അര്‍ത്ഥവത്തായ ഒരു വൃക്ഷവിലാപത്തോടെയാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.
2,3 പേജുകള്‍ എന്താണ് അരാഷ്ട്രീയത എന്ന് ഭംഗിയായി വരച്ചു കാട്ടുന്നു.എങ്ങനെ സാമൂഹികബോധവും രാഷ്ട്രീയതയും പരസ്പരപൂരകുന്നു എന്നതിനെ ലളിതമായി വിശദീകരിക്കുന്നു.ബ്ലോഗില്‍ ദേവന് എന്ന എന്റെ പ്രിയ സുഹൃത്ത് ഇത് പണ്ടൊരിക്കല്‍ ഭംഗിയായി വിശദീകരിച്ചിരുന്നു.
സാമൂഹികപ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ പഠിപ്പിക്കുകയാണ് സാമൂഹ്യപാഠത്തിന്റെ ലക്ഷ്യം എന്ന് ഉച്ചസ്തൈരം ഉദ്ഘോഷിക്കുകയാണ് ഈ പാഠഭാഗം ചെയ്യുന്നത്.പണ്ട് നടന്നതും പാളയില്‍ തൂറിയതും പഠിക്കുകയല്ല സാമൂഹിക പാഠത്തിന്റെ ലക്ഷ്യം.അത് ഒരു മെച്ചപ്പെട്ട സാമൂഹിക ജീവിയെ ക്രിയേറ്റ് ചെയ്യുകയാണ്.ഇന്ന് സമരം ചെയ്യുന്നവരുടെ അജണ്ടയില്‍ അങ്ങനെയൊന്നില്ല എന്നത് തന്നെ സംവാദങ്ങളെ വൃഥാവിലാക്കുന്നു.രമേഷ് ചെന്നിത്തല പറയുന്നത് പുസ്തകം പിന്‍വലിച്ചിട്ട് ചര്‍ച്ച എന്നാണ്.ചര്‍ച്ച ചെയ്യപ്പെടുന്നതോടെ പല പുരോഗമന മുഖംമൂടികളും വലിച്ച് കീറപ്പെടും.
വാഹനാപകടത്തില്‍ പെടുന്നവരെ തിരിഞ്ഞു നോക്കാതെ ആളുകള്‍ അവരവരുടെ വഴിക്ക് പായുന്ന അതിദാരുണവും നിന്ദ്യവുമായ ഒരു സാമൂഹിക മനശാസ്ത്രം വളര്‍ന്നുവരുന്നു(കഴിഞ്ഞ ദിവസം അന്തരിച്ച അയ്യനേത്തിനെ ഓര്‍മ്മിക്കുക).ഇതിനെ കടയോടെ പിഴുതെറിയണം.സഹായിക്കുന്നവനെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ പോലീസും ആശുപത്രിക്കാരും സൃഷ്ടിക്കുന്ന അരോചകമായ അവസ്ഥയാണ് ഇതിനു കാരണം എന്ന് പറയാറുണ്ട്.എങ്കില്‍ അതും പൊളിച്ച് കാട്ടുന്ന ഒരു ചര്‍ച്ച കുട്ടികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരേണം.
ഇതില്‍ അല്‍പ്പം വിവാദമാകാവുന്നത് തേങ്ങാ-പാമോയില്‍ ഭാഗമാണ്.അല്‍പ്പം സിരിജഗന് അലക്ഷ്യം (സിരിജഗന്റെ താല്‍പ്പര്യം നീതി നിര്‍വ്വഹണമല്ല എന്ന് തോന്നറുണ്ട്) അതിലില്ലേ എന്നു ന്യായമായി സംശയിക്കാവുന്നതാണ്.(സമാനമായ ഒരു വിവാദമാണ് ഷോപ്പിംഗ് മാള്‍-ചെറുകിട വ്യാപാരിയുടെ നിലനില്‍പ്പ് വിവാദം).
ഇവയിലൊക്കെ ശക്തമായ മറുവാദങ്ങളുണ്ട്.തെങ്ങുകൃഷി എന്തു കൊണ്ട് ഉല്‍പ്പാദനക്ഷമമല്ലതെ ആയി?ഉല്‍പ്പാദനക്ഷമമല്ലാത്ത ഒരു കൃഷിയെ സാമൂഹികബാധ്യതയുടെ പേരില്‍ എത്ര നാള് സംരക്ഷിക്കാനാവും? ഇതു പോലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന ഭാഗങ്ങള്‍ ഏഴാം കളാസ് പാഠത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.എനിക്ക് ഇപ്പോഴും പറയാന്‍ കഴിയില്ല ഷോപ്പിംഗ് മാളുകള്‍ വേണമോ അതോ ചെറുകിടവ്യാപാരികള്‍ വേണമോ എന്ന്.ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ ഷോപ്പിംഗ് മാളുകളിലെ സേവനരീതികള്‍ എനിക്ക് പഥ്യമാണ്.അത് വന്‍ രീതിയില്‍ തൊഴില്‍ നഷ്ടവും സാമൂഹിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്.
പക്ഷെ തരിശിടുന്നതിനെ കുറിച്ചുള്ള ഭാഗം അത്യന്തം കാലികപ്രസക്തം.ഭക്ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടാല്‍, അതിന്റെ 50% കണ്‍സീവ് ചെയ്താല്‍,അതിന്റെയും 50% പ്രയോഗത്തില്‍ വന്നാല്‍ അത് ഗുണകരമാവും
ആ പാഠഭാഗത്തിന്റെ ഒടുക്കം സ്വാതന്ത്ര്യത്തെ നന്നായി നിര്‍വചിക്കാനും ശ്രമിക്കുന്നു.സിവിക്ക് റൈറ്റ്സും സിവിക്ക് റെസ്പോണ്‍സിബിലിറ്റിയുമൊക്കെ ആനുപാതികമായി ചേരുന്നതാണ് സ്വാതന്ത്ര്യം എന്ന് ബോധം കുട്ടികളില്‍ ഉളവാക്കുന്നത് നല്ലത്.
അടുത്ത പേജ് നമ്മളോക്കെ പഠിച്ച സംഭവം തന്നെ.എങ്ങനെ ബ്രിട്ടീഷുകാര്‍ നമ്മെ ചൂഷണം ചെയ്തു എന്നതിനെ കുറിച്ച് ഒരു ലഘുചിത്രം.പക്ഷെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പറഞ്ഞത് കടന്ന കൈ ആയി.അദ്ധ്യാപകന് കമ്മ്യൂണിസ്റ്റാണെങ്കില്‍ ആഗോളീകരണ വിരുദ്ധ പ്രബന്ധവും കോണ്‍ഗ്രസാണെങ്കില്‍ മന്മോഹനിക്സിന്റെ വാഴ്ത്തുപാട്ടുമായി മാറും ആ താരതമ്യം എന്നതില്‍ എനിക്ക് സംശയമില്ല.സത്യം എന്നത് ഇവിടെ വ്യാവഹാരിക സത്യം മാത്രമാകുന്നു.ഇനി കോണ്‍ഗ്രസുകാരന്റെ പ്രബന്ധം പരീക്ഷയില്‍ ഒരു കുട്ടി എഴുതിയാല്‍ അത് മാര്‍ക്കിടുന്ന കമ്മ്യൂണിസ്റ്റ് എത്ര കൊടുക്കും.
അടുത്ത പേജില്‍ ഒന്നാം സ്വാതന്ത്ര്യ സമരമാണ് പരാമര്‍ശവിഷയം.ഞാന്‍ ഈ സമരത്തില്‍ പങ്കെടുത്തതായി പഠിച്ചത് 3 പേരാണ്.റാണി ലക്ഷ്മി ഭായി,താന്തിയ തോപ്പി,ബഹാദൂര്‍ ഷാ.ബഹാദൂര്‍ ഷായ്ക്ക് ഇതില്‍ കാര്യമായ പങ്കൊന്നുമില്ലായിരുന്നു എന്നും പേരിന് ഒരു നേതാവെന്ന നിലയില്‍ കലാപകാരികള്‍ പൊക്കി കൊണ്ട് നടക്കുകയാരുന്നു എന്നും പിന്നീട് മനസ്സിലാക്കി.
ഇവിടെ സമരത്തില്‍ ജീവത്യാഗം ചെയ്ത് പീര്‍ മുഹമ്മദിലൂടെയാണ് സമരത്തിന്റെ സ്വഭാവത്തെ കാണിക്കുന്നത്.ഒരു തരം നിനിമാറ്റിക്ക് വ്യൂ എന്നു പറയാം.സമരമെന്നത് നേതാക്കന്മാരില് ഒതുങ്ങി നില്ക്കുന്ന ഒന്നല്ല എന്നും അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അതിന്റെ മഹത്വം അവകാശപ്പെടാമെന്നും ഈ പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പീര്‍മുഹമ്മദിന്റെ പങ്ക് വലൂതാക്കി കാണിച്ചു എന്ന് മറ്റോ ഷാനവാസ് പറയുന്നു.അത്ര നിസാരവല്‍ക്കരിക്കാവുന്നതാണോ പീര്‍മുഹമ്മദിന്റെ ത്യാഗം.ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗം ജീവത്യാഗമാണ്.അത് ചെയ്തവന് സിപ്പായി ആയിക്കൊള്ളട്ടെ തോട്ടി ആയിക്കൊള്ളട്ടെ,അതിനോളം വരില്ല മറ്റൊന്നും.നെഹ്രുവിന്റെ വസ്തുക്കള്‍ രാജ്യത്തിനു തീറു നല്കിയപ്പോള് എന്നെന്നേക്കുമായി ഈ നാടിന്റെ ചെങ്കോല്‍ ഒരു വംശം വിലയ്ക്ക് വാങ്ങി.പീര്‍മുഹമ്മദിന്റെ അനന്തരാവകാശിക്കള്‍ ഒരു പക്ഷെ ഇപ്പോഴും പാറ്റ്നയിലെ തെരുവില്‍ വണ്ടി വലിക്കുകയോ ഭാരം ചുമക്കുകയോ ആവും.അങ്ങനെ അങ്ങ് പുച്ഛിക്കരുത് ഈ മഹത്തായ രക്തസാക്ഷിത്വത്തെ.സിപ്പായി ലഹള എന്നു വിളിക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും ഷാനവാസിന് എന്ത് വ്യത്യാസമാണ് ഉള്ളത്.
ഒരു പക്ഷെ സ്വാതന്ത്ര്യസമരം അഹിംസാവാദികളുടെ കുത്തകയായിരുന്നു എന്ന വാദം ബലഹീനമാകുന്നതായി പോകുന്നതു കൊണ്ടാവാം ഇത്തരം എതിര്‍പ്പുകള്‍.എന്തായിരിക്കണം ഒരു വിപ്ലവകാരിയുടെ ആത്മീയത എന്ന് നിരീശ്വരവാദിയായ ഭഗത്സിംഗ് തന്റെ ചെറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ആത്മീയത ഒരു മതത്തിന്റെയും കുത്തകയല്ലെന്നും ഈ കത്ത് വെളിവാക്കുന്നു.ഒരു ആവേശത്തില്‍ അതിക്രമം ചെയ്ത ആധുനികകാലത്തെ ഭീകരവാദിയില്‍ നിന്നും ഒരു വിപ്ലവകാരി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ പാഠഭാഗം വെളിവാക്കുന്നു.ഒരു പക്ഷെ ഭഗത്സിംഗിനെ കുറിച്ച് കുട്ടിക്കാലത്ത് പഠിക്കുമ്പോള്‍ യൌവ്വനത്തിളപ്പില്‍ സായുധവിപ്ലവത്തിന് പുറപ്പെട്ട ഒരു വ്യക്തി എന്നാവും ഞാനും എന്റെ കാലഘട്ടത്തിലുള്ളവരും മനസ്സില്‍ കുറിച്ചിട്ടുണ്ടാവുക.പക്ഷെ മരണവും ജീവിതവും എങ്ങനെ അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്ന ഈ വാക്കുകള്‍ പഠിച്ചിരുന്നെങ്കില്‍ അത്തരമൊരു ബോധം നമ്മില്‍ വരില്ലായിരുന്നു.
കോണ്‍ഗ്രസിന്റെ രൂപീകരണം,ജാലിയന്‍വാലാബാഗ്,ഖിലാഫത്ത്,വാഗണ്‍ ദുരന്തം,ഉപ്പ് സത്യാഗ്രഹം എന്നിവയൊക്കെ നന്നായി പരാമര്‍ശിച്ചിരിക്കുന്നു.ഇവയിലൊക്കെ കോണ്‍ഗ്രസ് നേതൃപരമായ പങ്ക് വഹിച്ചത് കൊണ്ട് ഈ സമരങ്ങളെ ചെറുതായി കാട്ടിയിട്ടില്ല.
ഗാന്ധിജിയുടെയും കേളപ്പന്റെയും നേതൃത്വത്തിലാണ് നാം ഉപ്പ് കുറുക്കിയത് എന്ന് വ്യക്തമാക്കുന്ന പുസ്തകം അതില്‍ പങ്കെടുത്ത ഒരാളുടെ വാങ്ങ്മയചിത്രത്തിലൂടെ വീണ്ടും ഒരു സിനിമാറ്റിക്ക് വ്യൂ ഉണ്ടാക്കന്‍ ശ്രമിക്കുന്നു.മാത്രമല്ല ക്രോണോളൊജിക്കല്‍ ചാര്‍ട്ട് തയ്യാറാക്കി കൂടുതല്‍ അപഗ്രഥിക്കാനും ആവശ്യപ്പെടുന്നുണ്ട്.
രസകരമായ ഒരു ചോദ്യം അന്നും ഇന്നും അധികാരികളുടെ പ്രതിഷേധസമരങ്ങളോടുള്ള നിലപാടുകള്‍ താരതമ്യം ചെയ്യുവാനാണ്.ഏതായാലും താരതമ്യത്തില്‍ പ്രാക്റ്റിക്കല്‍ ചെയ്യാനുള്ള അസുലഭാവസരമാണ് ഹൈബി ഈഡനും കുഞ്ഞാടുകള്‍ക്കും കൈവന്നിരിക്കുന്നത്.
