Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘അഹിംസാവാദം’ Category

അര്‍ത്ഥവത്തായ ഒരു വൃക്ഷവിലാപത്തോടെയാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.

2,3 പേജുകള്‍ എന്താണ് അരാഷ്ട്രീയത എന്ന് ഭംഗിയായി വരച്ചു കാട്ടുന്നു.എങ്ങനെ സാമൂഹികബോധവും രാഷ്ട്രീയതയും പരസ്പരപൂരകുന്നു എന്നതിനെ ലളിതമായി വിശദീകരിക്കുന്നു.ബ്ലോഗില്‍ ദേവന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് ഇത് പണ്ടൊരിക്കല്‍ ഭംഗിയായി വിശദീകരിച്ചിരുന്നു.

സാമൂഹികപ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ പഠിപ്പിക്കുകയാണ് സാമൂഹ്യപാഠത്തിന്റെ ലക്‍ഷ്യം എന്ന് ഉച്ചസ്തൈരം ഉദ്ഘോഷിക്കുകയാണ് ഈ പാഠഭാഗം ചെയ്യുന്നത്.പണ്ട് നടന്നതും പാളയില്‍ തൂറിയതും പഠിക്കുകയല്ല സാമൂഹിക പാഠത്തിന്റെ ലക്‍ഷ്യം.അത് ഒരു മെച്ചപ്പെട്ട സാമൂഹിക ജീവിയെ ക്രിയേറ്റ് ചെയ്യുകയാണ്.ഇന്ന് സമരം ചെയ്യുന്നവരുടെ അജണ്ടയില്‍ അങ്ങനെയൊന്നില്ല എന്നത് തന്നെ സംവാദങ്ങളെ വൃഥാവിലാക്കുന്നു.രമേഷ് ചെന്നിത്തല പറയുന്നത് പുസ്തകം പിന്‍‌വലിച്ചിട്ട് ചര്‍ച്ച എന്നാണ്.ചര്‍ച്ച ചെയ്യപ്പെടുന്നതോടെ പല പുരോഗമന മുഖം‌മൂടികളും വലിച്ച് കീറപ്പെടും.

വാഹനാപകടത്തില്‍ പെടുന്നവരെ തിരിഞ്ഞു നോക്കാതെ ആളുകള്‍ അവരവരുടെ വഴിക്ക് പായുന്ന അതിദാരുണവും നിന്ദ്യവുമായ ഒരു സാമൂഹിക മനശാസ്ത്രം വളര്‍ന്നുവരുന്നു(കഴിഞ്ഞ ദിവസം അന്തരിച്ച അയ്യനേത്തിനെ ഓര്‍മ്മിക്കുക).ഇതിനെ കടയോടെ പിഴുതെറിയണം.സഹായിക്കുന്നവനെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ പോലീസും ആശുപത്രിക്കാരും സൃഷ്ടിക്കുന്ന അരോചകമായ അവസ്ഥയാണ് ഇതിനു കാരണം എന്ന് പറയാറുണ്ട്.എങ്കില്‍ അതും പൊളിച്ച് കാട്ടുന്ന ഒരു ചര്‍ച്ച കുട്ടികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരേണം.

ഇതില്‍ അല്‍പ്പം വിവാദമാകാവുന്നത് തേങ്ങാ-പാമോയില്‍ ഭാഗമാണ്.അല്‍പ്പം സിരിജഗന്‍ അലക്‍ഷ്യം (സിരിജഗന്റെ താല്‍പ്പര്യം നീതി നിര്‍വ്വഹണമല്ല എന്ന് തോന്നറുണ്ട്) അതിലില്ലേ എന്നു ന്യായമായി സംശയിക്കാവുന്നതാണ്.(സമാനമായ ഒരു വിവാദമാണ് ഷോപ്പിംഗ് മാള്‍-ചെറുകിട വ്യാപാരിയുടെ നിലനില്‍പ്പ് വിവാദം).

ഇവയിലൊക്കെ ശക്തമായ മറുവാദങ്ങളുണ്ട്.തെങ്ങുകൃഷി എന്തു കൊണ്ട് ഉല്‍പ്പാദനക്ഷമമല്ലതെ ആയി?ഉല്‍പ്പാദനക്ഷമമല്ലാത്ത ഒരു കൃഷിയെ സാമൂഹികബാധ്യതയുടെ പേരില്‍ എത്ര നാള്‍ സംരക്ഷിക്കാനാവും? ഇതു പോലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന ഭാഗങ്ങള്‍ ഏഴാം കളാസ് പാഠത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.എനിക്ക് ഇപ്പോഴും പറയാന്‍ കഴിയില്ല ഷോപ്പിംഗ് മാളുകള്‍ വേണമോ അതോ ചെറുകിടവ്യാപാരികള്‍ വേണമോ എന്ന്.ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ ഷോപ്പിംഗ് മാളുകളിലെ സേവനരീതികള്‍ എനിക്ക് പഥ്യമാണ്.അത് വന്‍ രീതിയില്‍ തൊഴില്‍ നഷ്ടവും സാ‍മൂഹിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്.

