“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ പണ്ടുകേട്ടുമറന്ന ഈ ഈരടികള്‍ പിന്നീടോര്‍ക്കുന്നതു് വിജു വി. നായരുടെ മാധ്യമം ലേഖനം കാണുമ്പോഴാണു്. “വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ” എന്ന തലക്കെട്ടു് അവിചാരിതമായി കടന്നുവന്നതല്ല എന്നു സൂചിപ്പിക്കാന്‍ കൂടിയാണു് ഈരടികള്‍ എടുത്തെഴുതുന്നതു്. തലക്കെട്ടില്‍ തന്നെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട് ലേഖകന്‍.
പാഠപുസ്തക വിവാദത്തില്‍ വ്യത്യസ്തമായ സ്വരം കേള്‍പ്പിക്കുന്ന ആദ്യ ലേഖനമായിരുന്നു വിജുവിന്റേതു്. സഭയും പ്രതിപക്ഷവും പ്രതികരിച്ച രീതികളില്‍ നിന്നു് വ്യത്യസ്തമായി പാഠപുസ്തകമാറ്റത്തിനെതിരെയല്ല, പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെയാണു് ലേഖകന്‍ മഷി ചെലവാക്കിയതു്. പാഠപുസ്തകത്തില്‍ മതനിരാസമുണ്ടോ ഇല്ലയോ എന്ന ‘ഉപരിപ്ലവമായ’ പ്രശ്നത്തെ വശത്തേക്കൊതുക്കി മറ്റൊരു വിഷയം അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നു. മലയാളം ബ്ലോഗോസ്ഫിയറില്‍ വെള്ളെഴുത്തിലൂടെ ഈ ആശങ്ക പിന്നെയും വെളിപ്പെട്ടു.
കേന്ദ്രനയത്തിലെ പാകപ്പിഴകള്‍ മൂലം രൂക്ഷമായ പണപ്പെരുപ്പത്തിന്റെ കെടുതികള്‍ക്കു് ന്യായീകരണം ചമയ്ക്കാനില്ലാതെ വിഷമിക്കുന്ന സമയത്തു്, യുഡിഎഫിനു് വീണുകിട്ടിയ മന്നയായിരുന്നു പാഠപുസ്തകവിവാദം. ഇക്കാര്യത്തില്‍ മാധ്യമം ലേഖകനും അശേഷം സംശയമില്ല. എന്നാല്‍ പാഠപുസ്തകത്തില്‍ ‘കമ്യൂണിസ്റ്റ് ആശയങ്ങളൊന്നുമില്ലെന്നും പകരം കേരളത്തിന്റെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സൂചി കൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം മാത്രമാണതു്‘ എന്നുമുള്ള വിജുവിന്റെ പരാതിയില്‍ ചില സംശയങ്ങള്‍ നിഴലിടുന്നുണ്ട് തുടര്‍ന്ന് ഈ കുത്തിന്റെ ആവശ്യകതയും അതിന്റെ രാഷ്ട്രീയവും അദ്ദേഹം വാചാലമായി നിരീക്ഷിക്കുന്നുമുണ്ട്.
പക്ഷേ ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോഴും എന്താണീ നിഴലിന്റെ രൂപം എന്ന് വായനക്കാരന് സ്വന്തം തലച്ചോറില്‍ ഇരുമ്പാണികൊണ്ടു് കുത്തിനോക്കിയാല്‍ പോലും കണ്ടെത്തില്ല. ഇനിയിപ്പോള്‍ അതൊരു നിഴല്ക്കുത്തായിരിക്കുമോ എന്നു വ്യാകുലപ്പെടാന്‍ മാത്രമേ അവനു കഴിയൂ.
നിഴല്‍ക്കുത്തു് നടത്തുന്ന ഒടിയനെ കണ്ടെത്താന്‍ പാടുപെടുന്ന വായനക്കാരന്, ‘പാഠപുസ്തകം ഉന്നയിക്കുന്ന ചോദ്യമല്ല പ്രശ്നം, എന്തുതരം ഉത്തരത്തിലേക്കാണത് 13 വയസ്സുള്ള കുട്ടികളെ നയിക്കുന്നത് എന്നതാണ് ‘ എന്ന ഞെട്ടിക്കുന്ന വാചകത്തിലേക്കു് കടക്കുന്നു. ഈ പ്രശ്നത്തെ തേടിചെല്ലുന്ന വായനക്കാരന് തിയറിയും പ്രാക്ടീസും തമ്മില്‍ ഒട്ടും ബന്ധമില്ലാത്തതായി കാണുന്നു. ഒ.വി വിജയന് മുതല്‍ കാസ്റ്റ്ലെസ്റ്റിന്റെ മാതാപിതാക്കള്‍ വരെയുള്ളവര്‍ കേരളത്തില്‍ തന്നെയാണോ എന്ന് അന്തം വിടുകയും ചെയ്യും.