ക്വിറ്റിന്ത്യ
ക്വിറ്റിന്ത്യാ സമരത്തില്‍ കമ്മ്യൂ.പാര്‍ട്ടിയുടെ നിലപാട് എല്ലാവര്ക്കും അറിയുന്നതാണ്.അതിനെ സാധൂകരിക്കുന്ന ഒരു നിലപാടും ഈ ഭാഗത്ത് നല്‍കിയിട്ടില്ല.മാത്രമല്ല ക്വിറ്റിന്ത്യ സമരമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും പുസ്തകം വ്യക്തമാക്കുന്നു.(ഇത് പൂര്‍ണ്ണമായി സത്യമാണെന്ന് എനിക്കഭിപ്രായമില്ല.കോളനികള്‍ നഷ്ടത്തിലായത് കൊണ്ട് അവ ഉപേക്ഷിക്കപ്പെടുമെന്ന് 40കളുടെ തുടക്കം തന്നെ സുവിദിതമായിരുന്നു.ഡൊമിനിയന്‍ പദവിയോ പൂര്‍ണ്ണസ്വരാജോ ഇതിലേ തര്‍ക്കമുണ്ടായിരുന്നുള്ളൂ.)
പേജ് 37 സ്വതന്ത്ര ഇന്ത്യ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് നെഹ്രുവിന്റെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നു.അവ നാം കൈവരിച്ചോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു.ഇവിടെ കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിക്കുന്ന ഭാഗമുണ്ട്.നെഹ്രുവിനെ തള്ളിപ്പറഞ്ഞാണ് മന്മോഹനെ സ്വീകരിച്ചത്.അതുകൊണ്ട് തന്നെ നെഹ്രുവിയന്‍ സോഷ്യലിസം കോണ്‍ഗ്രസ് പരിപാടിയല്ല.പക്ഷെ അത് അവര്‍ തുറന്ന് പറയാന്‍ ഇത്തരം ചര്‍ച്ചകള്‍ ഇടയാക്കും.
ഏഴാം ക്ലാസിലെ കുട്ടിക്ക് ചര്‍ച്ച ചെയ്യാന്‍ തക്ക ലളിതമാണോ ഭൂവിതരണത്തിലെ അസന്തുലിതകള്‍,സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍,സ്ത്രീ പീഡനങ്ങള്‍ എന്ന ചോദ്യം നിലനില്‍ക്കുന്നതാണ്.അത് ഒരു പക്ഷെ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കാം.
വിമോചനം എന്ന വാക്കിന് 57-59ലെ സമരക്കാര്‍ പേറ്റന്റ് എടുത്തിട്ടുണ്ടോ എന്നറിയില്ല.ഇനി ഒരു സമരത്തെയും വിമോചനമെന്ന് വിളിക്കാന്‍ പാടില്ല.57-59ലെ സമരക്കാര്‍ എന്ത് വിമോചിപ്പിച്ചു എന്നറിയില്ല.പക്ഷെ പൊഴിയൂരിലെ സമരക്കാറ് തങ്ങളുടെ ഗ്രാമത്തെ കള്ളവാറ്റില്‍ നിന്നും മോചിപ്പിച്ചു.സമരങ്ങള്‍ക്ക് 1947 ആഗസ്റ്റ് 15 കൊണ്ട് ഇന്ത്യയില്‍ കര്ട്ടന് വീഴുന്നില്ല എന്ന് കാട്ടാനാണോ ഈ ഭാഗം എന്നറിയില്ല.
എനിക്ക് പിടിക്കാതെ പോയത് ഏറ്റവും അവസാനത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണാണ്.വ്യവസ്ഥിതിയുടെ ഭാഗമായ ഒരു പുസ്തകത്തില്‍ വ്യവസ്ഥിതിയെ തള്ളിപ്പറയുന്ന ഈ കാര്‍ട്ടൂണ്‍ വെറും പല്ലിട കുത്തി മണപ്പിക്കലാണ്.ഒരു തരം കുശുമ്പ് വര്‍ത്തമാനം.ഉള്ളവനോട് ഇല്ലാത്തവനുള്ള അസൂയയെയാണ് കമ്മ്യൂണിസം എന്നു പറയുന്നത് എന്ന ലളിതവല്‍ക്കരണത്തിനേ ഇത് സഹായിക്കൂ.
രാധേയനോട് മുക്കാലും യോജിക്കുന്നു. ബാക്കിയുള്ളത്1.അരാഷ്ട്രീയത എന്തെന്നും രാഷ്ട്രീയബോധത്തിന്റെ ആവശ്യവുമൊക്കെ പഠിപ്പിക്കുന്ന ഭാഗം ശരിയ്ക്കും ഉഗ്രനാണ്. പ്രത്യേകിച്ചും ബ്ലോഗ് പോലൊരു മാധമ്യത്തിലെ ‘ബുദ്ധിജീവികള്‍’ അരാഷ്ട്രീയത എന്ന പറയുമ്പോള്‍ ‘മൂന്നാമതൊരു അവസ്ഥ (എന്നുവച്ചാ മിണ്ടാതിരിക്കല്!) എടുക്കാന്‍ അവകാശമില്ലെന്നോ‘ എന്നൊക്കെ ത്വാതികമായി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതു മാറ്റിയെടുക്കാന്‍ പാഠ്യപദ്ധതിയിലൂടെ, സാമൂഹ്യപാഠത്തിലൂടെ ബോധവതിക്കരിക്കേണ്ട കാലം ഇപ്പോ തന്നെ അതിക്രമിച്ചിരിക്കുകയാണ് .
)
2.ഭഗത്സിംഗിന്റെ കത്ത് ഉള്‍പ്പെടുത്തിയതിനെ സ്ഥാനത്തെ കുറിച്ച് ഒരു വിയോജിപ്പുണ്ട്. പീര്മുഹമദ്ദിന്റെ രക്ഷതസാക്ഷിത്വത്തെ കുറിച്ചുള്ള ഭാഗം തല്ക്കാലം അംഗീകരിച്ചു കൊണ്ട് ബാക്കി. (പൊതുവേ രക്തസാക്ഷിത്വങ്ങളോട് ഈയടുത്ത കാലത്ത് യോജിപ്പില്ല. അത് വേറെ വിഷയം). പീര്ന്റെ രക്തസാക്ഷിത്വത്തിന്റെ തൊട്ടുപുറകെ ഭഗതിന്റെ കത്ത് കൊടുത്തത് സായുധ വിപ്ലവം അഥവാ ഹിംസയാണ് കൂടുതല്‍ ശരി എന്നൊരു നിലപാടിലേക്കാണ് കുട്ടികളെ എത്തിക്കുക. കാലക്രമമായി പഠിപ്പിക്കേണ്ട ചരിത്രത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉദയത്തിനു മുന്‍പ് (1885) ഭഗത്സിംഗിന്റെ വധം (1931) വന്നതില്‍ നിന്നും അതൊരുമിച്ച് കൊടുത്തിരിക്കുന്നത് മന:പൂര്‍വ്വം ആണെന്നു കാണാം.
3. വളയിട്ട കൈകള്‍ എന്ന ഭാഗം സ്വാതന്ത്ര്യ സമരചരിത്രത്തിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ച് കുട്ടികളെ കൊണ്ട് ചിന്തിപ്പിക്കുന്നതിനായിട്ടാണെന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും ചെറുപ്രായത്തിലെ തോക്കുമെടുത്ത് ഇറങ്ങുന്നതിന്നെ കുഞ്ഞു മനസ്സില്‍ ആദര്ശവത്ക്കരിക്കുകയാണ്. ഇതൊരിക്കലും സമ്മതിക്കാന്‍ പറ്റില്ല. (ഈ സുനിത, ശാന്തിയൊക്കെ പെങ്കുട്ടികള് തന്നെയോ? ഈ ചരിത്ര കുറിച്ച് എനിക്കറിവില്ല. ബംഗാളില്‍ സൌമ്യ, സുനിത, ശാന്തിയൊക്കെ സാധാരണ പെണ്നാമങ്ങളല്ല). അല്ലാതെ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉണ്ടല്ലോ. സായുധ വിപ്ലവം വേണമെങ്കില്‍ മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി ഉണ്ടല്ലോ. ഐ.എന്‍.ഏ യെ കുറിച്ചും ബോസിനെ കുറിച്ചും പുസ്തകം മൌനം പാലിക്കുന്നതെന്ത്? (കമ്യൂണിസ്റ്റ്ക്കാര്ക്ക് ബോസ് വെറുക്കപ്പെട്ടവനാണോ?, എന്റെ പഴയകാല ഹീറോയാണ്. കൊടും ചതി! (തമാശ
4. അവസാന ഭാഗത്തെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ എനിക്കിഷ്ടപ്പെട്ടു. ഈ രണ്ട് പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവയ്ക്കുന്നുണ്ടോ? എന്തുകൊണ്ട്? എന്ന ചോദ്യത്തിനുള്ള ചര്‍ച്ചയില്‍ പഴയ സാമ്രാജ്യത്തെ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്കും കള്ളഇടതന്മാരുടേയും മുഖമൂടികള്‍ അഴിഞ്ഞുവിഴില്ലേ?
ഉപ്പുസത്യാഗ്രഹത്തെ കുറിച്ചും, നാഷണല്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും ഗാന്ധിജിയെ കുറിച്ചും പഠിപ്പിക്കുന്നില്ലെന്ന വാദങ്ങള്‍ പുസ്തകം കാണുമ്പോഴെ പൊളിഞ്ഞു വീഴും എന്നതു കൊണ്ട് അത് പറയേണ്ട കാര്യമില്ല. അതുമാത്രം പഠിച്ചാല്‍ പോരാ എന്നും ബോധമുള്ളവര്‍ ചിന്തിക്കും.
സ്വാതന്ത്രസമരത്തെ കുറിച്ചുള്ള പഴയ പുസ്തകം ഇല്ലാത്തതിനാല്‍ ഒരു താരതമ്യം തരാവുന്നില്ല
(ശരിയ്ക്കും പറഞ്ഞാല്‍ ഈ പാഠപുസ്ത്ക പുനര്‍നിര്‍മ്മിതിയുടെ ഉദ്ദേശം എന്തായിരുന്നു? അത് സാധിച്ചോ എന്നൊക്കെ അറിയണമെങ്കില്‍ മുഴുവന്‍ രൂപ പാഠപുസ്തകവും പഴയ പുസ്തകവും വേണം
)
ബേബി ഇന്നു പറയുന്നത് സ്വാതന്ത്ര്യസമരചരിത്രം ഏതാണ്ട് 10 ക്ലാസ്സുകളിലായി പഠിപ്പിക്കുകയാണെന്നാണ്.അതു കൊണ്ട് ഏഴാം ക്ലാസില്‍ സ്വാതന്ത്ര്യസമരം മുഴുവന്‍ കവര്‍ ചെയ്തില്ല എന്നു വാദിക്കുന്നതില്‍ കഴമ്പില്ല.സുഭാഷ് ബോസ്-ഭഗത് സിങ്ങിനെ പോലെ തന്നെ അത്യജ്ജ്വലമായ അദ്ധ്യായമാണ്.ഒരു പക്ഷെ ഒരു ക്ലാസ് മുഴുവന്‍ പഠിക്കേണ്ട അദ്ധ്യായം.രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത ലൈനിനോട് എതിര്‍പ്പുള്ളവര്‍ കാണും.പാര്‍ട്ടി സ്വയം ആ നയത്തില്‍ നിന്നും പിറകോട്ട് പോയി.(ഞാന്‍ ആ നയത്തില്‍ ഭാഗികമായെങ്കിലും ശരിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്).അക്കാലത്ത് ബ്രിട്ടനോട് എന്തെങ്കിലും അച്ചാരം വാങ്ങിയിട്ടല്ല പാര്‍ട്ടി ആ നിലപാടുകളെടുത്തത്.പക്ഷെ ലോകമഹായുദ്ധത്തില്‍ ഒരു നിലപാടെടുക്കാന്‍ റഷ്യയെ ജര്‍മ്മനി ആക്രമിക്കുന്നത് വരെ കാക്കേണ്ടി വന്നു എന്നത് അപഭ്രംശം പാര്‍ട്ടിയെ വിട്ടു പോകില്ല.സുഭാഷ് ബോസിന്റെ നയത്തോട് കമ്മ്യു.പാര്‍ട്ടി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണം ജപ്പാന് ജര്‍മ്മനിയുടെ സഖ്യകക്ഷിയാണെന്നത് മാത്രമാണ്.ബോസിനോട് മറ്റെന്തെങ്കിലും തരത്തില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുള്ളതായി കരുതുന്നില്ല.രക്തസാക്ഷിത്വങ്ങള്‍ ഒരുമിച്ച് കൊടുത്തത് യാദൃശ്ചികമല്ല.പക്ഷെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഇത്തരത്തില്‍ ഒരുപാട് വേറിട്ട ധാരകളില്ലേ,ഡാലിപറഞ്ഞപോലെ സുഭാഷ് ബോസിന്റെയടക്കം.കാര്‍ട്ടൂണ്‍ കാര്‍ട്ടൂണെന്ന രീതിയില്‍ ഇഷ്ടപ്പെട്ടു.പക്ഷെ നാം നേരത്തെ പറഞ്ഞ പോലെ ഇങ്കു കഴിക്കുന്ന പ്രായത്തിലെ കുട്ടിക്ക് ചിക്കന്‍ ബിരിയാണി കൊടുത്ത പോലെയുണ്ട്.തുടരാം
സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മാത്രമല്ല,സ്വാതന്ത്ര്യത്തിനു ശേഷം എടുത്ത കല്‍ക്കത്ത തീസിസ് എന്ന സായുധ വിപ്ലവലൈന്‍,സി.പി.എമ്മിന്റെ ചൈന യുദ്ധകാല ലൈന്‍,സി.പി.ഐയുടെ അടിയന്തരാവസ്ഥ ലൈന്‍ ഒക്കെ കുട്ടികള്‍ പൊളിച്ച് അടുക്കി പഠിക്കട്ടെ.ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും പൂര്‍ണ്ണമായി ശരി ചെയ്യുന്നില്ല (തെറ്റും).ഒരോ നയങ്ങള്‍ ഓരോ കാലദേശങ്ങള്‍ക്കനുസരിച്ച് രൂപം കൊടുക്കുന്നതാണ്.കാലമാണ് അതിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.ലോകം മുഴുവന്‍ നിറയുന്ന ഫാസിസമാണോ ഇന്ത്യയുടെ സ്വാതന്ത്ര്യമാണോ വലുത് എന്ന ചോദ്യത്തിന് പാര്‍ട്ടി കണ്ടെത്തിയ ഉത്തരം സാമന്യ ഇന്ത്യന്‍ ജനതക്ക് ദഹിക്കുന്നതല്ല.ഹിറ്റലര്‍ റഷ്യയുടെ ശത്രു ആയപ്പോഴേ ഈ വെളിപാടുണ്ടായുള്ളു എന്നത് മറ്റൊരു ചോദ്യം.ആ കാഴ്ച്ചപ്പാടിന്റെ സങ്കുചിതത്വത്തില്‍ നിന്ന് സുഭാഷ് ബോസിനെ വിശകലനം ചെയ്തപ്പോള്‍ അദ്ദേഹം കാല്നക്കിയും പട്ടിയുമൊക്കെ ആയത്.അതിനു മുന്‍പ് ബോസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനെ അകമഴിഞ്ഞ് തുണച്ചത് പിന്നീട് കമ്മ്യൂണിസ്റ്റായി മാറിയ കോണ്‍ഗ്രസിലെ ഇടതു റാഡിക്കല്‍ ഗ്രൂപ്പുകളാണ്റഷ്യയുമായുള്ള ബന്ധം ഒരു സാര്‍വ്വദേശീയ സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് പാര്‍ട്ടി കണ്ടിരുന്നത്.അതുകൊണ്ടായിരിക്കണം എല്ലാ നയങ്ങളും പാര്‍ട്ടി റഷ്യയുടെ കാഴ്ച്ചപ്പാടില്‍ നിന്നും രൂപീകരിച്ചതും.ഒരുപക്ഷെ ഇന്ത്യന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഫേറ്റല്‍ മിസ്റ്റേക്ക്.