പക്ഷെ തരിശിടുന്നതിനെ കുറിച്ചുള്ള ഭാഗം അത്യന്തം കാലികപ്രസക്തം.ഭക്‍ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടാല്‍, അതിന്റെ 50% കണ്‍സീവ് ചെയ്താല്‍,അതിന്റെയും 50% പ്രയോഗത്തില്‍ വന്നാല്‍ അത് ഗുണകരമാവും

ആ പാഠഭാഗത്തിന്റെ ഒടുക്കം സ്വാതന്ത്ര്യത്തെ നന്നായി നിര്‍വചിക്കാനും ശ്രമിക്കുന്നു.സിവിക്ക് റൈറ്റ്സും സിവിക്ക് റെസ്പോണ്‍സിബിലിറ്റിയുമൊക്കെ ആനുപാതികമായി ചേരുന്നതാണ് സ്വാതന്ത്ര്യം എന്ന് ബോധം കുട്ടികളില്‍ ഉളവാക്കുന്നത് നല്ലത്.

അടുത്ത പേജ് നമ്മളോക്കെ പഠിച്ച സംഭവം തന്നെ.എങ്ങനെ ബ്രിട്ടീഷുകാര്‍ നമ്മെ ചൂഷണം ചെയ്തു എന്നതിനെ കുറിച്ച് ഒരു ലഘുചിത്രം.പക്ഷെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പറഞ്ഞത് കടന്ന കൈ ആയി.അദ്ധ്യാപകന്‍ കമ്മ്യൂണിസ്റ്റാണെങ്കില്‍ ആഗോളീകരണ വിരുദ്ധ പ്രബന്ധവും കോണ്‍‌ഗ്രസാണെങ്കില്‍ മന്മോഹനിക്സിന്റെ വാഴ്ത്തുപാട്ടുമായി മാറും ആ താരതമ്യം എന്നതില്‍ എനിക്ക് സംശയമില്ല.സത്യം എന്നത് ഇവിടെ വ്യാവഹാരിക സത്യം മാത്രമാകുന്നു.ഇനി കോണ്‍ഗ്രസുകാരന്റെ പ്രബന്ധം പരീക്ഷയില്‍ ഒരു കുട്ടി എഴുതിയാല്‍ അത് മാര്‍ക്കിടുന്ന കമ്മ്യൂണിസ്റ്റ് എത്ര കൊടുക്കും.

അടുത്ത പേജില്‍ ഒന്നാം സ്വാതന്ത്ര്യ സമരമാണ് പരാമര്‍ശവിഷയം.ഞാന്‍ ഈ സമരത്തില്‍ പങ്കെടുത്തതായി പഠിച്ചത് 3 പേരാണ്.റാണി ലക്ഷ്മി ഭായി,താന്തിയ തോപ്പി,ബഹാദൂര്‍ ഷാ.ബഹാദൂര്‍ ഷായ്ക്ക് ഇതില്‍ കാര്യമായ പങ്കൊന്നുമില്ലായിരുന്നു എന്നും പേരിന് ഒരു നേതാവെന്ന നിലയില്‍ കലാപകാരികള്‍ പൊക്കി കൊണ്ട് നടക്കുകയാരുന്നു എന്നും പിന്നീട് മനസ്സിലാക്കി.

