Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘ക്രൈസ്തവ സഭ’ Category

മാതൃഭൂമി, മനോരമ, ദേശാഭിമാനി മിക്സ്

കൊച്ചി: നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‌പിക്കാന്‍ അധികൃതര്‍ പാഠപുസ്‌തകങ്ങളെ ഉപകരണങ്ങളാക്കുകയാണെന്ന്‌ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ ഡാനിയേല്‍ അച്ചരുപറമ്പില്‍ ആരോപിച്ചു. നിരീശ്വരവാദം വളര്‍ത്താനും മതനേതാക്കളെ താറടിച്ചുകാണിക്കാനും കഴിഞ്ഞ കുറെ നാളുകളായി ശ്രമം നടക്കുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള ഇത്തരം അനാശാസ്യകടന്നുകയറ്റത്തെ അനുവദിക്കാനാവില്ല. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും അച്ചാരുപറമ്പില്‍ വ്യക്തമാക്കി.

വരാപ്പുഴ അതിരൂപത വിശ്വാസ സംരക്ഷണസമിതി സംഘടിപ്പിച്ച കുടുംബ യൂണിറ്റ്‌ ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠപുസ്‌തകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്‌ച മുതല്‍ 29 വരെ അതിരൂപതയുടെ രണ്ടായിരത്തോളം കുടുംബ യോഗങ്ങള്‍ ചേരും. 29ന്‌ ഇടവകതല പ്രതിഷേധദിനവും 30ന്‌ കെസിബിസി നേതൃത്വത്തില്‍ അതിരൂപതാതല പ്രതിഷേധദിനവും ആചരിക്കും.

വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ടതാണ്‌. എന്തുവിലകൊടുത്തും വിശ്വാസം സംരക്ഷിക്കും. സമാധാനപരമായ സമരങ്ങളിലൂടെ നല്‍കുന്ന സൂചന തിരിച്ചറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ വിശ്വാസ സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി അമ്പാട്ട്‌ അധ്യക്ഷതവഹിച്ചു. ഡോ. സ്റ്റീഫന്‍ ആലത്തറ, ഷാജി ജോര്‍ജ്‌, യേശുദാസ്‌ പറപ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ്‌ എന്നിവര്‍ പങ്കെടുത്തു

********
കൊച്ചി: വിവാദപുസ്‌തകത്തിലെ മിശ്രവിവാഹം സംബന്ധിച്ച തര്‍ക്കം സാധൂകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, ഇന്ദിരാഗാന്ധി മുതല്‍ വയലാര്‍രവി വരെയുള്ളവരെ ഉദ്ധരിച്ചു.

‘മനുഷ്യത്വം വിളയുന്ന ഭൂമി’ എന്ന യൂണിറ്റിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠമാണ്‌ വിവാദമായതില്‍ ഒന്ന്‌. മിശ്രവിവാഹിതര്‍ക്ക്‌ ജനിച്ച കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മകന്‌ ജാതി വേണ്ട എന്ന്‌ മാതാപിതാക്കള്‍ തീരുമാനിക്കുന്നതാണ്‌ പ്രതിപാദ്യം.

ഇത്‌ ഇന്ത്യയില്‍ സാധാരണമാണെന്നും രണ്ട്‌ മതത്തില്‍പ്പെട്ടവര്‍ക്ക്‌ സ്വന്തം മതകാര്യങ്ങള്‍ പാലിച്ച്‌ ഒരുമിച്ച്‌ കഴിയാമെന്നുമുള്ള സന്ദേശമാണ്‌ പാഠം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി, പാഴ്‌സി വംശജനായ ഫിറോസ്‌ ഗാന്ധിയെ ആണ്‌ വിവാഹംകഴിച്ചത്‌. അവരുടെ മകന്‍ രാജീവ്‌ഗാന്ധി, ഇറ്റലിക്കാരിയും ക്രിസ്‌ത്യാനിയുമായ സോണിയാ ഗാന്ധിയേയും. അവരുടെ മക്കളുടെ കാര്യം ഞാന്‍ പരാമര്‍ശിക്കുന്നില്ല. ലീഗ്‌ നേതാവ്‌ ഇ.അഹമ്മദിന്റെ മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട വിദേശിയെ ആണ്‌ വിവാഹംകഴിച്ചതെന്നാണ്‌ എന്റെ അറിവ്‌. കോണ്‍ഗ്രസ്‌ നേതാവായ വയലാര്‍ രവി അന്യമതത്തില്‍പ്പെട്ട മേഴ്‌സിയെ ആണ്‌ വിവാഹം കഴിച്ചത്‌. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പുസ്‌തകത്തില്‍ പരാമര്‍ശിക്കരുതെന്ന്‌ പറയുന്നത്‌ ന്യായീകരിക്കാനാവില്ലെന്നും ബേബി വിശദീകരിച്ചു.