രാധേയാ,
)“
“ബേബി ഇന്നു പറയുന്നത് സ്വാതന്ത്ര്യസമരചരിത്രം ഏതാണ്ട് 10 ക്ലാസ്സുകളിലായി പഠിപ്പിക്കുകയാണെന്നാണ്.അതു കൊണ്ട് ഏഴാം ക്ലാസില്‍ സ്വാതന്ത്ര്യസമരം മുഴുവന്‍ കവര്‍ ചെയ്തില്ല എന്നു വാദിക്കുന്നതില്‍ കഴമ്പില്ല.“
ഇതൊരു വാദത്തിനുവേണ്ടി പോലും അംഗീകരിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യസമരത്തിലെ പ്രധാനസംഭവങ്ങള്‍ എല്ലാം പറയുമ്പോള്‍ സുഭാഷിനെ പത്താം ക്ലാസ്സിന്റെ അവസാനം കൊണ്ട് പഠിപ്പിക്കാം എന്ന വച്ചതിനെ കൊലച്ചതി എന്നതില്‍ കുറഞ്ഞൊന്നും വിളിക്കാന്‍ പറ്റില്ല. എന്റെ മൂന്നാം പോയിന്റ് അങ്ങനെ തന്നെ നിലനില്ക്കുന്നു. ആ കുട്ടികളുടെ ഭാഗം ഒഴിവാക്കി അവിടെ ബോസിനേയും ക്യാപ്റ്റന്‍ ലക്ഷ്മിയേയും ഐ.എന്‍.ഏ യും വയ്ക്കണമെന്ന് ഞാന്‍ ശക്തിയുക്തം വാദിയ്ക്കുന്നു. (എന്റെ ഹീറോയ്ക്കു വേണ്ടി ഞാനല്ലതെ ആരു വാദിയ്ക്കും
സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മാത്രമല്ല,സ്വാതന്ത്ര്യത്തിനു ശേഷം എടുത്ത കല്‍ക്കത്ത തീസിസ് എന്ന സായുധ വിപ്ലവലൈന്‍,സി.പി.എമ്മിന്റെ ചൈന യുദ്ധകാല ലൈന്‍,സി.പി.ഐയുടെ അടിയന്തരാവസ്ഥ ലൈന്‍ ഒക്കെ കുട്ടികള്‍ പൊളിച്ച് അടുക്കി പഠിക്കട്ടെ“
എന്തെളുപ്പാ? ഒക്കെ പഠിച്ചോട്ടെ. പക്ഷേ പഠിക്കേണ്ടത് ഒരു പന്ത്രണ്ടു വയസ്സുകാരനാണ്. അതും ബോസിനെ കുറിച്ചു പഠിക്കാന്‍ പാകമായിട്ടില്ല എന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നവന്! വൈരുദ്ധ്യം ഇല്ലേ? ( കാര്‍ട്ടൂണിനെ കുറിച്ച് രാധേയന് തന്നെ പറയുന്നത് -“പക്ഷെ നാം നേരത്തെ പറഞ്ഞ പോലെ ഇങ്കു കഴിക്കുന്ന പ്രായത്തിലെ കുട്ടിക്ക് ചിക്കന്‍ ബിരിയാണി കൊടുത്ത പോലെയുണ്ട്.“)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഇത്തരത്തില്‍ ഒരുപാട് വേറിട്ട ധാരകളില്ലേ, ഉണ്ട് ശരിതന്നെ. താരതമ്യേന വലിയ വലിയ ധാരകള്‍ ആദ്യമാദ്യം പഠിപ്പിക്കണം എന്നതല്ലേ കൂടുതല്‍ ശരി? അല്ലാത്തവ ബോധപൂര്‍വ്വം മറ്റെന്തിനോ വേണ്ടിയുള്ള ശ്രമങ്ങളാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനെ തെറ്റു പറയാന്‍ കഴിയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന കക്ഷിരാഷ്ട്രീയത്തിനെ ശരിതെറ്റുകളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കരുത്. രാഷ്ട്രീയം എന്നാല്‍ കക്ഷിരാഷ്ട്രീയം അല്ല. രാധേയന്റെ അവസാനകമന്റുകള് കാണുമ്പോള്‍ ഒരു ചിന്ന പേടി തോന്നുന്നില്ലേ? കക്ഷിരാഷ്ട്രീയം കൊണ്ടുവരിക എന്നൊരു ചിന്ന ലക്ഷ്യം ഈ പാഠപുസ്തക പരിഷ്കരണത്തിന്റെ പിന്നിലുണ്ടെന്ന്?
ഡാലി,മിസ്കോട്ട് ചെയ്യല്ലേ, ഇതെല്ലാം കൂടി ഏഴില്‍ തന്നെ പഠിപ്പിക്കണമെന്ന് ഞാനെങ്ങും പറഞ്ഞിട്ടില്ല.
കമ്മ്യൂണിസ്റ്റ് ചരിതം ചര്‍ച്ചക്കും പഠനത്തിനും വിധേയമാക്കിയാല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് ഞാന്‍ എന്റെ ഒരു ഉത്തരം പറഞ്ഞതാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത വിവാദ നിലപാടുകള്‍ എല്ലാം തുറന്ന നിലപാടുകള്‍ തന്നെയാണ്.പലതും കാലം തള്ളി കളഞ്ഞതും.അവയ്ക്കു ശേഷവും പാര്‍ട്ടി ഇന്നത്തെ കോലത്തിലെങ്കിലും അവശേഷിക്കുന്നു.ഇനി അത് ചര്‍ച്ച ചെയ്താലെന്താ?
ഉദാഹരണത്തിന് മനോരമയില്‍ എം.ജി.എസ് എഴുതുന്നു;ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റ്കാര്.വായിക്കുന്ന ഒരു കുട്ടി അത് അപ്പാടെ വിഴുങ്ങതിലും നല്ലതല്ലേ ഏത് സാഹചര്യത്തില്‍ അത്തരം ഒരു എതിര്‍പ്പുണ്ടായി എന്ന് അപഗ്രഥിച്ച് നിലപാടെടുക്കുന്നത്.
ഇത്രയും മാരീചനോട് പറയാനുദ്ദേശിച്ചതിനെയാണ് ഏഴാം ക്ലാസില്‍ തന്നെ സര്‍വ്വജ്ഞപീഠം കയറ്റാന്‍ ഞാന്‍ പറഞ്ഞു എന്നൊക്കെ ഡാലി വ്യാഖ്യാനിച്ചത്.
സുഭാഷ് ബോസിനെ ബ്ലാക് ഔട്ട് ചെയ്യാന്‍ കരിക്കുലം കമ്മിറ്റിക്ക് കഴിയുമെന്ന് തോന്നുന്നില്ല.ഡാലി കൂള്‍ ഡൌണ്‍.
രാധേയാ, തെറ്റിദ്ധരിക്കരുത്. ബോസിനെ ഏഴില്‍ ഉള്‍പ്പെടുത്തിയില്ല പത്ത് വരെ ഇനിയും സ്വാതന്ത്ര്യസമര പാഠങ്ങള്‍ ഉണ്ട്. അപ്പോള്‍ പഠിപ്പിക്കും എന്ന വാദം എത്ര ദുര്‍ബലമാണെന്ന് കാണിക്കാനാണു ബാക്കി വാചക കസര്‍ത്തും വാദങ്ങളും. അല്ലാതെ അതെല്ലാം ഏഴാം ക്ലാസ്സിലെ കുട്ടിയുടെ തലയില്‍ കെട്ടി വയ്ക്കണം എന്നു രാധേയന് പറഞ്ഞു എന്ന് വാച്യാ ഉദ്ദേശിച്ചതല്ല.
കരിക്കുലം കമ്മിറ്റി പിന്നീട് ആലോചിച്ചാല്‍ പോരാ ഏഴില്‍ തന്നെ ബോസിനെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അങ്ങനെ ഉള്‍പ്പെടുത്താത്തത് പഴയ ‘വെറുക്കപ്പെട്ടവന്‍‘ പദവി കൊണ്ടാണ് എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ? ഇപ്പോള്‍ അന്‍പതാം വാര്‍ഷികം ഒക്കെ ആഘോഷിച്ചാലും പഴയ വെറുപ്പ് അങ്ങനെ തന്നെ ഇല്ലേ?(മറന്നു പോയതാണെന്നൊന്നും പറയില്ലല്ലോ അല്ലേ
)
എങ്ങനെയാണ് മൂന്നാം പാഠം വിവാദമാകുന്നത് എന്ന് ചോദിച്ചാല്‍ എന്റ ഉത്തരം ലളിതം അത് എങ്ങനെ പഴയ പുസ്തകവുമായി വ്യത്യസ്ഥപ്പെട്ടിരിക്കുന്നു എന്നതിലാണ്.
പഴയ പുസ്തകത്തിലെ ഇന്ത്യന്‍ ചരിത്രം എന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ അശോകന് മൗര്യ വംശം രജപുത്രന്മാര് ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ ഡീ സുലത്താന്മാര്‍ മുഗള്‍ കാലഘട്ടം ക്ഷേത്ര കലകള്‍ എന്നിവയില്‍ ഒതുങ്ങി നില്ക്കുന്നു. ഇനി NCRTE യുടെ 7ആം ക്ലാസിലെ സാമുഹ്യപാഠ പുസ്തകം പരീശോധിച്ചാലും സമാനമായ വസ്തുതള്‍ കാണാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേപ്പറ്റിയോ എന്തിന് ബ്രിട്ടീഷ അധിനിവേശത്തേപ്പറ്റിയോ പറഞ്ഞിട്ടില്ല. NCRTE സിലബസ് മാറ്റിയിട്ടില്ല എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയ പുസ്തകത്തില്‍ മേല്‍പ്പറഞ്ഞ ഒന്നിനെപ്പറ്റിയും ഇല്ല. ഇതൊക്കെ എവിടെപ്പോയീ എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. പകരം വന്നത് വിപ്ലവ ഗാഥകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന സംഭവങ്ങള്‍. ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. ഈ സംശയം തീരണമെങ്കില്‍ ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള പുസ്തകങ്ങള്‍ വായിക്കേണ്ട അവ്സ്ഥയാണ്. 7ആം ക്ലാസില്‍ കഴിഞ്ഞ തവണ സുഭാഷ് ചന്ദ്രബോസിനെ പറ്റി പഠിപ്പിച്ചിട്ടില്ല അപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഗൂഡാലോചന നടന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല. പക്ഷെ അതി വിപ്ലവാത്മകമായി അവതരിപ്പിച്ച പാഠഭാഗ്ങ്ങളില് ബോസിനെ വിട്ടു കളഞ്ഞിട്ടുമുണ്ട്.
NCRTE യുടെ വെബ്സൈറ്റില്‍ ലഭ്യമായ പുസ്തകങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന്` മുന്‍പ് ഒന്ന് വായിക്കുന്നത് നല്ലതാണ്. ഞാന്‍ അയച്ചു തന്ന പഴ്യ ഭാഗങ്ങളുമായി ഒന്നു താരതമ്യം ചെയ്തു നോക്കൂ
പാഠ ഭാഗത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ന്യായീകരിക്കുന്നിടങ്ങളിലെല്ല്ലാം രാധേയന് ജീയുമായി പൂര്‍ണ്ണ യോജിപ്പ്.
അഹിംസാ സമരങ്ങളാണ് സ്വാതന്ത്ര്യലബ്ധിക്ക് കാരണമായതെന്ന കാല്‍പ്പനിക പൈങ്കിളി കുറേകാലമായി പറന്നുനടക്കുന്നതാണ്. ഗാന്ധിജിയുടെ അഹിംസാ സത്യഗ്രഹങ്ങളില്‍ പോലും ബ്രിട്ടീഷ് അധികാരികള്‍ ഭയപ്പെട്ടിരുന്നത് ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള ഹിംസയുടെ അപാരതയെയാണ് എന്നിരിക്കില് അഹിംസാവാദികളുടെയും മിതവാദികളുടെയും ചരിത്രമായി സ്വാതന്ത്ര്യ സമരത്തെ ഒതുക്കുന്നതിനോട് എനിക്കു തീരെ യോജിപ്പില്ല. മാത്രവുമല്ല കരിവെള്ളൂരടക്കം വിസ്മൃതിയിലാവുമായിരുന്ന/ആയിക്കൊണ്ടിരിക്കുന്ന പല വിപ്ലവങ്ങളെയും മുഖ്യധാരാ ചരിത്രാഖ്യാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഇത്ര വൈകിയെങ്കിലും വന്നത് അഭിനന്ദനാര്‍ഹം തന്നെ.
