ് നിര്‍ദേശം.

‘മതമില്ലാത്ത ജീവന്‍’ ക്ലാസില്‍ ട്രയല്‍ നടത്തിയ ഒരു വൈദിക അധ്യാപകന്റെ അനുഭവം

വൈദികന്‍ പഠിപ്പിച്ചു; പാഠം നന്നെന്ന് കുട്ടികള്‍
വി എം പ്രദീപ്
പാമ്പാടി: പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ ഏഴാംക്ളാസില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. തിരുവഞ്ചൂര്‍ പേട്രിയാക് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ ഫാ. അലക്സ് തോമസാണ് ചൊവ്വാഴ്ച കുട്ടികളെ ‘മതമില്ലാത്ത ജീവന്‍’ പഠിപ്പിച്ചത്. സ്കൂളിലെ നെല്ലിമരച്ചുവട്ടില്‍ ഒരുമണിക്കൂര്‍ നീണ്ട ക്ളാസില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഒന്നാംക്ളാസില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന്‍ എന്തൊക്കെ ചോദിച്ചുവെന്ന് പുരോഹിതന്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. പേരും മതവും ചോദിച്ച കാര്യം കുട്ടികള്‍ അറിയിച്ചപ്പോള്‍, മതമില്ലാത്ത ജീവന്റെ പാഠം അധ്യാപകന്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചു. മതമേതെന്ന് നോക്കിയല്ല കൂട്ടുകൂടുന്നതെന്ന് കുട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. മതത്തിന്റെ പേരില്‍ നടന്ന ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ അധ്യാപകന്‍ വിശദീകരിച്ചു. മതത്തില്‍ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഇഷ്ടമാണെന്ന് കുട്ടികള്‍ അധ്യാപകനോട് പറഞ്ഞു. നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലേലകളില്‍ വിതറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് പാഠപുസ്തകത്തിലെ നെഹ്റുവിനെക്കുറിച്ചുള്ള ഭാഗം വിശദീകരിച്ച് അധ്യാപകന്‍ പറഞ്ഞു. നെഹ്റു മതങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും മതാചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഒരു മതത്തിന്റെയും ഭാഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതേസമയം, ഗാന്ധിജി മതവിശ്വാസിയായിരുന്ന കാര്യവും അധ്യാപകന്‍ ഓര്‍മപ്പെടുത്തി. സമരകോലാഹലങ്ങള്‍ നടത്തുന്നവര്‍ പാഠത്തെക്കുറിച്ച് വിദ്യാര്‍ഥികളോടെങ്കിലും അഭിപ്രായം ആരായണമെന്ന സൂചനയാണ് ക്ളാസ്മുറികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് മതാതീതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി വേണമെന്നും പാഠത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ഫാ. അലക്സ് തോമസ് ‘ദേശാഭിമാനി’യോട് പറഞ്ഞു. എ കെ ജിയെക്കുറിച്ച് വളരെ മുമ്പുതന്നെ പഠിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനന്മയെന്തെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറോ സായിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനം കൊള്ളുകയും എ കെ ജിയെ പുച്ഛിക്കുകയും ചെയ്യുന്നത് വിലകുറഞ്ഞ സമീപനമാണെന്ന് പാമ്പാടി സിംഹാസനപ്പള്ളി വികാരികൂടിയായ അദ്ദേഹം പറഞ്ഞു.

Read Full Post »