*****

കൊച്ചി: പാഠപുസ്‌തക വിവാദം അനാവശ്യമാണെന്നും മതമേലധ്യക്ഷന്മാര്‍ യുഡിഎഫിനുവേണ്ടി സമരത്തിനിറങ്ങുകയാണെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്‍വലിക്കേണ്ടതായ ഒന്നും പാഠപുസ്‌തകങ്ങളിലില്ല. നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ പറയാവുന്ന പുസ്‌തകങ്ങള്‍ യുപിഎ സര്‍ക്കാരിന്‌ കീഴില്‍ എന്‍.സി.ഇ.ആര്‍.ടി ഇറക്കിയവയാണ്‌.

യുഡിഎഫും മത മേലധ്യക്ഷന്മാരും ചേര്‍ന്നുള്ള സമരത്തിനു കാരണം അറിയാന്‍ ഡല്‍ഹി രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. യുഡിഎഫ്‌ എന്ന നിലക്ക്‌ എല്‍ഡിഎഫിനെ നേരിടാതെ മത പൗരോഹിത്യ വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്‌ അവരുടെ ഗതികേടാണ്‌. തുറന്ന ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറാണ്‌. പുസ്‌തകം പിന്‍വലിച്ചശേഷം ചര്‍ച്ചയാകാമെന്ന കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌ അംഗീകരിക്കാനാവില്ല.

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം സംബന്ധിച്ച്‌ തുറന്ന സംവാദം ആവശ്യമാണ്‌. നമ്മുടെ കുട്ടികള്‍ എന്ത്‌ പണിക്കണം എന്ന്‌ ജനകീയ ചര്‍ച്ച ഉണ്ടാകുന്നത്‌ നല്ലതാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്സും കെഎസ്‌യുവും പാഠപുസ്‌തകം കത്തിക്കുന്നത്‌ ശരിയല്ല. ഗാന്ധിജിയെക്കുറിച്ചും നെഹ്രുവിനെക്കുറിച്ചും പ്രതിപാദിക്കുന്ന താളുകളടക്കമാണ്‌ കത്തിക്കുന്നത്‌.

മഹാഭാരതം, ബൈബിള്‍, നബിവചനം, ഗുരു നാനാക്കിന്റെ വചനം തുടങ്ങിയവ പുസ്‌തകത്തിലുണ്ട്‌. ബുദ്ധന്റെ വചനംകൂടി ചേര്‍ക്കേണ്ടതായിരുന്നു. പുതിയ പുസ്‌തകങ്ങളുടെ ഉള്ളടക്കവും അവതരണവും അഭിമാനകരമാണ്‌.