വിയോജിപ്പുകളുള്ളത് ഇവിടെ :
1. സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചുള്ള പാഠഭാഗം വീണ്ടും വായിച്ചപ്പോള്‍ എനിക്കു തോന്നിയത് സാമൂഹിക പ്രശ്നങ്ങളില്‍ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുക എന്നതാണ് ശരിയായ രാഷ്ട്രീയം എന്ന ആശയം ഉറപ്പിക്കാനാണ് ആ സമരചരിത്രം ഉപയോഗിച്ചിരിക്കുന്നത് എന്നാണ്.അല്ലാതെ അത് കോമ്പ്രിഹെന്‍സീവ് ആയ സ്വാതന്ത്ര്യ സമര ചരിത്രമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് തോന്നുന്നില്ല. (ഒരുപക്ഷേ കൂടുതല്‍ വിശദമായി അത് ഉയര്‍ന്ന ക്ലാസുകളില്‍ വരുന്നുണ്ടാകാം). പാഠത്തിനവസാനം രാഷ്ട്രീയപ്രവര്‍ത്തനം എന്ന സാമൂഹിക ഇടപെടലിന്റെ അര്‍ത്ഥപൂര്‍ണ്ണതയെ മനസിലാക്കാനുതകുന്ന പാഠ്യേതര അഭ്യാസങ്ങളും നിര്‍ദ്ദേശിച്ചിരിക്കുന്നു.
എന്നാല്‍ അതാണ് ഉദ്ദേശ്യമെങ്കില്‍ തീര്‍ച്ചയായും എല്ലാ സമര രീതികള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കണമായിരുന്നു.
ബന്ദ്/ഹര്‍ത്താല്‍ ആചരണം ഗാന്ധിയുടെ ആശയമായിരുന്നില്ലേ. സത്യഗ്രഹം എന്ന രീതിയും അര്‍ഹമായ പ്രാധാന്യത്തോടെ പ്രതിപാദിക്കണമായിരുന്നു.പാരസ്യമായ നിയമലംഘനം (ഉപ്പു സത്യഗ്രഹത്തിലൂടെ അതു പറയുന്നുണ്ട്), കൈത്തറി/ഖാദി/സ്വദേശി സാധനങ്ങളുടെ പ്രചരണം, ലഘുലേഖാ വിതരണം, തുടങ്ങിയവയൊക്കെ വിവിധ സമര രീതികളായി അവതരിപ്പിച്ചിരുന്നെങ്കില്‍ അവയ്ക്കിടയില്‍ തീവ്രവാദ ലൈനിലുള്ള പ്രതിഷേധങ്ങളേയും പരാമര്ശിക്കുന്നതില് ആരും തെറ്റു കണ്ടെത്തുമായിരുന്നില്ല. പക്ഷേ പാഠഭാഗത്ത് കാണുന്നത് ഹിംസാത്മകമായ സമര രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നതാണ്. ഭഗത് സിംഗും രാജ് ഗുരുവും സുഭാഷ് ചന്ദ്ര ബോസുമടക്കം (കോണ്‍ഗ്രസ്സും ഗാന്ധിയുമായി പിണങ്ങി) തീവ്രവാദ ലൈനില്‍ പോയവരെ കൂടുതല്‍ വിഗ്രഹവല്ക്കരിക്കുന്നില്ലേ? സാമൂഹികവിഷയങ്ങളില്‍ ‘മടിച്ചു നില്‍ക്കാതെ പ്രതികരിക്കൂ’ എന്നാണ് ആത്യന്തികമായ, വ്യംഗ്യമായ ആഹ്വാനം. ആ പ്രതികരണം ഇന്നയിന്ന രീതികളിലായാല് (പാഠഭാഗത്തു നല്കിയ ഉദാഹരണങ്ങളും കത്തുകളും പറയുന്ന ചേലിക്ക്) ബെസ്റ്റ് എന്നൊരു ഡിക്റ്റേഷന്‍ കൂടി ഇവിടെ നടക്കുന്നുണ്ടോ ?
2. പ്രാദേശികമായ സമരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നത് നല്ല ഉദ്യമം തന്നെ. എന്നാല്‍ അതിന്റെ അര്‍ത്ഥവ്യാപ്തി ഗണിച്ചെടുക്കാന്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പറ്റുമോ ?
ഉദാഹരണത്തിനു കര്‍ഷക സമരം എന്ന് ഒരുകൂട്ടം ചരിത്രകാരന്മാര് വിളിക്കുകയും, സ്വാതന്ത്ര്യ സമരം എന്ന് മറ്റൊരുകൂട്ടര്‍ വ്യാഖ്യാനിക്കുകയും അതല്ല വെറും ലോക്കല്‍ ലഹള എന്ന് മൂന്നാമതൊരു കൂട്ടര് പുച്ഛിക്കുകയും ചെയ്യുന്ന സമരങ്ങള്‍ ഒട്ടേറെയുണ്ടല്ലോ കേരള ചരിത്രത്തില്‍. അവയെ ഒക്കെ ഏകപക്ഷീയമായി ഗ്ലോറിഫൈ ചെയ്യുന്നത് അധ്യാപകനെ വെട്ടിലാക്കും. തോന്നിയതുപോലുള്ള വ്യാഖ്യാനങ്ങളുമുണ്ടാകാം. കര്‍ഷക സമരവും മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമായി എങ്ങനെ കാണാന്‍ കഴിയുമെന്ന് ഏഴാം തരക്കാരനോട് തൃപ്തികരമായി വിവരിക്കാനാവുമെന്ന് തോന്നുന്നില്ല. വിശേഷിച്ച് മറുവ്യാഖ്യാനങ്ങള് വ്യാപകമായി പ്രചരിച്ചിട്ടുള്ളപ്പോള്.
അതുകൊണ്ട് ഈയൊരു സ്റ്റേജില്‍ വിവാദഗ്രസ്ഥമായ വിഷയങ്ങള്‍ – ചുരുങ്ങിയത് ചരിത്രകാരന്മാര് ഒരു സമന്വയത്തിലെത്താത്ത വിഷയങ്ങള്‍ – എങ്കിലും ഒഴിവാക്കേണ്ടതുണ്ട്. കൂടുതല്‍ അനാലിറ്റിക്കല്‍ ബുദ്ധി നേടുമ്പോള്‍ (മുതിര്‍ന്ന ക്ലാസുകളില്‍) നമുക്ക് ഈ മാര്‍ജിനലൈസ്ഡ് ചരിത്രം പരിചയപ്പെടുത്താമല്ലോ.
4. പാഠത്തിന്റെയവസാനം കൊടുത്തിരിക്കുന്ന നെഹൃവിന്റെ വാക്കുകള്‍ ഇന്നത്തെ അവസ്ഥയില്‍ പ്രസക്തമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സാമൂഹിക ജീവിതത്തില്‍ ‘പ്രതികരണ’ത്തിനു ‘ഇടപെടലി’നും ഉള്ള പ്രാധാന്യത്തെ ഉറപ്പിക്കാനായി കൊടുത്തിട്ടുള്ള പാഠത്തിന്റെയൊടുവില് കൊടുത്തിരിക്കുന്ന ആദ്യ അഭ്യാസം “നേട്ടങ്ങളിലൂടെ കുതിക്കുന്ന ഇന്ത്യയില്‍ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ” പട്ടികയായി എഴുതാനാണ് പറയുന്നത്. പട്ടികയില്‍ ആദ്യത്തേത് പുസ്തകക്കമ്മിറ്റി തന്നെ ഡിക്റ്റേറ്റ് ചെയ്യുന്നു:“പരിധിയില്ലാതെ ചിലര്‍ ഭുമി കൈയ്യടക്കിവച്ചിരിക്കുന്നു”, “ധനം ഏതാനും വ്യക്തികളുടെ കൈയ്യില്‍ കുമിഞ്ഞു കൂടുന്നു”… എന്നിങ്ങനെ.
സത്യത്തില്‍ ഇത് ഇവിടെ കൊടുക്കേണ്ട എക്സര്‍സൈസ് ആയിരുന്നോ? എന്റെ വ്യക്തിപരമായ അനുഭവം വച്ചാണെങ്കില്‍ ഇത്തരമൊരു ചര്‍ച്ച ഞങ്ങള്‍ സ്കൂളില്‍ നടത്തിയത് കുറേകൂടി മുതിര്‍ന്ന ക്ലാസില്‍ സോഷ്യലിസം, ക്യാപ്പിറ്റലിസം, കമ്യൂണിസം,ഓട്ടോക്രസി തുടങ്ങിയ ഗവണ്മെന്റ് ഐഡിയോളജികളെക്കുറിച്ച് പഠിച്ചപ്പോളായിരുന്നു. ഓരോ സിസ്റ്റത്തിലും പ്രശ്നങ്ങള്‍ എന്തൊക്കെ, എങ്ങനെ അവ പരിഹരിക്കാം എന്നിങ്ങനെയുള്ള ഒരു ചര്‍ച്ച. നമ്മുടെ രാജ്യം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് പരമാധികാര റിപബ്ലിക്കാണെന്ന ഭരണഘടനാ പ്രസ്താവനയില്‍ നിന്നാണ് ചര്‍ച്ച ഈ വിഷയത്തിലേക്ക് നീണ്ടത് എന്നുമോര്‍ക്കുന്നു. അത്രയുമൊക്കെ അറിവാകുന്ന പ്രായത്തില്‍ അത്തരം ചര്‍ച്ചയ്ക്ക് അര്‍ത്ഥമുണ്ട്. എഴാം ക്ലാസിലെ വിദ്യാര്‍ത്ഥിയോട് ‘ചിലര്‍ സമ്പത്ത് കുന്നുകൂട്ടുന്നു’വെന്നോ ‘ സാമ്പത്തികാസമത്വ’മെന്നോ ഒക്കെ പറഞ്ഞാല്‍ എന്തെങ്കിലും മനസിലാകുമോയെന്ന് സംശയം.
അതേ സമയം ഈ അഭ്യാസത്തിനു ശേഷം പേജ് 40-ല്‍ കൌത്തിരിക്കുന്ന എക്സര്‍സൈസ് വളരെ മികച്ചതും പാഠ്യഭാഗത്തിന്റെ കേന്ദ്രാശയത്തിനു അനുഗുണമായതുമാണ്. ‘സാമൂഹ്യ തിന്മകള്ക്കെതിരേ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത’യെക്കുറിച്ച് പറയുന്ന ലേഖനഭാഗത്തിനൊപ്പം വ്യാജവാറ്റിനെതിരേയുള്ള ധര്‍മ്മ സമരത്തിന്റെ ക്ലിപ്പിംഗ് ഇട്ടിരിക്കുന്നതൊക്കെ ഭാവനാപൂര്‍ണ്ണവും അഭിനന്ദനാര്‍ഹവുമാണ്.
5. പാഠത്തിനവസാനം കൊടുത്തിരിക്കുന്ന ‘ബ്രിട്ടീഷ് ഇന്ത്യ/അംബാനി ഇന്ത്യ’ കാര്‍ട്ടൂണ്‍ തരം താണ ഒരു ഗിമ്മിക്കായി പോയി എന്നു മാത്രമല്ല പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങളെ യാതൊരു രീതിയിലും കോമ്പ്ലിമെന്റ് ചെയ്യുകയോ വികസിപ്പിക്കുകയോ ചെയ്യുന്നില്ല.
സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉദാഹരണങ്ങളിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനു പ്രതികരണവും ജനകീയ ഇടപെടലും ആവശ്യമാണെന്ന ആശയം മുന്നോട്ടുവയ്ക്കുകയും സമര രീതികളെക്കുറിച്ച് സമഗ്രമായിട്ടല്ലെങ്കിലും പറഞ്ഞുപോകുന്ന അധ്യായത്തില്‍ എന്തിനാണ് ഇങ്ങനൊരു കാര്‍ട്ടൂണ്‍ എന്ന് മനസിലാകുന്നില്ല.
ആധുനിക ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ മറ്റൊരു സ്വതന്ത്ര അധ്യായമാക്കാമായിരുന്നില്ലേ ? അവിടെ വേണമെങ്കില്‍ ഇത്തരമൊരു ‘ഉള്ളവന്റെ ഇന്ത്യ/ഇല്ലാത്തവന്റെ ഇന്ത്യ’ ആശയമുള്ള കാര്‍ട്ടൂണ്‍ ഇടാമായിരുന്നു. (എന്‍.സി.ആര്.ടി ബുക്കുകളില്‍ ആര്.കെ.ലക്ഷ്മണിന്റെയൊക്കെ കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണുകളാണ് ഉപയോഗിച്ചിട്ടുള്ളത്)
മാത്രവുമല്ല, വിവാദ പാഠത്തിലെ ഈ അംബാനിക്കാര്ട്ടൂണ് ഒരുതരം മധ്യവര്‍ഗ്ഗ കൊച്ചുവര്ത്തമാനത്തെയാണ് ഗ്ലോറിഫൈ ചെയ്യുന്നത്. അത്തരം കൊച്ചുവര്‍ത്തമാനങ്ങള്‍ വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകളുടെ ഉല്പ്പന്നമാണെന്നും (ഉദാ: ബ്രിട്ടീഷ് ഇന്ത്യ ജനാധിപത്യത്തേക്കാള്‍ ഭേദമായിരുന്നു, അല്ലെങ്കില്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ സ്വര്‍ഗമായിരുന്നു എന്നൊക്കെയുള്ള ചില അപ്പൂപ്പന്മാരുടെ റെട്ടറിക്) വസ്തുനിഷ്ഠമായ അപഗ്രഥനത്തില്‍ അതിലൊന്നും കഴമ്പില്ലെന്നു ബോധ്യപ്പെടുമെന്നുമൊക്കെ വിദ്യാര്‍ത്ഥി എഴാം ക്ലാസില്‍ എത്രകണ്ട് മനസിലാക്കും ?
ഇവിടെയും, ഒടുവില്‍ അധ്യാപകന്റെ/അധ്യാപികയുടെ കണ്ണടയിലൂടെയുള്ള കാഴ്ചകള്‍ കുട്ടിയില്‍ അടിച്ചേല്പ്പിക്കപ്പെടാനാണ് സാധ്യത. വിശേഷിച്ച് ആഗോളവല്‍കൃത ഇന്ത്യയില്‍ അംബാനി ലോക സമ്പന്നനാകുന്നതില് ഊറ്റം കൊള്ളുന്ന നല്ലൊരു വിഭാഗം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട് എന്നിരിക്കെ.