ലേഖകന്‍ തുടരുന്നു: ‘നിലവിലുള്ള ജീവിത പരിസരത്ത് ജീവന്റെ മത-പാഠം ഉത്തരങ്ങളല്ല ഉത്തരമില്ലായ്മകളാണ് ജനിപ്പിക്കുന്നത്[...] ഇടത് ബുദ്ധിജീവികള്‍ എന്നു കരുതുന്ന നവലിബറല്‍ ജീവികള്‍ക്ക് വന്‍തുക പറ്റാനുള്ള സുഖപ്രദമായ ഇടം. പാഠപുസ്തകം തയ്യാറാക്കുന്ന സ്ഥാപനത്തിലെ വക്രതയും അതാര്യതയും തന്നെയാണ് പാഠപുസ്തകത്തിലേയ്ക്കും പ്രവേശിക്കുന്നത്. തുറന്ന സമീപനങ്ങളോ സുതാര്യമായ വിചിന്തനങ്ങളോ നാടിന്റെ തനതു യാഥാര്‍ത്ഥ്യങ്ങളോ കണക്കിലെടുക്കാതെയുള്ള പാഠവികസനം. കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നു എന്ന് പറയുന്ന നവലിബറല്‍ അജണ്ടകള്‍ അവരുടെ കൈയാളുകളിലൂടെത്തന്നെ നടപ്പാവുന്നതെന്തുകൊണ്ടു് ?’
അതിവാചാലത സൃഷ്ടിക്കുന്ന അസഹ്യമായ തലവേദനയ്ക്കിടയിലും മുമ്പു കേട്ടിളളുവയാണ് ഈ വാക്കുകളെന്ന് വായനക്കാരന് ഓര്‍ത്തെടുക്കും. പാഠം – പരിഷത്ത് വിവാദവുമായി ബന്ധപ്പെട്ട്? ഇടതുപക്ഷ/പുരോഗമന ആശയങ്ങളെ നാലാംലോകക്കാര്‍ ഹൈജാക്ക് ചെയ്യുന്നു എന്ന പഴക്കമുള്ളൊരു നിലപാടാണോ ലേഖനം മുന്നോട്ടുവയ്ക്കുന്നതെന്നു് സംശയം തോന്നുമ്പോഴേക്കും ‘എ.കെ.ജി സെന്റര്‍ മൂത്താല്‍ ഇന്ദിരാഭവനാകും‘ എന്നൊരു വമ്പന്‍ ഡയലോഗടിച്ച് നേരെ ആണവപ്രശ്നത്തിലേയ്ക്ക് പാഞ്ഞു കയറുകയാണു്, ലേഖകന്‍. വിജുവിന്റെ ലേഖനത്തിന്റെ ഗുണഫലം ആര്‍ക്കാണ് എന്ന് ചില വായനക്കാരെങ്കിലും ചിന്തിച്ചു പോകും.
ഈ മാധ്യമം ലേഖനത്തെ പിന്‍പറ്റി വെള്ളെഴുത്ത് എഴുതിയ ലേഖനത്തിലും പാഠപുസ്തകത്തിന്റെ മസ്തിഷ്ക നിര്‍മ്മാതാവിനെ കുറിച്ചു് അകാരണമെന്നു് വിശേഷിപ്പിക്കാവുന്ന ഭയം ദൃശ്യമാണു്. കാണാമറയത്തിരിക്കുന്ന വരട്ടുവാദക്കാരനാണു് പാഠപുസ്തകത്തിലെ ഉള്ളടക്കം തീരുമാനിക്കുക എന്ന തീര്‍പ്പാണു് ലേഖകനു്. എന്നാല്‍ ആ വരട്ടുവാദക്കാരന്‍ കാണാന്‍ എങ്ങനെയുണ്ടെന്നോ അവന് തിരുത്തിയെഴുതിയ പാഠഭാഗങ്ങള്‍ എങ്ങനെ സമൂഹവിരുദ്ധമാകുന്നുവെന്നോ ചൂണ്ടിക്കാണിക്കാന്‍ ലേഖകനു് സാവകാശമില്ല. വരികള്‍ക്കിടയില്‍ ഗുപ്തമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ പ്രതിലോമകരമാകുന്നതെങ്ങനെയെന്നെങ്കിലും ലേഖകനോ അദ്ദേഹത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവരോ പറഞ്ഞുതരുമെന്ന പ്രതീക്ഷയും വേണ്ട.
കള്ളന് കയറാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിന്റെയൊപ്പം, കള്ളന് കയറിയതെങ്ങനെ എന്നും കൂടി നമുക്കറിയേണ്ടതുണ്ടു്. കയറാന്‍ പോകുന്ന കള്ളനെ പ്രതിരോധിക്കാന്‍ അവന്റെ മോഡ് ഓഫ് ഒപ്പറാണ്ടി അറിയേണ്ടതുണ്ടു്. അതു് അറിയാമെന്നു് പറയുന്നവര്‍ അതൊന്നു വിശദീകരിച്ചു തരികയെങ്കിലും വേണ്ടേ? ബദല്‍ നിര്ദ്ദേശിക്കണമെന്നൊന്നും നിര്‍ബന്ധമില്ലല്ലോ സാര്‍.