എന്‍സിഇആര്‍ടിയുടെ 11-ാം തരം സാമൂഹ്യശാസ്‌ത്രം ഇംഗ്ലീഷ്‌ പുസ്‌തകത്തില്‍ നെഹ്രു നിരീശ്വരവാദിയാണെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. ഹിന്ദുമതത്തിലെ തീണ്ടലും തൊടീലും ഇല്ലാതാക്കാനും ക്രിസ്‌ത്യന്‍, ഇസ്ല്‌ളാം മതങ്ങളിലെ സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ഇടപെട്ട കാര്യം എന്‍സിഇആര്‍ടി പുസ്‌തകം വിശദീകരിക്കുന്നു. ആദ്യം എന്‍സിഇആര്‍ടി പുസ്‌തകം പിന്‍വലിക്കാനാണ്‌ ആവശ്യപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാഠ്യപദ്ധതി പരിഷ്‌കരണ ചട്ടക്കൂടിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ്‌ കേരളത്തിലെ പുസ്‌തകങ്ങള്‍ തയ്യാറാക്കിയത്‌. അതത്‌ മേഖലയുടെ ചരിത്രവും സംസ്‌കാരവും ഉള്‍പ്പെടുത്തണമെന്ന എസ്‌സിആര്‍ടി നിര്‍ദേശപ്രകാരമാണ്‌ എകെജിയുടെ ആത്മകഥാ ഭാഗം ചേര്‍ത്തത്‌. ഇത്‌ എകെജിയെക്കുറിച്ചല്ല, ജന്മി-കുടിയാന്‍ ബന്ധത്തെക്കുറിച്ചാണ്‌. പഴയ 5-ാംക്ലാസ്‌ സാമൂഹ്യശാസ്‌ത്ര പുസ്‌തകത്തില്‍ എകെജിയുടെ ചിത്രമുണ്ടായിരുന്നിട്ടും ആര്‍ക്കും തര്‍ക്കമില്ലായിരുന്നു.

*****************

കൊച്ചി: പുതുതലമുറയെ നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും ആക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തുന്നതായി വരാപ്പുഴ അതിരൂപത. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു മുന്നോടിയായി വിശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ്‌ ഈ വിലയിരുത്തല്‍. വരാപ്പുഴ അതിരൂപതാ വിശ്വാസ സംരക്ഷണ സമിതിയാണിത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

കുരുന്നിലേ കമ്മ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങള്‍ കുത്തിവച്ച്‌ പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കുവഴിയാണ്‌ വിദ്യാഭ്യാസ വകുപ്പിന്‍േറത്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരിയില്‍ വികസിപ്പിച്ച ആശയങ്ങളാണ്‌ പാഠപുസ്‌തകത്തിലുള്ളത്‌. അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ലക്ഷ്യസാക്ഷാത്‌കാരത്തിന്‌ സര്‍ക്കാര്‍ ഗൂഢപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. സാംസ്‌കാരിക നായകരെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ച്‌ വിവാദപാഠഭാഗങ്ങള്‍ ന്യായീകരിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇടതുപക്ഷ അധ്യാപക സംഘടനകളെ സ്വാധീനിച്ച്‌ അധ്യാപകരില്‍ ഭൂരിഭാഗത്തെയും ഇടത്‌ ചിന്താധാരയിലുള്ള ബോധന രീതിയുടെ പ്രയോക്താക്കളാക്കിയിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളെയും ഇടത്‌ ആഭിമുഖ്യത്തിലുള്ളവരാക്കി തങ്ങളോടൊപ്പം ചേര്‍ക്കുകയാണ്‌ ലക്ഷ്യം.

മതം, കുടുംബം, പാരമ്പര്യങ്ങള്‍ എന്നിവയെ തകര്‍ക്കാനുതകുംവിധം പൗലോ ഫ്രേയര്‍ വികസിപ്പിച്ച വിമര്‍ശനാത്മക ബോധനശാസ്‌ത്ര രീതിയനുസരിച്ചാണ്‌ പാഠ്യ പദ്ധതി തയ്യാറാക്കിയത്‌. ഏഴാം ക്ലാസിലേ സാമൂഹ്യ പാഠപുസ്‌തകം ഇടത്‌ രാഷ്ട്രീയ രഹസ്യ അജണ്ടയ്‌ക്ക്‌ തെളിവാണ്‌.

വിവിധ പാഠങ്ങളിലെ മതനിഷേധഭാഗങ്ങള്‍ സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്‌.

സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളെ മഹത്വവത്‌കരിക്കുന്നു. മതേതരത്വമെന്നാല്‍ മതമില്ലാത്ത അവസ്ഥ എന്ന്‌ സമര്‍ത്ഥിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്‌.