ഇവിടെ സമരത്തില്‍ ജീവത്യാഗം ചെയ്ത് പീര്‍ മുഹമ്മദിലൂടെയാണ് സമരത്തിന്റെ സ്വഭാവത്തെ കാണിക്കുന്നത്.ഒരു തരം നിനിമാറ്റിക്ക് വ്യൂ എന്നു പറയാം.സമരമെന്നത് നേതാക്കന്മാരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നും അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അതിന്റെ മഹത്വം അവകാശപ്പെടാമെന്നും ഈ പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പീര്‍മുഹമ്മദിന്റെ പങ്ക് വലൂതാക്കി കാണിച്ചു എന്ന് മറ്റോ ഷാനവാസ് പറയുന്നു.അത്ര നിസാരവല്‍ക്കരിക്കാവുന്നതാണോ പീര്‍മുഹമ്മദിന്റെ ത്യാഗം.ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗം ജീവത്യാഗമാണ്.അത് ചെയ്തവന്‍ സിപ്പായി ആയിക്കൊള്ളട്ടെ തോട്ടി ആയിക്കൊള്ളട്ടെ,അതിനോളം വരില്ല മറ്റൊന്നും.നെഹ്രുവിന്റെ വസ്തുക്കള്‍ രാജ്യത്തിനു തീറു നല്‍കിയപ്പോള്‍ എന്നെന്നേക്കുമായി ഈ നാടിന്റെ ചെങ്കോല്‍ ഒരു വംശം വിലയ്ക്ക് വാങ്ങി.പീര്‍മുഹമ്മദിന്റെ അനന്തരാവകാശിക്കള്‍ ഒരു പക്ഷെ ഇപ്പോഴും പാറ്റ്നയിലെ തെരുവില്‍ വണ്ടി വലിക്കുകയോ ഭാരം ചുമക്കുകയോ ആവും.അങ്ങനെ അങ്ങ് പുച്ഛിക്കരുത് ഈ മഹത്തായ രക്തസാക്ഷിത്വത്തെ.സിപ്പായി ലഹള എന്നു വിളിക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും ഷാനവാസിന് എന്ത് വ്യത്യാസമാണ് ഉള്ളത്.

ഒരു പക്ഷെ സ്വാതന്ത്ര്യസമരം അഹിംസാവാദികളുടെ കുത്തകയായിരുന്നു എന്ന വാദം ബലഹീനമാകുന്നതായി പോകുന്നതു കൊണ്ടാവാം ഇത്തരം എതിര്‍പ്പുകള്‍.എന്തായിരിക്കണം ഒരു വിപ്ലവകാരിയുടെ ആത്മീയത എന്ന് നിരീശ്വരവാദിയായ ഭഗത്സിംഗ് തന്റെ ചെറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ആത്മീയത ഒരു മതത്തിന്റെയും കുത്തകയല്ലെന്നും ഈ കത്ത് വെളിവാക്കുന്നു.ഒരു ആവേശത്തില്‍ അതിക്രമം ചെയ്ത ആധുനികകാലത്തെ ഭീകരവാദിയില്‍ നിന്നും ഒരു വിപ്ലവകാരി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ പാഠഭാഗം വെളിവാക്കുന്നു.ഒരു പക്ഷെ ഭഗത്സിംഗിനെ കുറിച്ച് കുട്ടിക്കാലത്ത് പഠിക്കുമ്പോള്‍ യൌവ്വനത്തിളപ്പില്‍ സായുധവിപ്ലവത്തിന് പുറപ്പെട്ട ഒരു വ്യക്തി എന്നാവും ഞാനും എന്റെ കാലഘട്ടത്തിലുള്ളവരും മനസ്സില്‍ കുറിച്ചിട്ടുണ്ടാവുക.പക്ഷെ മരണവും ജീവിതവും എങ്ങനെ അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്ന ഈ വാക്കുകള്‍ പഠിച്ചിരുന്നെങ്കില്‍ അത്തരമൊരു ബോധം നമ്മില്‍ വരില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ രൂപീകരണം,ജാലിയന്‍‌വാലാബാഗ്,ഖിലാഫത്ത്,വാഗണ്‍ ദുരന്തം,ഉപ്പ് സത്യാഗ്രഹം എന്നിവയൊക്കെ നന്നായി പരാമര്‍ശിച്ചിരിക്കുന്നു.ഇവയിലൊക്കെ കോണ്‍‌ഗ്രസ് നേതൃപരമായ പങ്ക് വഹിച്ചത് കൊണ്ട് ഈ സമരങ്ങളെ ചെറുതായി കാട്ടിയിട്ടില്ല.
ഗാന്ധിജിയുടെയും കേളപ്പന്റെയും നേതൃത്വത്തിലാണ് നാം ഉപ്പ് കുറുക്കിയത് എന്ന് വ്യക്തമാക്കുന്ന പുസ്തകം അതില്‍ പങ്കെടുത്ത ഒരാളുടെ വാങ്ങ്മയചിത്രത്തിലൂടെ വീണ്ടും ഒരു സിനിമാറ്റിക്ക് വ്യൂ ഉണ്ടാക്കന്‍ ശ്രമിക്കുന്നു.മാത്രമല്ല ക്രോണോളൊജിക്കല്‍ ചാര്‍ട്ട് തയ്യാറാക്കി കൂടുതല്‍ അപഗ്രഥിക്കാനും ആവശ്യപ്പെടുന്നുണ്ട്.

രസകരമായ ഒരു ചോദ്യം അന്നും ഇന്നും അധികാരികളുടെ പ്രതിഷേധസമരങ്ങളോടുള്ള നിലപാടുകള്‍ താരതമ്യം ചെയ്യുവാനാണ്.ഏതായാലും താരതമ്യത്തില്‍ പ്രാക്റ്റിക്കല്‍ ചെയ്യാനുള്ള അസുലഭാവസരമാണ് ഹൈബി ഈഡനും കുഞ്ഞാടുകള്‍ക്കും കൈവന്നിരിക്കുന്നത്.