ചില കാര്യങ്ങള്‍ പറയുമ്പോള്‍ വ്യക്തത കുറയുന്നതും കപടഭാഷയില്‍ വാചകങ്ങളെ പൊതിയുന്നതും മനപ്പൂര്‍വ്വമായിരിക്കില്ല. നെടുനാളത്തെ അദ്ധ്യാപന പരിചയം അത്തരം വാക്കുകളെ നിത്യസംഭാഷണത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടാകാം. അതേ വാക്കുകളുടെ സ്വഭാവം കടമെടുത്തു് മറുപടി എഴുതിയാല്‍ എങ്ങനെയുണ്ടാവും?
ജ്ഞാന നിര്‍മ്മിതിയുടെ പന്ഥാവുകളിലെങ്ങോ ഒളിച്ചിരിക്കുന്ന നിര്‍മ്മാതാവ് പുതു സ്വാതന്ത്രത്തിന്റെ പരപുരുഷനാണോ, അതോ വര്‍ഗസമീപനരാഷ്ട്രീയത്തിന്റെ ഉപകര്‍ത്താവാണോ എന്ന സന്ദേഹം, അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലുയരുക സ്വാഭാവികമാണ്. അരമനകള്‍ വര്‍ഗസമീപനമെന്നും, അധിനിവേശവിരുദ്ധര്‍ പുത്തന്‍ സ്വാതന്ത്ര്യം എന്നും ഒരേ പാഠത്തെ ദര്‍ശിക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം പ്രജ്ഞയുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ സര്‍വതലസ്പര്‍ശിയായ ഒരപഗ്രഥനത്തിന് വിഷയീഭവിക്കുന്നില്ല.
‘പരിഷത്തൊഴികെ എല്ലാവരും ഉപേക്ഷിച്ച വിശ്വമാനവികത’, ലോബിയിംഗ് വരുത്തിയേക്കാവുന്ന അപകടസാധ്യകള്‍, ആഗോളവത്ക്കരണം, നവലിബറലിസം, തുടങ്ങിയ പ്രയോഗങ്ങള്‍ വെള്ളെഴുത്തിന്റെ കട്ടിക്കണ്ണടയ്ക്കു് മാറ്റുകൂട്ടുന്നു. സൂക്ഷ്മ വായനയില്‍ ലേഖനം ഉദ്ദേശിക്കുന്നത് ഒരു നിലപാടല്ല മറിച്ച് ‘സെക്കുലറായ ഒരു മൂന്നാം കണ്ണ്’ മാത്രമാണെന്നു് ബോധ്യമാവുന്നു. “ഒന്നു ചിന്തിച്ചാലെന്താ” എന്ന പഴയ ചോദ്യവും “ചിന്തിച്ചില്ലെങ്കിലെന്താ” എന്ന പിന്നത്തെ ചോദ്യവും വായനക്കാരനെ അലട്ടുന്നതു്, ഇവ രണ്ടും അപ്രത്യക്ഷമായതിനു് ശേഷമാണല്ലോ എന്നു് അപ്പോള്‍ നാമോര്‍ക്കുന്നു. ഇതിനെയാണോ സാര്‍, “ബട്ടര്‍ഫ്ളൈ ഇഫക്ട്” എന്നു് പറയുന്നതു് ? ഉത്തരവാദിത്വമില്ലാതെ ഭയം പങ്കു വയ്ക്കുന്നതു് ആരെ സഹായിക്കാനാണു് സാര്‍?
പരമേശ്വരന്റെ തൃക്കണ്ണുപോലെ, ഐതിഹ്യത്തിലുറയ്ക്കുന്ന ആ മൂന്നാംകണ്ണില്‍ എരിഞ്ഞടങ്ങുന്ന കാമന് ജ്ഞാനോത്പാദനമല്ലെന്നു് പ്രതീക്ഷിക്കാം.രണ്ടു ലേഖനവും വായിച്ചു് മുന്നില്‍ വരുന്ന ‘അപകടത്തെ’ കണ്ട് ഉള്ളുകിടുങ്ങിയിരിക്കുന്നവര്ക്കും വിജുവും വെള്ളെഴുത്തും പങ്കുവെക്കുന്ന ഭയം അസ്ഥാനത്താണോ എന്നറിയാതെയും ആ ഭയത്തിനു സാംഗത്യം ഉണ്ടായിരിക്കുകയും അതേസമയം അതിനെക്കുറിച്ച് ബോധവാന്മാരാകാതിരിക്കുകയും ചെയ്താലുള്ള അപകടത്തെ കുറിച്ചോര്‍ത്തും കുഴങ്ങുന്നവര്‍ക്കും, പരസ്യമായി, ലളിതമായി കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ ഒരു വേദി വേണ്ടതല്ലേ?
മൊത്തം പാഠപുസ്തക പരിഷ്കരണത്തിന്റെ പിന്നില്‍ അദൃശ്യനായ ഒരു പാഠപുസ്തകനിര്‍മ്മാതാവ് നടത്തുന്ന നവലിബറലിസത്തിന്റെ ഒരു ഹിഡന്‍ അജണ്ടയുണ്ടോ?
ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍ കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്നു രണ്ട് ലേഖകരും സ്ഥാപിക്കുമ്പോള്‍, നിലവിലിക്കുന്ന ഒരു വ്യവസ്ഥയുടെയും സ്വാധീനമില്ലാതെ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വഴി എന്താണു് ?
ലളിതമായി ചോദിച്ചാല്‍, ആരാണ് പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കേണ്ടത്? ആരില്‍ നിന്നാണ് അതിനുളള അനുവാദം വാങ്ങേണ്ടത്?
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up
into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason
has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action—
Into that heaven of freedom, my Father, let my country awake.
നല്ല ലേഖനം. ഒരല്‍പ്പം നേരത്തേ വേണ്ടതായിരുന്നുവെന്ന ചിന്ത ഞാന്‍ എന്റെ ബ്ലോഗില്‍ പങ്കു വെച്ചിരുന്നു.
വെള്ളെഴുത്തിന്റെ ലേഖനത്തില്‍ ഈ “അദൃശ്യരൂപി”യെപ്പറ്റി ചില സൂചനകള്‍ വിടുന്നുണ്ടോ എന്ന് nth വായനയില്‍ ഒരു സംശയം.
— പരിഷത്തിനൊഴികെ വിശ്വമാനവ സങ്കല്‍പ്പം കാലഹരണപ്പെട്ടതാണ്
— ‘ഇന്നയിന്ന‘ പ്രശ്നങ്ങളെയാണ് വിമര്‍ശനാത്മകമായി സമീപിക്കേണ്ടത് എന്ന് നെഞ്ചൂക്കോടെ പറയാന്‍ അദൃശ്യനായ ഒരാള്‍ പാഠപുസ്തകങ്ങളില്‍ ‘പ്രശ്ന‘ങ്ങളുമായി കയറിയിരിക്കുന്നത് ഇതാദ്യമായാണ്. ഈ ചുവടുമാറ്റം കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ നടന്നതാണ്
— ഒരു പ്രദേശത്ത് നടന്ന ‘പുരോഗമനപരമായ‘(?) മുന്നേറ്റങ്ങള്‍ മാത്രം പാഠപുസ്തകങ്ങളില്‍ (അതു പലതരത്തിലുണ്ട്. മണലെഴുത്ത് അതിലൊന്നാണ്. അദ്ധ്യാപക ഡയറി, പ്രാദേശിക ഡയറി (Local Text) ബേസിക്, അഡ്വാന്‍സെഡ്…അങ്ങനെ) നിറച്ചാല്‍ മതി എന്നു വാശിയുള്ളരും കുറവല്ല. ഒന്നും പറ്റിയില്ലെങ്കില്‍ ചോദ്യപ്പേപ്പറിലെങ്കിലും).
— തീവ്രവാദം- അമേരിക്ക എന്നു രണ്ടു കളങ്ങള്‍ മാത്രമല്ല ലോകത്തുള്ളതെന്ന് അറിയാവുന്നവര്‍ക്ക് പാഠപുസ്തകകാര്യത്തില് രാഷ്ട്രീയം -മതം എന്നു രണ്ടു കളങ്ങളല്ല ഉള്ളതെന്നു മനസ്സിലാവാതെ പോകുന്നതിന്റെ കാരണം അറിയില്ല
വെള്ളെഴുത്ത് ചൂണ്ടുന്നത് പാഠപുസ്തക നിര്‍മ്മിതിയില്‍ പരിഷത്തിന്റേയും, എം.പി.പരമേശ്വരന്റേയും ആശയ സ്വാധീനത്തിലേക്കാണോ?? എങ്കില്‍, ഇവിടെ സര്‍ക്കാരിനെ തന്നെ കുളത്തിലിറക്കുന്ന നിര്മ്മിതിയാവുമല്ലോ അത്? “പുരോഗമനപരമായ(?)“ എന്ന വരി ഭൂപരിഷ്കരണത്തെ ലക്ഷ്യം വെച്ചാവാം.
ചുരുക്കത്തില്‍ കുട്ടികള്‍ (ഈ പാഠപുസ്തകത്തിനു മുന്‍പ്) ഗ്രാമത്തിലിറങ്ങി, സമൂഹത്തോട് സംവദിച്ച് അവരവരുടേതായ നിരീക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്ന പല കാര്യങ്ങളിലും, അവരെ ഈ പുസ്തകം (മിസ്)ഗൈഡ് ചെയ്യുന്നതായി വെള്ളെഴുത്ത് ഭയക്കുന്നു.