ചില പള്ളികളില്‍ ഞായറാഴ്‌ച വായിച്ച സര്‍ക്കുലര്‍ കുടുംബയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. വിവാദ പാഠപുസ്‌തകങ്ങള്‍ക്കെതിരായ സമരത്തില്‍ എല്ലാവരും അണിനിരക്കണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്‌തു.

******************

ശാസ്താംകോട്ട: ഭാരത സ്വാതന്ത്യ്രസമരത്തെപ്പോലും ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്ത കമ്യൂണിസ്റ്റുകളുടെ തോന്ന്യാസങ്ങള്‍ ന്യായീകരിക്കാനാണു കേരള സര്‍ക്കാര്‍ പരിഷ്ക്കരിച്ച പാഠപുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്നു ദേശീയ അധ്യാപക പരിഷത് സംസ്ഥാന സമിതി ആരോപിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെയോ സ്വത്വത്തെയോ പ്രകടമാക്കുന്ന ഒരു വരി പോലും സാമൂഹിക പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടില്ല.

മലയാളത്തിന്റെ പ്രിയപ്പെട്ട കവികളെയെല്ലാം ഒഴിവാക്കി ആധുനിക കമ്യൂണിസ്റ്റ് കവികളുടെ സൃഷ്ടികളാണു തിരുകിക്കയറ്റിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനത്തിനും തുടര്‍ വായനയ്ക്കും ചിന്ത, ദേശാഭിമാനി പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ഏഴാം ക്ളാസിലെ അധ്യാപക സഹായിയില്‍ നിര്‍ദേശിക്കുന്നത്. ദേശീയതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പുതിയ പാഠപുസ്തകങ്ങള്‍ കാലത്തിന്റെ ചവറ്റുകുട്ടയിലെത്തിക്കാന്‍ യോജിച്ച സമരമുണ്ടാകണമെന്നു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പാഠപുസ്തകത്തിലെ തെറ്റുകളെ ചൊല്ലി തെരുവ് യുദ്ധം നടത്തുന്ന വിദ്യാര്‍ഥികള്‍ തെറ്റുകള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ കരിക്കുലം കമ്മിറ്റി തയ്യാറാണെന്ന് കമ്മിറ്റി അംഗം പി. ഗോവിന്ദപിള്ള.

അക്രമ സമരങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ മുതലെടുപ്പിന് ആരും വിനിയോഗിക്കരുതെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധന്‍ ആര്‍.സുകുമാരന്‍ നായര്‍ പറഞ്ഞു.

പുതിയ പാഠ്യ പദ്ധതി മൂല്യാധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്യ്ര സമരം, സമരം നയിച്ച നേതാക്കള്‍ എന്നീ കാര്യങ്ങളുടെ വിശദ വിവരണം പാഠങ്ങളില്‍ ആവശ്യമില്ല. ഭാഷാപുസ്തകങ്ങളില്‍ ചില പാഠങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യങ്ങളിലാണ് പ്രശ്നമെങ്കില്‍ കരിക്കുലം കമ്മിറ്റി പുസ്തകങ്ങള്‍ പുന പരിശോധിക്കാന്‍ തയ്യാറാണ്. ഇതിന്റെ പേരില്‍ അക്രമ സമരം നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. -പി. ഗോവിന്ദപിള്ള പറഞ്ഞു.

അതേ സമയം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് വീഴ്ചകള്‍ക്കും സമരങ്ങള്‍ക്കും കാരണം. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ആര്‍. സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാഠപുസ്തക വിവാദം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ കരിക്കുലം കമ്മിറ്റിയില്‍ തന്നെ പാഠപുസ്തകങ്ങളെക്കുറിച്ച് അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് പാഠപുസ്തകങ്ങള്‍ പുന പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും അറിയുന്നു.

********
തേജസ് ഓണ്‍‌ലൈനില്‍ വന്നത്

ഏറ്റുമുട്ടലിലേക്ക്

സ്വന്തം പ്രതിനിധി

കൊച്ചി: ഏഴാം ക്ളാസ് സാമൂഹ്യപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ചു സര്‍ക്കാരും മതസംഘടനകളും ഏറ്റുമുട്ടലിലേക്ക്. പുസ്തകം പിന്‍വലിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവര്‍ത്തിക്കുമ്പോള്‍, പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നു ക്രിസ്ത്യന്‍ മതനേതൃത്വവും വ്യക്തമാക്കുന്നു.