കിരണേ, പഴയ പുസ്തകത്തിലും ഇപ്പോഴത്തെ എന്‍.സി.ഇ.ആര്.റ്റി പുസ്തകത്തിലും “ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേപ്പറ്റിയോ എന്തിന് ബ്രിട്ടീഷ അധിനിവേശത്തേപ്പറ്റിയോ പറഞ്ഞിട്ടില്ല“. അപ്പോള്‍ അതില്‍ സുഭാഷ് വരേണ്ട ആവശ്യം ഇല്ലോ. ഇന്ത്യന്‍ സ്വാന്ത്ര്യ സമരം ഉള്‍പ്പെടുത്തുമ്പോള്‍ മാത്രമല്ലേ അതില്‍ എന്തുകൊണ്ട് സുഭാഷിനെ വിട്ടുപോയി എന്ന് ആകുലപ്പെടെണ്ടതുള്ളൂ? അതില്‍ വല്ല ഗൂഡാലോചനുയുമൂണ്ടോ എന്ന് ചികയേണ്ടതുള്ളൂ.
പിന്നെ കിരണ്‍ പറഞ്ഞ പോയന്റ് പഴയ്തില് കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഒന്നാം അദ്ധ്യയത്തില്‍ ആണ് പ്രസക്തം. അതു അവിടെ സൂചിപ്പിച്ചിരുന്നല്ലോ. നാടുവാഴിത്തവും രാജവാഴ്ചയുമൊക്കെ പഠിപ്പിക്കുന്നത് ഒന്നാം പാഠത്തിലാണ്. അത് വെറും ജന്മിത്തതില് ഒതുക്കിയിരിക്കുകയാണ് പഴയതില്‍.
പുതിയതില്‍ സ്വാതന്ത്ര്യസമരം ഏഴാം ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റൊന്നും കാന്നുന്നില്ല. അത് താഴെ ഉള്ള ക്ലാസ്സില്‍ നിന്നാണോ മുകളിലുള്ള ക്ലാസ്സില്‍ നിന്നണോ വന്നത് എന്ന് പരിശോധിക്കാന്‍ പറ്റിയാല്‍ ഈ പുസ്തകത്തിന്റെ നിലവാരത്തെ കുറിച്ച് ഒന്നുകൂടെ ബോധ്യമാവും.
ചര്‍ച്ചകളുടെ പലതിന്റേയും അവസാനം പാഠഭാഗം തരക്കേടില്ല.എന്നാല്‍ കുട്ടികള്‍ താങ്ങുമോ എന്നതാണ് സംശയമായി വന്നിരിക്കുന്നത്.ഇതാശാസ്യമായ രീതിയായി തോന്നുന്നില്ല.
വ്യാവഹാരിക സത്യങ്ങള്‍ എങ്ങനെ പഠിപ്പിക്കും എന്ന ചോദ്യം പ്രസക്തമാണ്.ഡിബേറ്റബിള്‍ ആയ ഭാഗങ്ങള്‍ ഒഴിവാക്കുന്നത് സാമാന്യബുദ്ധി.പക്ഷെ അത് പരക്കെ ചര്‍ച്ച ചെയ്യട്ടെ എന്ന് കരുതുന്നത് രാഷ്ട്രീയ അതിബുദ്ധി.ഒരു പക്ഷെ ഈ ഭാഗങ്ങള്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടത് ആത്യന്തികമായി സര്‍ക്കാര്‍ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വാദങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്കി,മാത്രമല്ല ഹൈബി മുതല്‍ ഉമ്മന്‍-ചെന്നിത്തല വരെ ഉള്ളിന്റെ ഉള്ളില്‍ കേരളാ കോണ്‍ഗ്രസ് ആണെന്ന് തെളിയിക്കാന്‍ ഈ വിവാദത്തിനു കഴിഞ്ഞേക്കും.സുധീരന്,ആന്റണൈ,ആര്യാടന് തുടങ്ങി ദേശീയവാദി കോണ്‍ഗ്രസുകാര്‍ പുലര്‍ത്തുന്ന മൌനം പോലും അര്ത്ഥഗര്ഭമല്ലേ?മിശ്രവിവാഹിതര്‍:ബിനോയ് മക്കളെ കാസ്റ്റ്ലസായി വളര്‍ത്തുന്നു എന്നാണ് അറിവ്.ഒരു കുട്ടിയുടെ പേര് സൂര്യ എന്നാണ്,ഓര്‍ക്കൂട്ടില്‍ എന്റെ ഒരു ഗ്രൂപ്പില്‍ ആ കുട്ടിയുണ്ടായിരുന്നു,(ഓര്‍ക്കൂട്ട് ഇന്ന് ഇവിടെ ലഭ്യമല്ല)രവി ഭാര്യയെ മതം മാറ്റാന്‍ ശ്രമിച്ചില്ല.അവര്‍ ഇന്നും കൃസ്ത്യാനിയാണ്.മക്കള്‍ എന്താകണമെന്ന് അവര്‍ തീരുമാനിക്കട്ടെ എന്നാണല്ലോ പാഠഭാഗം.പക്ഷെ രവിയുടെ മകന് രവികൃഷ്ണനായാണ് വളര്‍ത്തപ്പെട്ടത്.ഇതിലെ കൃഷ്ണന് ഭഗവാന് കൃഷ്ണനല്ല,രവിയുടെ പിതാവാണ്ഷാജി കൈലാസിനെയും പ്രിയദര്‍ശനെയും പോലുള്ള കാവിപ്പട എന്ത് ചെയ്യും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.ഇനി ബോറടിക്കുകില്ലെങ്കില് എന്റെ സ്വന്തം അനുഭവം പറയാം. ഞാന്‍ സി.എക്ക് പഠിക്കുമ്പോള്‍ ഒരു കൃസ്ത്യന്‍ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി.പരസ്പരം മതം മാറില്ലെന്നും കുട്ടികളെ മതവിശ്വാസികളായി വളര്‍ത്തില്ല എന്നുമുള്ള ഉറപ്പിലാണ് അവളുടെ പ്രേമാഭ്യര്‍ത്ഥന ഞാന്‍ സ്വീകരിച്ചത്(സത്യം)അവളുടെ പിതാവ് കോണ്‍ഗ്രസിന്റെ ഒരു നേതാവും .കാലാന്തരത്തില്‍ ഞാന്‍ സി.എ പാസായി,ജോലിയുമായി.ഈ സെക്കുലര്‍ തന്ത അമ്പിനും വില്ലിനുമടുത്തില്ല.ഞാന്‍ മതം മാറണമെന്ന ഒരു നിര്‍ദ്ദേശവുമുണ്ടായി.ഞാന്‍ ഇതൊരു ആദര്‍ശ പോരാട്ടമായി എടുത്തത് പെണ്‍കുട്ടിക്കും പിടിച്ചില്ല.മതമില്ലാതെ കുട്ടികള്‍ക്ക് ജീവിക്കാനാവില്ലെന്ന ആ വലിയ സത്യം അവള്‍ക്ക് മനസ്സിലായി. അത് അപ്പോഴും (ഇപ്പോഴും) എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഒരു മെയ്മാസ സന്ധ്യയില്‍ ഞങ്ങള്‍ “സുമംഗലീ നീ ഓര്‍മ്മിക്കുമോ” പാടി പിരിഞ്ഞു. (അന്നു തുടങ്ങിയതാണ് സഭാ വിരോധം എന്ന് ധരിക്കല്ലേ,അത് കോണ്‍വെന്റ് പഠനത്തിന്റെ ബാക്കി പത്രമാണ്).ഇന്നായിരുന്നേല് പണിക്കരുചേട്ടനോട് പറഞ്ഞാല്‍ മതിയായിരുന്നു.അദ്ദ്യത്തിന്റെ മടിയിലാണല്ലോ ആര്‍ച്ച് ബിഷപ്പ് ഇരിക്കുന്നത്.കണ്ടിട്ട് ഇരട്ട പെറ്റപോലെയുണ്ട്.കാസ്റ്റ്ലെസ് എന്ന് മക്കള്‍ക്ക് പേരിട്ട മാതാപിതാക്കളെ പോലെ അപൂര്‍വ്വമായി മാത്രമേ ഈ മിശ്രവിവാഹപ്രസ്ഥാനം വേരോടിയുള്ളൂ എന്നത് സത്യം തന്നെ.രാഷ്ട്രീയമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജയിക്കുമെന്ന് എനിക്ക് തോന്നുന്നു.ഒരിക്കല്‍ കൂടി പൊതുസമൂഹത്തെ ഇടത് മുഖംമൂടി അണിയിക്കാന്‍ ഇതിന് കഴിഞ്ഞേക്കും.അപ്പുറത്തെ സര്‍വ്വമത സഖ്യത്തെ ജനം പുച്ഛത്തോടെയേ കാണൂ.കാഞ്ഞിരകുറ്റി മുതല്‍ മൂര്‍ഖന്‍ പാമ്പ് വരെ സകലതും ഉണ്ട്.കൂടാത്തതിന് പാവാട കെ.എസ്.യുവിന്റെ പുതിയ വിപ്ലവ അവതാരവും.തിരക്കഥ ദുര്‍ബലം തന്നെ.എന്നാല്‍ എതിരാളികള്‍ കൊടുക്കുന്ന പബ്ലിസിറ്റി സര്‍ക്കാരിനെ സഹായിക്കും എന്ന് എന്നിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥി പറയുന്നു.
ഏഴാംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഈ പാഠങ്ങള്‍ താങ്ങാനാവുമോ എന്ന സംശയം പലരില്‍ നിന്നും ഉയരുന്നു. പന്ത്രണ്ടുവയസ്സുകാരെ നാമെന്തിനാണ് ഇത്ര അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നതു് ?
എന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെട്ടതു് 12 വയസ്സിലാണു്. വീട്ടിലാരും രാഷ്ട്രീയക്കാരായി ഇല്ല. ആകെ വായിച്ചിരുന്ന പത്രം മനോരമയാണു്. ഞാന്‍ ബാലജനസഖ്യം ഭാരവാഹിയുമായിരുന്നു. എന്നിട്ടും എന്റേതു് ഇടതുപക്ഷവീക്ഷണമായി. അന്നത്തെ സാമൂഹ്യ പ്രശ്നങ്ങളോടുള്ള സ്വാഭാവികമായ പ്രതികരണമായിരുന്നൂ, എനിക്കതു്.
മുന്‍ ചര്‍ച്ചയില്‍ പറയാനാവാതെ പോയതു് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്കിടയിലെ പല വിഭാഗങ്ങളെ കുറിച്ചു് സാമാന്യത്തിലധികം അറിവുണ്ടായിരുന്നെങ്കിലും ഹൈന്ദവജാതികളുടെ ശ്രേണീബന്ധത്തെക്കുറിച്ചൊക്കെ മനസ്സിലാക്കുന്നതു് പ്രീഡിഗ്രി കാലത്തു് മാത്രമാണു്. ഇസ്ലാമിലും പല വിഭാഗങ്ങളുണ്ടെന്നു് തിരിച്ചറിയുന്നതു് അതിനും ശേഷം.
എന്നാല്‍ പേരില്‍ തന്നെ ജാതിപേറി നടക്കുന്ന ഇന്നത്തെ കുട്ടികള്‍ ഇവ മനസ്സിലാക്കാന്‍ ഇത്രകാലം എടുക്കുമെന്നു് തോന്നുന്നില്ല. അപ്പോള്‍ പിന്നെ മതത്തിനുള്ളിലെ പ്രശ്നങ്ങള്‍, ജാതികള്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയവ ചര്ച്ചയാവുന്നതില് കുഴപ്പമില്ല.
മുന്പാഠത്തെക്കുറിച്ചു തന്നെ. പി. കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയും പേരുകളില്ലാതെ ഗുരുവായൂര്‍ സത്യാഗ്രഹവും പെരിയാറിന്റെ പേരില്ലാതെ വൈക്കം സത്യാഗ്രഹവും പൂര്‍ണ്ണമാവില്ല. അവ കൂടി ഉള്‍പ്പെടുത്തേണ്ടിയിരുന്നു.മൂന്നാംപാഠത്തില് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ധാരകള്‍ പരിചയപ്പെടുത്തുമ്പോള്‍ വിട്ടുപോകരുതായിരുന്ന ഒട്ടേറെ പേരുകളും സംഭവങ്ങളുമുണ്ടു്. ഐ.എന്‍.എ സ്ഥാപകനും സുഭാഷിന്റെ രാഷ്ട്രീയ ഗുരുവുമായ റാഷ് ബിഹാരി ബോസ്, ഹിന്ദുത്വവാദിയായ സവര്‍ക്കര്‍, മതത്തെ കൂടിളക്കിവിട്ടു് സ്വാതന്ത്ര്യസമരത്തിനു് ആക്കം കൂട്ടിയ ബാലഗംഗാധര തിലക്, ദേശീയവാദിയായ മൌലാന അബ്ദുല്‍ കലാം ആസാദ്, അതിര്‍ത്തി ഗാന്ധി, വിപ്ലവകാരിയായ ചന്ദ്രശേഖര്‍ ആസാദ്, എം.എന്‍ റോയിയെ പോലുള്ള ഇടതുപക്ഷ നേതാക്കള്‍, സാക്ഷാല്‍ മുഹമ്മദാലി ജിന്ന, ലാഹോര്‍, മീററ്റ് തുടങ്ങിയ ഗൂഡാലോചന കേസുകള്‍, ബോംബെയിലെ മില്‍ തൊഴിലാളികളുടെ സമരം, അങ്ങനെയങ്ങനെ…
ക്വിറ്റ് ഇന്ത്യാ സമരം കുറേക്കൂടി വലിയ ആംഗിളില്‍ ചര്‍ച്ചയ്ക്കു് വയ്ക്കാമായിരുന്നു. ആ സമരം പെട്ടെന്നു് ആളിക്കത്തുകയും അതുപോലെ തണുത്തുറയുകയും ചെയ്തതിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യപ്പെടണം. അതു് ഇടതുപക്ഷം മാറിനിന്നതുകൊണ്ടാകുമെങ്കില് അതിനു മുമ്പുള്ള ജനകീയ സമരങ്ങളില്‍ ഇടതുപക്ഷത്തിന്റെ റോള്‍ എന്തായിരുന്നുവെന്നു് പരിശോധിക്കാന്‍ ഇടവരണം. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവരില്‍ ഒതുങ്ങിനിന്നിരുന്ന ‘ഞായറാഴ്ച കോണ്‍ഗ്രസി’ന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനത്തിലേക്കെത്തിക്കുന്നതില് ഇടതുപക്ഷം വഹിച്ച പങ്കു് തിരിച്ചറിയപ്പെടാതെ പോകരുതു്. കുറഞ്ഞപക്ഷം ചിന്ത പബ്ലിഷേഴ്സിന്റെ സ്വാതന്ത്ര്യസമരം – വിവിധ ധാരകള്‍ എന്ന പുസ്തകമെങ്കിലും അധികവായനയ്ക്കായി ലഭ്യമാക്കണം.