അങ്ങിനെയാണെങ്കില്‍ സൂരജിന്റെ അവസാനത്തെ ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ. സാമൂഹ്യശാസ്ത്രം ഒരു പാഠപുസ്തക വിഷയമല്ലാതാക്കുക. എക്സര്സൈസുകളിലും, അസൈന്മെന്റിലും മാത്രം ഊന്നി സമൂഹത്തെ നിരീക്ഷിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക. അതായത് കൃത്യമായ ഉത്തരങ്ങളുള്ള ചോദ്യങ്ങളല്ല, ചോദ്യങ്ങള്‍ക്ക് അവരവരുടെ നിരീക്ഷണം എന്താണെന്നായിരിക്കാണം സാമൂഹ്യശാസ്ത്രം പഠിപ്പിക്കേണ്ടത്.
പണ്ട് ഡി.പി.ഇ.പി എന്നു കേട്ടപ്പോള്‍ പൊട്ടിയ കയറുകളുടേയും ഓടിയ കാളകളുടേയും കണക്കു കൂടി എടുക്കേണ്ടതാണ് കൂടെ.
ഈ വായന ഇഷ്ടപ്പെട്ടു.
ഏതാണ്ട് സമാനമായ അഭിപ്രായമാണു ഈയുള്ളവനും. വെള്ളെഴുത്തിന്റെ പോസ്റ്റില്‍ ഈ “ഹ്രസ്വദൃഷ്ടിക്കാരന്‍” നടത്തിയ വിലയിരുത്തലിനെക്കുറിച്ച് അദ്ദേഹമൊന്നും പറഞ്ഞു കണ്ടില്ല. ഇനിയും ഈ വിഷയത്തില്‍ ചര്‍ച്ച വേണമെങ്കില്‍ അദ്ദേഹമെന്തെങ്കിലും പറയണം എന്നു തോന്നുന്നു.
തീവ്ര ഇടതു നിലപാടുകള്‍ തീവ്രവലതുപക്ഷം രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ച വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.
അദ്ദേഹത്തിന്റെ എന്നല്ല ,ഏതു തരം വേറിട്ട വായനകളും സ്വാഗതം . അതിനായ് സഹിഷ്ണുതയോടെ കാത്തിരിക്കുന്നു.
ഒരു നൂറു റോസാ പുഷ്പങ്ങള്‍ വിരിയട്ടെ എന്നാശംസിക്കുന്നു.
പ്രിയ കണ്ണൂസ് ,
കേരളവിദ്യാഭ്യാസ ബ്ലോഗ് എന്നത് പാഠ്യപദ്ധതി പരിഷ്കരണത്തോടു് അനുകൂലമായ നിലപാടുള്ള ഒരു സംഘം ബ്ലോഗര്‍മാരാണു് ഈ ബ്ലോഗിനു് പിന്നില്‍. എന്നാല്‍ ഞങ്ങള്‍ക്കു് ചില ചില കാര്യങ്ങളില്‍ പാഠപുസ്തകത്തിലെ ഉള്ളടക്കത്തോടും അവതരണ രീതിയോടുമൊക്കെ ചില്ലറ വിയോജിപ്പുകളുണ്ടുതാനും. അവ പക്ഷെ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെ കെടുത്താന്‍ മാത്രം പോന്നവയല്ല.
വിവിധ ബ്ലോഗുകളില്‍ ഇതേപ്പറ്റിവന്ന പോസ്റ്റുകളും ഉന്നയിക്കപ്പെട്ട ആശയങ്ങളുമൊക്കെ നിരീക്ഷിച്ചും ആന്തരിക ചര്‍ച്ചയിലൂടെ ആശയവ്യക്തത വരുത്തിയുമാണ് ഈ ബ്ലോഗില്‍ പോസ്റ്റിടുന്നത്. അതില്‍ കൂട്ടായ്മയിലെ എല്ലാവരുടെയും സംഭാവനയുണ്ട്. ഇവിടെ കിരണോ സൂരജോ ഡാലിയോ രാധേയനോ മൂര്‍ത്തിയോ മാരീചനോ സെബിനോ റോബിയോ വ്യക്തിപരമായി ഒന്നും പോസ്റ്റ് ചെയ്തതല്ല. ആശയം പങ്കുവയ്ക്കുന്നതില്‍ തുടങ്ങി പോസ്റ്റുകളുടെ ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതും ചില പ്രയോഗങ്ങള്‍ തിരഞ്ഞെടുക്കുന്നതുമായ കാര്യങ്ങളിലുള്‍പ്പടെ സംഘമെന്ന നിലയില്‍ തന്നെയാണു് പ്രവര്‍ത്തിച്ചിട്ടുള്ളതു്.
ഈ ബ്ലോഗില്‍ മറ്റിടങ്ങളില്‍ വന്നതും പ്രസക്തവുമായ ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തത് ഈ വിഷയവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഒരിടത്ത് റെഫറന്‍സ് ആയി ശേഖരിക്കാനും അവയെ ചര്‍ച്ചക്ക് വയ്ക്കാനും കൂടിയാണ്. അവയുടെ കണ്ടന്റിനോടു് ഈ ബ്ലോഗ് നടത്തിപ്പുകാര്‍ യോജിക്കുന്നു എന്നു് അതിനര്‍ത്ഥമില്ല.