വിവാദ പാഠഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികള്‍ ഇന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കാണും. കമ്മ്യൂണിസ്റ് സര്‍ക്കാരിനെതിരേ മതസംഘടനകള്‍ ഒന്നിച്ചു രംഗത്തുവരുമ്പോള്‍ വിമോചനസമരത്തിന്റെ പശ്ചാത്തലത്തിലേക്കാണു കേരളരാഷ്ട്രീയം പോവുന്നത്.

നിരീശ്വരവാദം പ്രചരിപ്പിക്കുന്ന എന്തെങ്കിലും പുസ്തകത്തിലുള്ളതായി തെളിയിക്കാന്‍ മതനേതൃത്വത്തെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം എ ബേബി വെല്ലുവിളിച്ചു. തെളിവുസഹിതം ബോധ്യപ്പെടുത്തിയാല്‍ അവ മാറ്റാന്‍ തയ്യാറാണ്. ഉപാധിയില്ലാത്ത ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ ആരുമായും തയ്യാറാണ്.

രമേശ് ചെന്നിത്തലയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സമരം നടത്തേണ്ടത് എന്‍.സി.ഇ.ആര്‍.ടിക്കെതിരേയാണ്. എന്‍.സി.ഇ.ആര്‍.ടിയുടെ പത്താം ക്ളാസ്സിലെ ഇംഗ്ളീഷ് പുസ്തകത്തില്‍ നെഹ്റു ഏതെങ്കിലും മതത്തെ പിന്തുടരുകയോ മതത്തില്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെന്നു പഠിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ സ്ത്രീകളോടു വിവേചനം നിലനില്‍ക്കുന്നതായുള്ള പരാമര്‍ശം വരെ എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകത്തിലുണ്ട്. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന ക്രൈസ്തവ വിശ്വാസിയായ സോണിയാഗാന്ധിയെ വിവാഹം കഴിച്ചത് ഹിന്ദുമതാചാരപ്രകാരം ജീവിച്ച രാജീവ് ഗാന്ധിയാണ്. ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനാണ് രാജീവ് ഗാന്ധി.

കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് വിദേശത്തുള്ള മറ്റൊരു മതാചാരപ്രകാരം ജീവിച്ച പെണ്‍കുട്ടിയെയാണ്. ബിഷപ്പുമാര്‍ യു.ഡി.എഫിനെ സഹായിക്കാനാണു സമരവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും എം എ ബേബി ആരോപിച്ചു.

ഏഴാം ക്ളാസ്സിലെ സാമൂഹ്യപാഠ പുസ്തകം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് വരാപ്പുഴ രൂപതാ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.

പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ ചര്‍ച്ചയില്ല. രക്തം ചിന്തി സാക്ഷ്യപ്പെടുത്തിയ പൈതൃകത്തിന്റെ പിന്‍തലമുറകള്‍ എന്തു വിലകൊടുത്തും വിശ്വാസം സംരക്ഷിക്കണമെന്ന് അച്ചാരുപറമ്പില്‍ ആഹ്വാനം ചെയ്തു. വിവാദ പാഠപുസ്തകം ക്രൈസ്തവരുടെ മക്കളെ പഠിപ്പിക്കരുതെന്ന് വരാപ്പുഴ അതിരൂപതാ വിശ്വാസ സംരക്ഷണ സമിതി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. 125 ഇടവകകളില്‍ കുര്‍ബാനയ്ക്കിടെ ലഘുലേഖ വായിച്ചു. ഏഴാം ക്ളാസ്സിലെ പാഠപുസ്തകത്തില്‍ 13 തരം അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
അനാരോഗ്യകരമായ വിമര്‍ശനങ്ങള്‍ നടത്തുക, നന്മയ്ക്കു വേണ്ടി തിന്മ പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന നിലപാട്, നിരീശ്വരവാദം വളര്‍ത്തുകയും മതത്തെ തള്ളിപ്പറയുകയും ചെയ്യുക, ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കല്‍ തുടങ്ങിയ അപകടങ്ങളാണു പുസ്തകത്തിലുള്ളത്. മിതവാദികളായ സ്വാതന്ത്യ്രസമര നേതാക്കളെ തമസ്കരിച്ചു തീവ്രവാദക്കാരായ സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് മൂന്നാം പാഠഭാഗമെന്നും ലഘുലേഖ ആരോപിക്കുന്നു.