ഗാന്ധി എന്ന തനി രാഷ്ട്രീയക്കാരനേയും ഗാന്ധിജി എന്ന സ്റ്റേറ്റ്സ്മാനേയും വേര്‍തിരിച്ചു് കാണാനാകണം. എ.ഐ.സി.സിയില്‍ ഭൂരിപക്ഷ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസിനെ പട്ടാഭി സീതാരാമയ്യ എന്ന ശിഖണ്ഡിയെ മുന്‍നിര്‍ത്തി മലര്‍ത്തിയടിച്ച ഗാന്ധിയുടെ തന്ത്രം ശ്രദ്ധിക്കുക. അതേപോലെ പ്രാദേശിക പ്രക്ഷോഭങ്ങള്‍ തന്റെ മതവിശ്വാസത്തെ ബാധിക്കുന്നതായോ തന്റെ നേതൃത്വത്തെ കവിഞ്ഞുപോകുന്നതായോ തോന്നിയാല്‍ ഉടനെ അതു് പിന്‍വലിക്കാന്‍ അടിവലി നടത്തുന്ന ഒരു പെരുന്തച്ചന് കോംപ്ലക്സും ഗാന്ധിക്കുണ്ടായിരുന്നതായി കാണാം. ഉദാ: ഗുരുവായൂര്‍ സത്യാഗ്രഹം, ചൌരിചൌര പ്രസ്ഥാനം. അതേ ഗാന്ധി സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ മുറിവുണക്കാന്‍ നവഖാലിയിലെ തെരുവിലൂടെ അലയുന്ന ദുഃഖഭരിതമായ കാഴ്ചയും നമുക്കു് കാണാം. ഡൊമിനിക് ലാപ്പിയര്, ലാരി കോളിന്‍സ് എന്നിവരെഴുതിയ ഫ്രീഡം അറ്റ് മിഡ് നൈറ്റ്, അബ്ദുള്‍ കലാം ആസാദിന്റെ ഇന്ത്യാ വിന്‍സ് ഫ്രീഡം തുടങ്ങിയ പുസ്തകങ്ങള്‍ അധികവായനയ്ക്കു് നല്‍കാം.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ പീര്‍മുഹമ്മദിന്റെ കണ്ണിലൂടെ അവതരിപ്പിച്ച രീതി കൊള്ളാം. ഉപ്പുസത്യാഗ്രഹത്തെ നെട്ടൂര്‍ പി. ദാമോദരന്റെ വരികളിലൂടെ അവതരിപ്പിച്ചതും നന്നായിരിക്കുന്നു. അറിയപ്പെടാത്ത ഒട്ടേറെ ത്യാഗഭരിതമായ സമരമുഹൂര്ത്തങ്ങളെ അനുസ്മരിക്കാന്‍ ഇതു് ഇടനല്കുന്നു. ഭീകരവാദിയും വിപ്ലവകാരിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഭഗത്സിംഗിന്റെ കത്തു് കൊടുത്തതിലൂടെ അവസരം നല്കുന്നു.ബഹദൂര്‍ഷാ സഫര്‍ അപ്രതീക്ഷിതമായി ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നായകനാകാന്‍ നിര്‍ബന്ധിതനാകുന്നതും പിന്‍വാതിലിലൂടെ മുഗള്‍ രാജാവു് ബ്രിട്ടീഷുകാരുമായി സന്ധിയിലാകാന്‍ ശ്രമിക്കുന്നതും ഒടുവില്‍ നാടുകടത്തപ്പെട്ടു് തടവറയില്‍ അജ്ഞാതനായി മരിക്കേണ്ടിവരുന്നതും മറ്റും കുട്ടികളറിയേണ്ടതല്ലേ? ശിപായി ലഹള എന്നു് കളിയാക്കിവിളിക്കപ്പെട്ട ആ സമരവുമായി ബന്ധപ്പെട്ട chapati mystery – യെക്കുറിച്ചും ആ സമരത്തിനു് ആധാരമായ ചില തെറ്റിദ്ധാരണകളെക്കുറിച്ചും ഇരുപക്ഷത്തും നടന്ന കൂട്ടക്കൊലകളെക്കുറിച്ചും siege of Delhi യെക്കുറിച്ചുമൊക്കെ ഈ പാഠപുസ്തകത്തില്‍ നിന്നു് എങ്ങനെ മനസ്സിലാക്കാനാണു് ? ഫിക്ഷനേക്കാള്‍ നന്നായി ചരിത്രമെഴുതുന്ന വില്യം ഡാര്ലിംബിളിന്റെ ദ ലാസ്റ്റ് മുഗള്‍, വൈറ്റ് മുഗള്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ അധികവായനയ്ക്കായി നിര്ദ്ദേശിക്കാവുന്നവയാണു്. വിമര്‍ശനാത്മക ബോധനസമ്പ്രദായത്തില്‍ താഴ്ന്ന ക്ലാസുകള്‍ മുതല്‍ പഠിച്ചുവന്ന കുട്ടികള്‍ക്കു് അവ പിന്തുടരാന് പ്രയാസമുണ്ടാവില്ല.
ഖിലാഫത്ത് പ്രസ്ഥാനം കാഫിറുകള്ക്കെതിരായ മുസ്ലീം പടയൊരുക്കമായിരുന്നിരിക്കെ, മലബാര്‍ കലാപം എങ്ങനെ അതില്‍ നിന്നു് വ്യത്യസ്തമായി ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ കലാപമാകുന്നു എന്നു് വ്യക്തമാക്കാന്‍ പുസ്തകത്തിനായിട്ടില്ല. ആ സമരം സവര്ണ്ണഹിന്ദുക്കള്ക്കെതിരായ മുസ്ലീം കടന്നാക്രമണമായിരുന്നു എന്ന സംഘപരിവാര്‍ വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പാഠപുസ്തകസമിതി ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു.
വളയിട്ട കൈകള്‍ ഗര്‍ജ്ജിക്കുന്നു എന്ന ഭാഗം ചേര്‍ത്തതു് നന്നായി. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിനു് ഇങ്ങനേയും ഒരു മുഖമുണ്ടായിരുന്നുവെന്നും അതില്‍ സ്ത്രീകളും ചെറുബാല്യക്കാരും വരെ പങ്കാളികളായിരുന്നുവെന്നും അരാഷ്ട്രീയവാദികളായ ചെറുപ്പക്കാരെ പേര്‍ത്തും പേര്‍ത്തും ഓര്മ്മിപ്പിക്കേണ്ടതുണ്ടു്.
ഉപ്പുസത്യാഗ്രഹകാലത്തു് അതില്‍ നിന്നു് വിട്ടുനില്‍ക്കുകയായിരുന്നു സംഘപരിവാര്‍ ചെയ്തത്. പകരം നിയമം ലംഘിച്ചു് കാട്ടില്‍ പുല്ലരിയാന്‍ പോകാന്‍ ഹെഡ്ഗേവാര്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതു്. ഉപ്പുകുറുക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ ഈ പാഠപുസ്തകത്തിലെ തന്നെ പാഠഭാഗം മനസ്സിരുത്തി വായിച്ചാല്‍ മതിയാകും. അതിനെ കളിയാക്കുന്ന തരത്തിലായിരുന്നു പുല്ലരിയല്‍. എന്നാല്‍ ഇത് ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചെന്നു് തോന്നിയപ്പോള്‍ അവരോട് മാപ്പപേക്ഷിക്കാനും ‘ഡോക്ടര്‍ജി’ മടിച്ചില്ല. ക്വിറ്റ് ഇന്ത്യാ കാലത്തെ ‘കമ്യൂണിസ്റ്റ് വഞ്ചന’ ആഘോഷിക്കുന്ന സംഘപരിവാര്‍ മറക്കാന്‍ ശ്രമിക്കുന്ന അദ്ധ്യായമാണിതു്. ഇത്തരം കാര്യങ്ങളും തീര്‍ച്ചയായും ചര്‍ച്ചയില്‍ ഇടംപിടിക്കേണ്ടിയിരുന്നു.
സാമൂഹ്യ ഉത്തരവാദിത്വവും ഇടപെടലുകളുടെ ആവശ്യകതയും അരാഷ്ട്രീയതയുടെ അപകടവും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്ന പാഠഭാഗങ്ങളില്‍ പക്ഷെ വര നിര്‍ജ്ജീവമായിരുന്നു. ആര്.കെ. ലക്ഷ്മണിന്റെ കാര്ട്ടൂണുകള് നല്‍കിയിരിക്കുന്ന എന്‍.സി.ഇ.ആര്.ടി രീതിയുടെ വികലാനുകരണം മാത്രമായി ഇതുമാറി.
മിശ്രവിവാഹിതരുടെ മക്കളെ അച്ഛന്റെ ജാതിയിലാണ് കണക്കാക്കുന്നതെന്നൊരു സര്‍ക്കാര്‍ ഉത്തരവ് അടുത്തിടെ വന്നിരുന്നു. (രണ്ടോ മൂന്നോ വര്‍ഷം മുന്‍പ്).
കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി സൂചിപ്പിക്കാതിരുന്നാല്‍, പിന്നോക്ക ജാതിക്കാരായ
കുട്ടികള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണാവകാശങ്ങള്‍ നിഷേധിക്കപ്പെടുകില്ലേ
എന്നൊരു ചോദ്യം വരാം.
സ്കൂള്‍ക്ലാസ്സില്‍ (പത്താം ക്ലാസ്സുവരെ ജാതി) രേഖപ്പെടുത്തിയത് കൊണ്ട് എന്ത് സംവരണമാണ്
കിട്ടുന്നത്? എനിക്കറിയാവുന്നത് വച്ച് സര്‍ക്കാറിന്റെ ഒരു ചെറിയ സഹായം ആണ്.ആ സഹായം ആ കുട്ടി പഠിക്കുന്നതിനായി മതാപിതാക്കള്‍ക്ക് കിട്ടുന്ന സഹായം ആണെന്നുപറയാം.തന്റെ
കുട്ടിയ്ക്ക് മതം ഇല്ല എന്ന് തീരുമാനിയ്ക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും തന്റെ കൂട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരാകും. അതുകൊണ്ട് സ്കൂളില്‍
കുട്ടിയെ മതമില്ലാതെ ചേര്‍ക്കുന്നതില്‍ യാതൊരു തെറ്റുമില്ല.പിന്നെ അവന് വളര്‍ന്ന് പത്ത്
പാസ്സാവുമ്പോള്‍ തന്റെ ജാതി സംവരണത്തിന്റെ ആനൂകൂല്യങ്ങള്‍ വാങ്ങണം എന്നു തോന്നിയാല്‍ അങ്ങനെ ചെയ്യട്ടെ. സ്കൂളിലെങ്കില് ഈജാതി മത അതിരുകള്‍ കുറച്ച് മാറി നില്ക്കുമല്ലോ.കിരണ്‍,സൂരജ്, സെബിന് എന്നിവര്‍ പറഞ്ഞതു പോലെ എനിക്കും സ്കൂള്ക്ലാസ്സ്
കഴിയ്യുന്നത് വരെ ഹിന്ദുക്കളിലെ നിരവധി ജാതി അറിയില്ലായിരുന്നു.