പാഠപുസ്തകത്തിലെ പ്രസക്തമായ ഭാഗങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയും അവിടെ ഉണ്ടായിരുന്നു.പാഠപുസ്തക പേജുകള്‍ക്ക് ശേഷം വന്ന ആദ്യ പോസ്റ്റുകള്‍ നോക്കൂ. അതിനെതിരായ വാദഗതികള്‍ വലുതായി അവിടെ വരാത്തതുകൊണ്ട് തന്നെ കമന്റുകളുടെ എണ്ണവും കുറവായിരുന്നു എന്നേയുള്ളൂ. ആ പോസ്റ്റുകളിലെ വസ്തുതകള്‍ ആശയപ്രചരണത്തിന്റെ ഭാഗമായി ഉപയോഗപ്പെട്ടിട്ടുണ്ട് എന്നു തന്നെ കരുതുന്നു.
ഇപ്പോള്‍ ബ്ലോഗ്ഗോസ്ഫിയറിന്റെ താപനില മതനിരാസം വേഴ്സസ് മതവിശ്വാസം എന്നതിലേക്ക് വന്നപ്പോള്‍ ആ വിഷയത്തെയും പോസ്റ്റാക്കിയിട്ടുണ്ട്. ഒപ്പം നിലപാടില്ലായ്മയേയും നിഷ്പക്ഷതയുടെ പിന്നിലെ കാപട്യങ്ങളെയും വിമര്‍ശനവിധേയമാക്കി പോസ്റ്റ് വന്നു.
കൂട്ടായ്മയുടെ ആ ശ്രമത്തെ കാണാതെ ഇതിനെ വ്യക്തിസത്തയിലേക്കു് ചുരുക്കുമ്പോള്‍ അതു് ഈ സംരംഭത്തെ തന്നെയാണു് വഴി തെറ്റിക്കുന്നതു്. പുതിയ പാഠ്യപദ്ധതി തന്നെ വിദ്യാര്‍ത്ഥികളെ കൂട്ടായ അന്വേഷണങ്ങളിലേക്കു് വഴി നടത്തുന്നതായിരിക്കെ ഇങ്ങനെ പറയേണ്ടതു് ആവശ്യമാണെന്നറിയുക.
അത് മനസ്സിലായിട്ടുണ്ട്. വ്യക്തികള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുമില്ല.
ഈ പോസ്റ്റു കൂടി വഴി തെറ്റരുത് എന്നുള്ളതു കൊണ്ട്, ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതാം എന്തു കൊണ്ടാണ് “കേരളവിദ്യാഭ്യാസം” ബ്ലോഗിനെക്കുറിച്ച് ചെറിയ നിരാശ പ്രകടിപ്പിച്ചത് എന്ന്. പറയുന്നത് പോസിറ്റിവ് സെന്‍സിലും അതിന്റെ പശ്ചാത്തലം കണക്കാക്കിയും വിലയിരുത്തുക എന്നൊരു അഭ്യര്‍ത്ഥനയുണ്ട്.
ഇനി ഈ കാര്യത്തെപ്പറ്റി ഇവിടെ മിണ്ടില്ല.
പ്ലീസ്, നിങ്ങളായിട്ട് നിങ്ങളുടെ പോസ്റ്റിനെ വഴിതിരിക്കരുത്.
(ഡിലീറ്റ് ചെയ്യാമെങ്കില്‍ വായിച്ചിട്ട് ഡിലീറ്റ് ചെയ്യുക.)
ഹഹഹ…
കണ്ണുസേ…. ഡോണ്ട് വറി..
സജീവമാക്കാന്‍ താങ്കളെപ്പോലുള്ളവര്‍ വരുമ്പോള്‍ താനേ ജീവന് വയ്ക്കും ചര്‍ച്ചകള്‍.
മുകളിലെ കമന്റ് ഒരു പൊതുപ്രസ്താവന മാത്രമായി കാണുക.
താങ്കളുടെ വിമര്‍ശനം അതിന്റെ പോസിറ്റീവ് അര്‍ത്ഥത്തില്‍ തന്നെ എടുക്കുന്നു.