ക്വിറ്റിന്ത്യ

ക്വിറ്റിന്ത്യാ സമരത്തില്‍ കമ്മ്യൂ.പാര്‍ട്ടിയുടെ നിലപാട് എല്ലാവര്‍ക്കും അറിയുന്നതാണ്.അതിനെ സാധൂകരിക്കുന്ന ഒരു നിലപാടും ഈ ഭാഗത്ത് നല്‍കിയിട്ടില്ല.മാത്രമല്ല ക്വിറ്റിന്ത്യ സമരമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും പുസ്തകം വ്യക്തമാക്കുന്നു.(ഇത് പൂര്‍ണ്ണമായി സത്യമാണെന്ന് എനിക്കഭിപ്രായമില്ല.കോളനികള്‍ നഷ്ടത്തിലായത് കൊണ്ട് അവ ഉപേക്ഷിക്കപ്പെടുമെന്ന് 40കളുടെ തുടക്കം തന്നെ സുവിദിതമായിരുന്നു.ഡൊമിനിയന്‍ പദവിയോ പൂര്‍ണ്ണസ്വരാജോ ഇതിലേ തര്‍ക്കമുണ്ടായിരുന്നുള്ളൂ.)

പേജ് 37 സ്വതന്ത്ര ഇന്ത്യ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് നെഹ്രുവിന്റെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നു.അവ നാം കൈവരിച്ചോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു.ഇവിടെ കോണ്‍‌ഗ്രസിനെ ബുദ്ധിമുട്ടിക്കുന്ന ഭാഗമുണ്ട്.നെഹ്രുവിനെ തള്ളിപ്പറഞ്ഞാണ് മന്‍‌മോഹനെ സ്വീകരിച്ചത്.അതുകൊണ്ട് തന്നെ നെഹ്രുവിയന്‍ സോഷ്യലിസം കോണ്‍‌ഗ്രസ് പരിപാടിയല്ല.പക്ഷെ അത് അവര്‍ തുറന്ന് പറയാന്‍ ഇത്തരം ചര്‍ച്ചകള്‍ ഇടയാക്കും.

ഏഴാം ക്ലാസിലെ കുട്ടിക്ക് ചര്‍ച്ച ചെയ്യാന്‍ തക്ക ലളിതമാണോ ഭൂവിതരണത്തിലെ അസന്തുലിതകള്‍,സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍,സ്ത്രീ പീഡനങ്ങള്‍ എന്ന ചോദ്യം നിലനില്‍ക്കുന്നതാണ്.അത് ഒരു പക്ഷെ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കാം.

വിമോചനം എന്ന വാക്കിന് 57-59ലെ സമരക്കാര്‍ പേറ്റന്റ് എടുത്തിട്ടുണ്ടോ എന്നറിയില്ല.ഇനി ഒരു സമരത്തെയും വിമോചനമെന്ന് വിളിക്കാന്‍ പാടില്ല.57-59ലെ സമരക്കാര്‍ എന്ത് വിമോചിപ്പിച്ചു എന്നറിയില്ല.പക്ഷെ പൊഴിയൂരിലെ സമരക്കാറ് തങ്ങളുടെ ഗ്രാമത്തെ കള്ളവാറ്റില്‍ നിന്നും മോചിപ്പിച്ചു.സമരങ്ങള്‍ക്ക് 1947 ആഗസ്റ്റ് 15 കൊണ്ട് ഇന്ത്യയില്‍ കര്‍ട്ടന്‍ വീഴുന്നില്ല എന്ന് കാട്ടാനാണോ ഈ ഭാഗം എന്നറിയില്ല.

എനിക്ക് പിടിക്കാതെ പോയത് ഏറ്റവും അവസാനത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണാണ്.വ്യവസ്ഥിതിയുടെ ഭാഗമായ ഒരു പുസ്തകത്തില്‍ വ്യവസ്ഥിതിയെ തള്ളിപ്പറയുന്ന ഈ കാര്‍ട്ടൂണ്‍ വെറും പല്ലിട കുത്തി മണപ്പിക്കലാണ്.ഒരു തരം കുശുമ്പ് വര്‍ത്തമാനം.ഉള്ളവനോട് ഇല്ലാത്തവനുള്ള അസൂയയെയാണ് കമ്മ്യൂണിസം എന്നു പറയുന്നത് എന്ന ലളിതവല്‍ക്കരണത്തിനേ ഇത് സഹായിക്കൂ.

Advertisements

Read Full Post »