തൃശ്ശൂര്‍ സുറായികളും റോമാക്കാരും തമ്മിലുള്ള തല്ല് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാല്‍ അത്
അറിയാമായിരുന്നു. പിന്നീട് പീഡിഗ്രിയില് എത്തി പെട്ടപോഴാണ് ജാതിയുടെ ഭീകര മുഖം കണ്ട്
ഞെട്ടിയത്. ഞാന്‍ പഠിച്ചത് കോണ്‍വെന്റ് സ്കൂളില്‍ ആണെന്ന് കൂടി പറയട്ടെ. ഇപ്പോഴും ഒരു പേര്
കേള്‍ക്കുമ്പോള്‍ അതിലെ ജാതി എന്താണ്നെന്നു ശ്രദ്ധിക്കണം എന്ന് തോന്നാറില്ല. എന്നാല്‍
ഒരോ പേരീന്റെ പിന്നിലും ജാതിയുടെ നൂലാമാലകള്‍ നോക്കുന്ന കുറച്ചധികം പേരെ അടുത്ത് പരിചയം ഉണ്ട്. അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ എല്ലാ ജാതിവ്യവസ്ഥയുടെയും തിക്തഫലങ്ങള്‍ അറിഞ്ഞാണ്. നേരത്തെഹോളോകോസ്റ്റ് കമന്റില്‍ പറഞ്ഞ കാര്യം ജാതിവ്യവസ്ഥയുടെ ഭീതി പ്രചാരണം നിര്‍ത്തുക ഏതെങ്കീലും ഒരു തലത്തില്‍ വേണം. മതമില്ലാത്ത ജീവന് എന്ന ഭാഗത്ത് സര്‍ക്കാര്‍ അതിനു മുങ്കൈ എടുക്കുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍ രൂക്ഷമായി ജാതിചിന്തയുടെ വിത്ത്
പാകുന്നുണ്ട്. ഇതൊരു വൈരുദ്ധ്യം ആയാണ് തോന്നുന്നത്. ഏതാണ് വേണ്ടത് എന്ന്
തീരുമാനിച്ച് അത് നടപ്പിലാക്കണം. കുട്ടികളില്‍ അധികം കോണ്‍ഫ്ലിക്റ്റ് ഉണ്ടാക്കരുത്
പിന്നാക്ക വിഭാഗത്തിലുളള കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുമ്പോള്‍ എസ്എസ്എല്‍സി ബുക്കിന്റെ മൂന്നാം പേജോ, അതില്ലെങ്കില്‍ അഡ്മിഷന് രജിസ്റ്ററിന്റെ പകര്‍പ്പോ തെളിവിനായി ഹാജരാക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. പിന്നീട് ജാതി ചേര്‍ക്കണമെന്ന് തോന്നിയാല്‍, പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതിനും മുന്‍പ് എല്ലാം ഒന്നുകൂടെ ക്ലാരിഫൈ ചെയ്യില്ലേ കുട്ടികളോട്. അപ്പോ വേണമെങ്കില്‍ ജാതി ചേര്‍ക്കാവുന്നതല്ലേ ഉള്ളൂ. പണ്ടത്തെ പോലെയല്ല, മിശ്രവിവാഹം ഒന്നും ഒരു ആദര്‍ശമായി ആരും കാണാറില്ല. ഉയര്‍ന്ന് വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ജാതി പുറത്തുക്കാണിക്കാതിരിക്കല് ഇതിലും എത്രയോ വലിയ രാഷ്ട്രീയമാണ്. സുജയിന്റെ ബ്ലോഗില്‍ ഈയടുത്ത് അതിനെ കുറിച്ചൊരു പോസ്റ്റ് ഉണ്ടായിരുന്നു. അതൊക്കെ ചര്ച്ചയ്യ്ക്കു വച്ചാല്‍ തെണ്ടി പോകും
പിന്നെ അച്ഛന്റെ ജാതി എന്ന നിയമം സമ്മതിക്കാനാവാത്തതാണ്. അതു മറ്റൊരു വിഷയമാണ്)
പക്ഷെ ഒരു ആശയം എന്ന നിലയില്‍ ജാതിയും മതവും ഇല്ലാതെയും ഒരു കുട്ടിക്ക് വളരാം എന്ന ബോധം ജനിക്കേണ്ടത് അത്യാവശ്യം അല്ലേ.ജാതി എന്നത് സങ്കീര്‍ണ്ണവും ഒഴിച്ചുകൂടാന്‍ വയ്യാത്ത സംഗതിയുമാണ് എന്ന് അംഗീകരിക്കുന്നു.എങ്കിലും അവയ്ക്കെതിരേ ചിന്തിക്കുന്ന ഒരു പൊതുമനസ്സുണ്ടാകേണ്ടത് ആവശ്യമല്ലേ?അത്തരമൊരു ചിന്താഗതി സൃഷ്ടിക്കുകയും വിദ്യാഭ്യാസത്തിന്റെ കടമയല്ലേ.അല്ലെങ്കില്‍ ഇങ്ങനെ ചോദിക്കാം:ഇന്ത്യയില്‍ പല ജാതിയില്‍ പെടുന്ന മനുഷ്യരുണ്ട്.ജാതിക്ക് ചരിത്രാതീതമായ നിലനില്‍പ്പുണ്ട്.ജാതിയുടെയും മതത്തിന്റെയും നിലവിലുള്ള കള്ളികളില്‍ ഒതുങ്ങി മാത്രമേ ജീവിക്കാവൂഎന്ന ഒരു പാഠമാണോജാതി,മതം എന്നിവയുടെ സാമ്പത്തിക-അധികാരസ്വഭാവങ്ങളും ഒട്ടൊക്കെ ഭൌതികജീവിതത്തില്‍ അതിന്റെ നിരര്‍ത്ഥകതയും ചൂഷണസ്വഭാവവും ഒക്കെ വെളിപ്പെടുത്തുന്ന ഒരു പാഠമാണോ അഭികാമ്യം.അതിനൊപ്പം മതം ആത്മീയതലത്തില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് പഠിക്കാന്‍ അതിലെ ഉദ്ധരണികള്‍ ഉപയോഗിക്കാം.ചില ദുര്‍വാശികള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.അവ പ്രബലമായി എന്നത് കൊണ്ട് അതില്‍ നിന്ന് ഓടിയൊളിക്കാന്‍ പാടില്ല.57ലെ സമരം നല്കിയ ഇന്ധനം ചില സ്ഥാപിത താല്‍പ്പര്യങ്ങളെ കേരളത്തിന്റെ പൊതു മനസ്സ് എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ചിലര്‍ക്ക് ഇട നല്കുന്നു.അവയെ പേടിച്ച് ഒരു ചുവട് പോലും മുന്നോട്ട് പോകാനവില്ല എന്ന അവസ്ഥ മാറാന്‍ ഈ വിവാദം സഹായിക്കുമെങ്കില്‍ നല്ലത്.
അപ്പോള്‍ ഒന്നാം ക്ലാസില്‍ ജാതി വേണ്ടെന്നു പറയുന്ന രക്ഷിതാവും കുട്ടിയും പത്തിലെത്തുമ്പോള് ജാതി വേണമെന്ന് ആവശ്യപ്പെടുന്നത് ഒരു സാമൂഹിക വളര്‍ച്ചയായി കാണാനാകുമോ എന്ന ചോദ്യം വരാം
മാതാപിതാക്കള്‍ അല്ല, പത്തിലെത്തുമ്പോള് പതിഞ്ച് വയസ്സായ കുട്ടിയാണ് തീരുമാനം എടുക്കുന്നത്.വിദ്യാഭ്യാസത്തെ കുറിച്ചൊക്കെ എനിക്ക് വമ്പന്‍ സ്വപ്നങ്ങളാണ്. അതുകൊണ്ട് പത്തും പ്ലസ്റ്റുവും കാലക്രമേണ ഒരു ബോര്‍ഡിന്റെ കീഴെ വരുമെന്നും അങ്ങിനെ ആവുമ്പോള്‍ 12 വരെ ജാതിയെ കുറിച്ച് ചിന്തിക്കേണ്ടെന്നും 17 വയസ്സു കഴിയുമ്പോള്‍ (18 ആണു പ്രായപൂര്‍ത്തി) മാത്രം കുട്ടി ജാതിയെ കുറിച്ചൊക്കെ ചിന്തിക്കുമെന്നുമുള്ള മലര്‍പൊടി റ്റൈപ്പ് സ്വപ്നത്തിന് പേറ്റന്റ് ഒന്നും ഇല്ലല്ലൊ.
ഇതിലെ കമന്റുകളൊന്നും എന്റെ ജിമെയിലില്‍ വന്നില്ല…ഇത് കമന്റ് ട്രാക്കിങ്ങിന്..
ആ മതമില്ലാത്ത ജീവന് ഇത്രയും കോമ്പ്ലിക്കേറ്റഡ് ആക്കണോ? “മോനേ ഈ ജാതിയിലും മതത്തിലുമൊന്നും കാര്യമില്ല. മനുഷ്യന് മനുഷ്യനെ സ്നേഹിക്കണം” എന്നോ മറ്റോ അച്ഛന്/അമ്മ സ്നേഹത്തോടെ പറഞ്ഞുകൊടുത്താല്‍ കുട്ടിക്ക് മനസ്സിലാവില്ലേ? കുട്ടി സമ്മതിക്കില്ലേ? മാഷ് പറഞ്ഞാലും സമ്മതിക്കില്ലേ? ആ ഒരു തലത്തില്‍ ഈ പാഠത്തെ കണ്ടാല്‍ പോരേ? സ്നേഹബുദ്ധ്യാ ഒരുപദേശ്..
പിന്നെ വരാം..
ഗാലറിയില്‍ നിന്നും കളത്തിലേക്കിറങ്ങുന്നതിനുള്ള തടസ്സം ഡെല്‍ഹിയില്‍ പൊട്ടാനിടയുള്ള അണുബോംബാണ് എന്ന് തോന്നുന്നു.ഇവരൊക്കെ കേരളീയരെ വല്ലാതെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നു.കുറേ പേരൊക്കെ വള്ളിക്കാവിലും പോട്ടയിലുമൊക്കെ നിരങ്ങുന്നുണ്ടാവും.കുറേ ഏറെ കുഞ്ഞാടുകള്‍ ഇടയന്മാരുടെ പൊളിറ്റിക്കല്‍ അജണ്ടകളറിയാതെ പിന്പറ്റുന്നുമുണ്ടാവാം.പക്ഷെ കേരളത്തിന്റെ ആഴങ്ങളില്‍ ഇന്നും മരിക്കാത്ത ഒരു നവോത്ഥാന പ്രേമിയുണ്ട്.അവനെ തൊട്ടുണര്‍ത്താന്‍ നമ്മുടെ ഇടതിന് കഴിയുന്നില്ല.മാരീചന് തന്നെ പറഞ്ഞ് പോലെ പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെയും ചങ്ങനാശേരി മുതല്‍ കാരന്തൂര്‍ മര്‍ക്കസു വരെയും നിരങ്ങി ഇവര്‍ക്ക് ആസനവും മുഖവും ഒരു പോലെ തേഞ്ഞു പോയിരിക്കുന്നു.
“രാഷ്ട്രീയമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജയിക്കുമെന്ന് എനിക്ക് തോന്നുന്നു.ഒരിക്കല്‍ കൂടി പൊതുസമൂഹത്തെ ഇടത് മുഖംമൂടി അണിയിക്കാന്‍ ഇതിന് കഴിഞ്ഞേക്കും.”
രാധേയന് ജീയുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. കുറേയേറെ കാലത്തിനു ശേഷം സര്‍ക്കാരിന് കാര്യമായ മാധ്യമ പിന്തുണയും ബഹുജന പിന്തുണയും കിട്ടുന്ന വിഷയമായിട്ടുണ്ട് ഇത്. വിശേഷിച്ച് ‘സന്തോഷ് മാധവ’എപ്പിസോഡിനു ശേഷം ഉടനെതന്നെ ഇതും വന്നത് നന്നായി
പ്രാക്കുളം ചെഗുവേര ഏതായാലും കഴിഞ്ഞദിവസം സഭയില്‍ നല്ല ഫോമിലായിരുന്നു.
സെബിന് ചേട്ടാ,
ചില വിയോജിപ്പുകള്‍ കുറിക്കട്ടേ:
“ഏഴാംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഈ പാഠങ്ങള്‍ താങ്ങാനാവുമോ എന്ന സംശയം പലരില്‍ നിന്നും ഉയരുന്നു. പന്ത്രണ്ടുവയസ്സുകാരെ നാമെന്തിനാണ് ഇത്ര അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നതു് ? എന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെട്ടതു് 12 വയസ്സിലാണു്. വീട്ടിലാരും രാഷ്ട്രീയക്കാരായി ഇല്ല. ആകെ വായിച്ചിരുന്ന പത്രം മനോരമയാണു്. ഞാന്‍ ബാലജനസഖ്യം ഭാരവാഹിയുമായിരുന്നു. എന്നിട്ടും എന്റേതു് ഇടതുപക്ഷവീക്ഷണമായി. അന്നത്തെ സാമൂഹ്യ പ്രശ്നങ്ങളോടുള്ള സ്വാഭാവികമായ പ്രതികരണമായിരുന്നൂ, എനിക്കതു്”
പന്ത്രണ്ടു വയസുകാരന്റെ ബുദ്ധിയെ കുറച്ചുകാണുകയല്ല. എന്റെയും നിരീശ്വരചിന്തകള് ഏതാണ്ട് 7,8 ക്ലാസുകളിലാണ് ഉരുത്തിരിഞ്ഞത്.(അതുപക്ഷേ സയന്‍സ് പഠനവുമായി ബന്ധപ്പെട്ടാണ്, സാമൂഹിക വീക്ഷണവുമായിട്ടല്ല എന്ന വ്യത്യാസമുണ്ട്).
മതമില്ലാത്ത ജീവന് എന്ന പാഠത്തെക്കുറിച്ച് എന്റെ ആശങ്ക 2 പ്രധാന പോയിന്റിലാണ്:
1. മതത്തിന് ബദലായോ equivalent ആയോ മതനിരാസത്തെ/നിരീശ്വരത്വത്തെ കാണാന്‍ പാടില്ല.മതത്തിന്റെ നിരര്‍ത്ഥകത ബോധ്യമാവുന്നതിലൂടെയാണ് മതനിരാസം ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ മത-ജാതിനിരാസം/മതേതരത്വം എന്നത് ഒരു ആദര്‍ശമാണ്, സൌകര്യപൂര്‍വ്വം മാമോദീസവഴിയോ ദീക്ഷവഴിയോ പിന്നീട് മാറ്റാവുന്ന ഐഡന്റിറ്റിയല്ല.
2.മതത്തിന്റെ നിരര്‍ത്ഥകത ബോധ്യമാവണമെങ്കില്‍ മതത്തെ പറ്റി വിശദമായി അറിയണം.അങ്ങനെയല്ലാതെ മതേതരത്വ/മതനിരാസ ആശയങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.
ഒരു മതേതരന്‍/നിരീശ്വരന്/യുക്തിവാദി സുഹൃത് സംഘങ്ങള്‍ മുതല്‍ പൊതുസമൂഹത്തിലെ വിവിധ ലെവലുകളില്‍ നേരിടേണ്ടുന്ന എതിര്‍പ്പുകള്‍ അത്ര വലുതാണ്. മാരീചരും രാധേയന് ജീയും ഡാലിച്ചേച്ചിയും ചര്‍ച്ചചെയ്ത ‘ജാതി സംവരണ’/റെജിസ്റ്റര്‍ പ്രശ്നം അത്തരം പ്രാക്ടിക്കല്‍ പ്രശ്നങ്ങളിലൊന്നാണ്.
10-ആം ക്ലാസുവരെ ജാതിയില്ല/മതമില്ലാ ആദര്‍ശവും പത്തുകഴിയുമ്പോള് (സംവരണത്തിനായാലും സോഷ്യല്‍ സ്റ്റാറ്റസിനായാലും) ജാതിയുണ്ട്/മതമുണ്ട് ആദര്‍ശവും കാപട്യമാണ്. അങ്ങനെയാണ് ‘മതമില്ലാത്ത ജീവന്’ നാളത്തെ പൌരനാകുന്നതെങ്കില് (അഹോ കഷ്ടം!) ഈ പാഠഭാഗം മുന്നോട്ടുവയ്ക്കുന്ന ആദര്‍ശങ്ങളുടെ പരിപൂര്‍ണ്ണ പരാജയവുമാകും.
അമേരിക്കയില്‍ 1920കളില്‍ മങ്കീട്രയല് എന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്കോപ്സ് ട്രയല്‍ വിവാദവുമായി ഇപ്പോഴത്തെ പാഠപുസ്തക വിവാദത്തിനു വിദൂര സാമ്യമുണ്ട്. പരിണാമസിദ്ധാന്തം ദൈവവിരുദ്ധമാണെന്നതിനാല് അതു സ്കൂളില്‍ പഠിപ്പിക്കരുതെന്നു വാദിക്കാന്‍ ഒരുകൂട്ടര്‍, അതു പഠിപ്പിക്കണമെന്ന് പരിഷ്കരണ വാദികളും. ഇന്നും മുറുമുറുപ്പുകളുയരുന്ന ഈ വിഷയത്തില്‍ പല സ്കൂളുകളും എത്തിയ സമവായം ഇതായിരുന്നു : പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന അധ്യായത്തിനൊടുവില്‍ പിന് കുറിപ്പായോ അനുബന്ധമായോ വിശിഷ്ട സൃഷ്ടി സിദ്ധാന്തം – ദൈവത്താല്‍ പ്രത്യേകം സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യനും മൃഗങ്ങളും എന്ന വാദം- കൂടി ചേര്‍ക്കുക. ‘ഇങ്ങനെയും ഒരു വാദം നിലവിലുണ്ട്’ എന്ന ലൈനില്‍ ഒരു പ്രസ്താവനയോടെ.