എം പി പരമേശ്വരന്റെ (അദ്ദേഹത്തെയാണ് വിജുവും വെള്ളെഴുത്തും ഉദ്ദേശിച്ചതെങ്കില്‍) വീക്ഷണങ്ങളുടെ സ്വാധീനം പരിഷത്തിന്റെ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയണം, കാരണം ഇതുമായി ബന്ധപ്പെട്ടുണ്ടായ ഗവേഷണങ്ങളിലും പഠനങ്ങളിലുമെല്ലാം ഉള്‍പ്പെട്ടിരുന്നവര്‍ സബ്ജക്റ്റ് എക്സ്പര്‍ട്ട് എന്ന നിലയ്ക്ക് എം പിയെക്കാള്‍ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു (വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ തരാം, പുസ്തകങ്ങളും)
ചോദ്യം എന്തു പഠിക്കണം എന്ന് പരിഷത്താണോ തീരുമാനിക്കുക്കത് എന്നല്ലേ? യാതൊന്നും നടപ്പിലാക്കാന്‍ ഔദ്യോഗിക അധികാരം പരിഷത്തിനില്ല. എനിക്കു പനിയെന്നു പറഞ്ഞ് സൂരജിന്റെ ആശുപത്രിയില്‍ വന്നാല്‍ മരുന്നു കുറിച്ചു കിട്ടും. (അതില്‍ മണ്ണെണ്ണ എന്നാണോ മരമഞ്ഞള്‍ എന്നാണോ എഴുതിയിരിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ടെങ്കില്‍ കാര്യം രണ്ടാള്‍ക്കും എളുപ്പമായി. എനിക്ക് ഒന്നുമറിയില്ലെങ്കില്‍ ഞാന്‍ അന്ധമായി വിദഗ്ദ്ധനെ വിശ്വസിക്കും, എങ്ങനെയായാലും അധികാരത്തില്‍ വത്യാസമില്ല). ഞാന്‍ വന്നു, മരുന്നുവാങ്ങി കഴിച്ചു. ഞാനെന്തു കഴിക്കണമെന്ന് സൂരജാണോ അപ്പോള്‍ നിശ്ചയിച്ചത്?
ആരു തീരുമാനിക്കണം കുട്ടികള്‍ എന്തു പഠിക്കണം എന്നത് എന്ന ചോദ്യം കുട്ടികള്‍ എന്തിനാണ് പഠിക്കുന്നത് എന്നതിന്റെ ഭാഗമാണ്. കുട്ടികള്‍ പഠിക്കുന്നത് നല്ലൊരു സമൂഹമുണ്ടാവാനാണ്. നല്ലൊരു സമൂഹത്തിന്റെ ലക്ഷണം അതു പുരോഗമിക്കുന്നു, അതിലെ അംഗങ്ങള്‍ സുരക്ഷിതരും സന്തുഷ്ടരും ആശങ്കയില്ലാത്തവരും അറിവുള്ളവരും ലോകത്തെ ഇഷ്ടപ്പെടുന്നവരും ആണെന്നതാണ്. സമൂഹത്തിന്റെ ആവശ്യമാണ് ഇതെന്നിരിക്കെ എന്തു പഠിക്കണം എന്നു തീരുമാനിക്കുന്നത് അത് തന്നെയാണ്.
സമൂഹത്തിന്റെ നല്ലതിനു അംഗങ്ങളുടെ വ്യക്തിപരവും കൂട്ടായും ഉള്ള ഉത്തരവാദിത്മാണ് ഉള്ളത്. കൂട്ടായ ഉത്തരവാദിത്വം ചുമതലയേറ്റ ബോഡിയാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് സര്‍ക്കാരിനു വിദ്യാഭ്യാസവകുപ്പ് ഉള്ളത്. വ്യക്തിതലത്തില്‍ എന്റെ മക്കളെ പഠിപ്പിക്കാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ട് (ഉപമ- വ്യക്തിപരമായി എനിക്ക് കുടിച്ചു വണ്ടിയോടിക്കാതിരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്) കൂട്ടായി എന്റെ മക്കളെയടക്കം സകലകുട്ടികള്ക്കും ശരിയായ പഠനം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ് (ഉപമ- പൊതുജനം കുടിച്ചു വണ്ടിയോടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം, അതിനാണ് ട്രാഫിക്ക് പോലീസിന് ഈ ഉത്തരവാദിത്വമുള്ളത്.)
പ്രശ്നം വ്യക്തി തന്റെ ചുമതലയെപ്പറ്റി ധരിച്ചിരിക്കുന്നതും സര്‍ക്കാര്‍ ധരിച്ചിരിക്കുന്നതും ഒന്നല്ലാതെയാകുമ്പോഴാണ്. (ഉപമ- കുടിച്ചിട്ട് വണ്ടിയോടിക്കുന്നതില്‍ തെറ്റൊന്നുമില്ല, സൂക്ഷിച്ചാല്‍ മതി എന്ന് ഞാന്‍ പറയുന്നു. ഒറ്റ കുടിയനും വണ്ടി തൊട്ടു പോകരുതെന്ന് സര്‍ക്കാര്‍)
ഇങ്ങനെ ഒരവസ്ഥ വന്നാല്‍ ലളിതമായ പരിഹാരം ഭൂരിപക്ഷം പൗരന്മാരും കുടിച്ചിട്ട് വണ്ടിയോടിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് അഭിപ്രായപ്പെട്ട് അതിനനുസരിച്ച് സര്‍ക്കാര്‍ നയം സ്വീകരിക്കുക എന്നാണ്. ആശാസ്യമായ പരിഹാരം അതാണോ എന്നത് അത്ര എളുപ്പത്തില്‍ മറുപടി പറയാവുന്ന കാര്യമല്ല. ലോകത്ത് എത്ര രാജ്യങ്ങളില്‍ കുടിച്ച് വണ്ടിയോടിക്കുന്നത് അനുവദനീയമാണ്, അവിടങ്ങളിലെ സുരക്ഷ അങ്ങനെയല്ലാത്ത സ്ഥലങ്ങളില്‍ നിന്നും മെച്ചമോ മോശമോ എന്നൊക്കെ വിദഗ്ദ്ധര്‍ക്ക് പറയാന്‍ കഴിയും എന്നാല്‍ നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിനു ജന പിന്തുണ കൂടിയേ തീരൂ, ഇല്ലെങ്കില്‍ പിന്തുണയുള്ള പുതിയ സര്‍ക്കാര്‍ അവര്‍ ഉണ്ടാക്കും.