ഇന്നുമുതല്‍ ഈ മാസം 29 വരെ അതിരൂപതയിലെ 2000 കുടുംബയോഗങ്ങളിലും പാഠപുസ്തകം സംബന്ധിച്ചു പ്രത്യേക സമ്മേളനം നടത്തും. 30ന് കെ.സി.ബി.സിയുടെ കീഴില്‍ അതിരൂപതാതല പ്രതിഷേധദിനം ആചരിക്കും. എന്നാല്‍, ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വിമോചനസമരം ഒന്നുകൂടി പരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നു കൊച്ചിയില്‍ ചേര്‍ന്ന കെ.എല്‍.സി.എ സംസ്ഥാന കൌണ്‍സില്‍ ആരോപിച്ചു.

******
കേരളകൌമുദിയില്‍ വന്നത്

പിന്‍വലിച്ചേ തീരൂ: സഭ

തിരുവല്ല: ഏഴാം ക്ളാസിലെ സാമൂഹ്യപാഠം പുസ്തകം മത വിരോധവും അക്രമവാസനയും ഈശ്വര നിഷേധവും വളര്‍ത്തുന്നതായി ആരോപിച്ച് കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ ഇടയലേഖനം ഇറക്കി. ഈ പാഠപുസ്തകത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുവാന്‍ ആഹ്വാനം ചെയ്യുന്ന ഇടയലേഖനം ഇന്നലെ കൌണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം പള്ളികളില്‍ വായിച്ചു.
വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുന്നത് വിപ്ളാവാത്മക ചിന്തകളാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്തു. മതസ്വാതന്ത്യ്രം നിഷേധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന പ്രതിജ്ഞചെയ്തുകൊണ്ടാണ് ഇടയലേഖനം അവസാനിക്കുന്നത്.

കാത്തലിക് ബിഷപ്പ് കൌണ്‍സിലിന്റെ കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്കിടയില്‍ ഇന്നലെ ഇടയലേഖനം വായിക്കാന്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. 30 ന് പ്രതിഷേധ ദിനമായി ആചരിക്കും. പാഠപുസ്തകം പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയയ്ക്കും.

ഇടവക തോറും പ്രതിഷേധ പോസ്ററുകള്‍ പതിക്കും. ഇതര മത വിശ്വാസികളുടെ സഹകരണത്തോടെ മൌനജാഥയും സമ്മേളനവും ധര്‍ണയും സംഘടിപ്പിക്കാനും ഡി.ഇ.ഒ ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
29 ന് സണ്‍ഡേ സ്കൂളുകളില്‍ നിരീശ്വരവാദത്തിനെതിരെ പ്രത്യേക പ്രതിജ്ഞയെടുക്കും. ഇടവക വികാരിമാരുടെയും ലോക്കല്‍ മാനേജര്‍മാരുടെയും സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
മതവിരുദ്ധവും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നതുമായ എഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന് വരാപ്പുഴ അതിരൂപത ആഹ്വാനം ചെയ്തു.

കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ അദ്ധ്യക്ഷത വഹിച്ച പാസ്റ്ററല്‍ കൌണ്‍സില്‍ യോഗം വിവാദ പാഠങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ദൈവവിശ്വാസത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും തുരങ്കംവയ്ക്കുന്ന പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ സമാധാനപരമായ സമരം തുടരുമെന്ന് ആര്‍ച്ചുബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.
വരാപ്പുഴ അതിരൂപതയുടെ കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

Read Full Post »