സാമ്രാജ്യത്വത്തെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം വഴി അധിനിവേശം വിദ്യാഭ്യാസത്തില്‍ കടന്നു കൂടിയിരിക്കുന്നു എന്നാണ് വെള്ളെഴുത്തിന്റേയും വിജുവിന്റേയും അതുപോലെ പാഠം പക്ഷത്ത് നിന്നു ചിന്തിക്കുന്നവരുടേയും (ആസാദ്, നരേന്ദ്രന് ഒക്കെ ഈ രീതിയില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു) ആരോപണം
വലതുപക്ഷം എല്ലായ്പ്പോഴും സാമ്രാജ്യത്വ അനുകൂലികളെന്നാണ് പരക്കെയുളള വിശ്വാസം. ആ നിലയ്ക്ക്, ഏത് സര്‍ക്കാര്‍ വന്നാലും വിദ്യാഭ്യാസ പരിഷ്കണമെന്നാല്, വിദ്യാഭ്യാസത്തിന്റെ സാമ്രജ്യത്വവത്ക്കരണം എന്ന ആശാസ്യമല്ലാത്ത, അരാഷ്ട്രീയമെന്നു വിളിക്കപ്പെട്ടേയ്ക്കാവുന്ന നിലപാടില്‍ ആണു ഇവരെന്നു കരുതേണ്ടി വരും.
നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍ കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്ന് വെള്ളെഴുത്തിനെകൊണ്ട് പറയിപ്പിക്കുന്നതെന്താണ് എന്ന ചോദ്യത്തിന്റെ ആഴങ്ങളിലേയ്ക്ക് അതുകൊണ്ടു തന്നെ പോകാതിരിക്കാന്‍ വയ്യ. ജനാധിപത്യപരമായ ഒരു ജാഗ്രതയില്‍ നിന്നു നോക്കുമ്പോള്‍ ഈ ആരോപണം “മതനിരാസം ഉണ്ടോ ഇല്ലയോ” എന്നത് പോലെ നിസ്സാരമായി തള്ളിക്കളയാനാവില്ല.
നമുക്ക് ചെയ്യാവുന്നതില്‍ ഒന്ന് വെള്ളെഴുത്ത് തന്നെ നിര്‍ദ്ദേശിച്ച രീതിയില്‍ ഇതുവരെ മാറിയ പാഠ്യപദ്ധതിയിലൂടെ കടന്നു വന്ന പുസ്തകങ്ങളുടെ ഒരു താരതമ്യ പഠനം നടത്തുക എന്നതാണ്. അതിനു നമ്മള് തയ്യാറുമാണ്. പാഠപുസ്തകത്തിന്റെ നിലവാരത്തിനു എന്തു സംഭവിച്ചു എന്നതിനേക്കാള്‍, അദൃശ്യരായ, പ്രതിലോമകരങ്ങളായ കരങ്ങള്‍ പാഠപുസ്തകങ്ങളുടെ നിലവാരം ബോധപൂര്‍വം കുറച്ചാണോ എന്നത് കുഴക്കുന്ന ചോദ്യം തന്നെയാണ്. നേരിട്ടൊരു ഉത്തരം കിട്ടിയേക്കാവുന്ന ഋജുവായൊരു ചോദ്യവുമല്ല അത്. വിവിധ രീതികള്‍ അവലംബിച്ച് ചോദ്യത്തെ നേരിടുകയേ വഴിയൂള്ളൂ.
ദേവന് പറയുന്നത് ശരിയാണ്. ഭൂരിപക്ഷത്തിന്റെ ശരി എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. ഏറ്റവും നല്ലത് ഏതെന്നു മനസ്സിലാക്കാനെങ്കിലും ഈ വിവാദം സഹായിച്ചാല്‍ അതാണ് ഇതുകൊണ്ടുണ്ടായ നേട്ടം. എം.പി യെക്കാള്‍ വൈദഗ്ദ്യമുള്ളവരായിരുന്നു സബ്ജെക്റ്റ് എക്സ്പേര്‍ട്ടുകള്‍ എന്നു തെളിയിച്ചാലും അവരില്‍ മറ്റു സ്വാധീനം ഉണ്ടായിരുന്നില്ല എന്ന് എങ്ങനെ തെളിയിക്കും? അതിനു പാഠപുസ്തകം വഴി പോയേ പറ്റൂ.
ഇങ്ങനൊരെണ്ണം കൂടി ഉണ്ടായിരുന്നു അല്ലേ. പറയാനുള്ളത്
ഇവിടെ പറഞ്ഞിട്ടുണ്ട്