ഈ മാതൃക പുരോഗമനാത്മകമല്ലെങ്കിലും ജനാധിപത്യപരമാണ്.സത്യം ആപേക്ഷികമല്ല എന്ന് ഒന്നേയുള്ളൂ എന്ന് പഠിപ്പിക്കുന്ന ശാസ്ത്രവിഷയത്തില്‍ പോലും ഇതാകാമെങ്കില്‍ എന്തുകൊണ്ടു നമ്മുടെ പ്ലൂറലിസ്റ്റിക് സമൂഹത്തില്‍ ചരിത്രപഠനത്തിന് ഇത് അനുകരിച്ചു കൂടാ ?
മതങ്ങളെ പരിചയപ്പെടുത്തുന്ന ഒരു അധ്യായം ചേര്‍ത്തിട്ട് അതേ പാഠഭാഗത്തോ പ്രത്യേകം അധ്യായമായോ മതേതരത്വത്തെക്കുറിച്ചും മത-ജാതി നിരാസങ്ങളെപ്പറ്റിയും നിരീശ്വരവാദത്തെക്കുറിച്ചും വിശദമാക്കുക.മതങ്ങളുടെ ആചാര/സാംസ്കാരിക സവിശേഷതകള്‍ വിശദമാക്കുന്നതിനോടൊപ്പം, എങ്ങനെയാണ് അവ പരസ്പരം പോരടിക്കുന്നത് എന്ന് പറയാനുള്ള സ്പേസ് ഇങ്ങനെയാകുമ്പോള്‍ കിട്ടും.(ഉദാ: കുരിശു യുദ്ധ ചരിത്രം, ബൌദ്ധ-ബ്രാഹ്മണ പോരുകള്‍, ശൈവ-വൈഷ്ണവ യുദ്ധങ്ങള്‍, ആധുനിക കാല മതഭീകരത ) മതങ്ങളുടെയും അവയുടെ വിശ്വാസപ്രമാണങ്ങളുടെയും നിരര്‍ത്ഥകത ബോധ്യപ്പെടുത്തുന്നതോടൊപ്പം അവയുടെ സാംസ്കാരിക സംഭാവനകളെ മാനിക്കാനും ഈയൊരു സമീപനം സഹായകമാകുമെന്ന് എനിക്കു തോന്നുന്നു. നിരീശ്വരവാദത്തെ ഒളിവും മറയുമില്ലാതെ ധൈര്യമായി പരിചയപ്പെടുത്താനും അതിന്റെ ലോക/ഇന്ത്യന്‍ ചരിത്രം – ചാര്വ്വാകപ്രസ്ഥാനമുള്പ്പടെ – വിശദമാക്കാനുള്ള അവസരവും ഇങ്ങനെയൊരു രീതിയില്‍ ലഭിക്കുകയും ചെയ്യും.
സ്വാതന്ത്ര്യ സമരചരിത്രത്തെ കുറിച്ച്:
നിലവിലെ പാഠഭാഗങ്ങള്‍ കാര്യമായി തിരുത്തിയെഴുതേണ്ടതു തന്നെ എന്നാണ് എന്റെ തോന്നല്‍. വലിയൊരു വിഭാഗം നേതാക്കളെ – ദേശീയരും പ്രാദേശികരുമായ നേതാക്കളെ – ഒഴിവാക്കിയിരിക്കുന്നത് പോരായ്മ തന്നെ.
പക്ഷേ പല തലങ്ങളില്‍ അനലൈസ് ചെയ്യാന്‍ സാധ്യതകളുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തെയും രാഷ്ട്രീയത്തെയും ഒറ്റ ക്ലാസില്‍ കുത്തിനിറച്ച് കുട്ടികളെ പ്രബുദ്ധരാക്കാം എന്ന ലൈനിലുള്ള സമീപനം അശാസ്ത്രീയവും പുതിയ പഠന രീതികളുടെ ലക്ഷ്യത്തെ നിരാകരിക്കലുമാണ്.
പഴയ പാഠ്യ രീതിയില്‍ പല ക്ലാസുകളിലായി പടിപടിയായിട്ടാണ് ചരിത്രത്തെ പരിചയപ്പെടുത്തുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ രീതി തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ശാസ്ത്രീയവും. എന്നാല്‍ സമകാലീന സംഭവങ്ങളുമായും സാമൂഹ്യ പ്രശ്നങ്ങളുമായും ചരിത്രത്തെ വിളക്കിച്ചേര്‍ക്കുന്നതില്‍ പണ്ടത്തെ രീതി പരാജയമാണ്. ആ ഒരു കുറവു നികത്തി പുതിയ പാഠപുസ്തകത്തിലും പടി പടിയായി വിഷയങ്ങളവതരിപ്പിക്കുന്ന അതേ രീതി നടപ്പിലാക്കേണ്ടതാണ് എന്നാണ് എനിക്കു തോന്നുന്നത്.
സെബിന് ജീ പറഞ്ഞതുപോലെ ലാപ്പിയര്/കോളിന്സ്മാരെയോ വില്യം ഡാല്റിമ്പിളിനെയോ ഒക്കെ ഈ സ്റ്റേജില്‍ അവതരിപ്പിച്ചാല്‍ കുട്ടികള്‍ക്ക് ദഹിക്കുമോയെന്നറിയില്ല (suggested reading എന്ന കാറ്റഗറിയിലായാലും). ചരിത്രത്തിലെ പല രാഷ്ട്രീയ അന്തര്‍നാടകങ്ങളെക്കുറിച്ചും പല ‘ആരാധ്യ’ നേതാക്കളുയും മനുഷ്യസഹജ ദൌര്ബല്യങ്ങളെക്കുറിച്ചുമൊക്കെ മേല്പ്പറഞ്ഞവരുടെയൊക്കെ പുസ്തകങ്ങളിലൂടെയാണു നമ്മളറിഞ്ഞതെന്നതു മറന്നല്ല ഇതു പറയുന്നത്; അത്തരം വിമര്‍ശനാത്മക അപഗ്രഥനമൊക്കെ ഒരു ഏഴാം ക്ലാസ് മുറിയില്‍ നടക്കുന്നതിന്റെ പരിമിതികളോര്ത്താണ്.
പിന്നെ, പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും അവതരണരീതിയുമൊക്കെ രൂപകല്പന ചെയ്യുന്നത് ക്ലാസ് മുറിയിലെ ശരാശരി ഐക്യൂ നിലവാരമുള്ള വിദ്യാര്‍ത്ഥിയെ മുന്നില്‍ കണ്ടുകൊണ്ടാണ്,കണ്ടുകൊണ്ടാകണം. എക്സപ്ഷനല്‍ കുട്ടികള്‍ സ്വന്തമായി ഇതൊക്കെ തേടാന്‍ പ്രാപ്തരാണ്. അവര്‍ക്ക് ഒരു സ്റ്റിമുലേഷനേ ആവശ്യമുള്ളൂ. അതുപോലെയല്ല ഭൂരിപക്ഷം.
സ്വാതന്ത്ര്യസമരത്തില്‍ ചേര്‍ക്കേണ്ടതായി ഇനിയും ഉണ്ട് എന്നതിനോട് യോജിക്കുന്നുവെങ്കിലും മൊത്തം പാഠ്യപദ്ധതിയില്‍ ഏതൊക്കെ എവിടെയൊക്കെ വരുന്നു എന്നറിയാതെ കടുത്ത ഒരു അഭിപ്രായം പറയാന്‍ വയ്യ. ഈ പുസ്തകത്തില്‍ നിന്നുമാത്രമല്ല കുട്ടി പഠിക്കാന്‍ പോകുന്നത് എന്ന് ഇന്ന് ചര്‍ച്ചയില്‍ ശ്രീ. ഖാദര്‍ പറയുകയുണ്ടായി.(പുസ്തകം മുഴുവന്‍ കാണണം എന്നും പുസ്തകത്തിനു പുറത്തുനിന്നും പഠിക്കും എന്നും മന്ത്രിയും ഒക്കെ പറയുന്നത് ആത്മാര്ത്ഥതയോടെയാണെന്ന വിശ്വാസത്തിലാണ് ഞാനിത് പറയുന്നത്.) അതിനോടെനിക്ക് പൂര്‍ണ്ണമായ യോജിപ്പുണ്ട്. സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാത്തെ ഏടുകളും പഠിക്കണം എന്നതും എനിക്ക് യോജിപ്പുള്ള കാര്യമാണ്. പ്രാദേശികമായ ചരിത്രത്തിനുകൂടി പ്രാധാന്യം കൊടുക്കുകയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഒരു പോയിന്റ് എന്നതുകൊണ്ട് അത്തരം ഭാഗങ്ങള്‍ ഉള്പ്പെടുത്തിയതിനോടും എതിര്‍പ്പില്ല. പൊതുവേ എനിക്ക് ഈ അദ്ധ്യായത്തോട് യോജിപ്പുണ്ട്.
മതനിരാസം പഠിപ്പിക്കുക ഈ പുസ്തകത്തിന്റെ ഉദ്ദേശമല്ല എന്ന് തോന്നുന്നു. ഭരണഘടനക്കനുസരിച്ചായിരിക്കണം പാഠഭാഗങ്ങള്‍ എന്ന് പുസ്തകം രചിക്കുമ്പോഴുള്ള ഒരു മുന്നുപാധി എന്ന് എസ്.സി.ഇ.ആര്.ടി ചെയര്‍നാന്‍ പറയുകയുണ്ടായി. ഭരണഘടനയിലെ മതനിരപേക്ഷത മതനിരാസമല്ലല്ലോ.
വിമര്‍ശനാത്മകബോധനം എന്ന ആശയത്തെ എതിര്‍ക്കുന്നില്ലെന്ന് ഇന്ന് വിഷ്ണുനാഥും, ഫാദര്‍ കല്ലനാട്ടും തിരുവഞ്ചൂരും പറയുന്നത് ഞാന്‍ കേട്ടു.(അവരാരിത് പറയാന്‍ എന്നാണെങ്കില്‍..ഞാന്‍ ഓടി…)
ഇത് ഇത്തിരി ഓഫ്…
“മതത്തിന്റെ നിരര്‍ത്ഥകത ബോധ്യമാവണമെങ്കില്‍ മതത്തെ പറ്റി വിശദമായി അറിയണം.അങ്ങനെയല്ലാതെ മതേതരത്വ/മതനിരാസ ആശയങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.“
അതിന്റെ ആവശ്യമുണ്ടോ സൂരജ്? എനിക്കിതത്ര ബോധ്യം വരുന്നില്ല. അവനവന്റെ ചുറ്റുപാടില്‍ നിന്നും കിട്ടുന്ന അറിവ്, ജീവിതവീക്ഷണം എന്നിവയേക്കാള്‍ ഉപരിയായി മതത്തെക്കുറിച്ചുള്ള പഠനത്തിനെന്ത് സംഭാവനയാണ് നല്കുവാന് കഴിയുക? ഒരു കൊനഷ്ട് ചോദ്യം മനസ്സില്‍ വരുന്നത് എങ്കില്‍ സെമിനാരിയിലും മറ്റും പഠിച്ചവരൊക്കെ അങ്ങിനെ ആകേണ്ടതല്ലേ?
മൂര്‍ത്തി മാഷ്,
“മതത്തിന്റെ നിരര്‍ത്ഥകത ബോധ്യമാവണമെങ്കില്‍ മതത്തെ പറ്റി വിശദമായി അറിയണം.അങ്ങനെയല്ലാതെ മതേതരത്വ/മതനിരാസ ആശയങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.“
അതിന്റെ ആവശ്യമുണ്ടോ സൂരജ്? എനിക്കിതത്ര ബോധ്യം വരുന്നില്ല. അവനവന്റെ ചുറ്റുപാടില്‍ നിന്നും കിട്ടുന്ന അറിവ്, ജീവിതവീക്ഷണം എന്നിവയേക്കാള്‍ ഉപരിയായി മതത്തെക്കുറിച്ചുള്ള പഠനത്തിനെന്ത് സംഭാവനയാണ് നല്കുവാന് കഴിയുക? ഒരു കൊനഷ്ട് ചോദ്യം മനസ്സില്‍ വരുന്നത് എങ്കില്‍ സെമിനാരിയിലും മറ്റും പഠിച്ചവരൊക്കെ അങ്ങിനെ ആകേണ്ടതല്ലേ?
സെമിനാരിയിലോ അഗ്രഹാരത്തിലോ എതിര്‍ത്തൊരു ചോദ്യം ചോദിക്കാതെയുള്ള സമ്പൂര്‍ണ്ണ വിശ്വാസ/സമര്‍പ്പണത്തോടെയുള്ള പഠനമല്ലേ നടക്കാറ് ?
(ആ വിശ്വാസ സ്ഥൈര്യവും ഇളകാറുണ്ട് എന്ന് ‘കുപ്പായം ഊരുന്നവ’രുടെ കഥകള്‍ സൂചിപ്പിക്കുന്നു)
സ്കൂള്‍ പോലൊരു ജനാധിപത്യ സെറ്റപ്പില്‍ മതങ്ങളെ കുറിച്ചു വിശദമായി പഠിക്കുക എന്നതു കൊണ്ട് ഞാനുദ്ദേശിക്കുന്നത് മതാചാരങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ഫിലോസഫി എന്നിവയെ ഒരു താരതമ്യ പഠനം നടത്താന്‍ വേണ്ടുന്ന മിനിമം ആധികാരിക അറിവ് നേടുക എന്നതാണ്.
ഉദാഹരണത്തിന് സെമിറ്റിക് മതങ്ങളുടെ ദൈവ സങ്കല്പമായ യാഹ് വാ ആണ് യഹോവ, എലോഹ എന്നിങ്ങനെ പരിണാമിച്ചത് എന്നും അതുതന്നെയാണ് ഇസ്ലാമിലെ അല്ലാഹു എന്നുമൊക്കെയുള്ള ചരിത്രപഠനം. ഒരേ ഭൂപ്രദേശത്ത് വിവിധ മതങ്ങള്‍ എങ്ങനെയുണ്ടായി; ഗോത്രമതങ്ങളെ അവ എങ്ങനെ നേരിട്ടു, എന്നു തുടങ്ങി ഇന്ത്യയില്‍ വേദങ്ങളുടെ എവല്യൂഷന്‍, അവയിലെ ആദ്യകാല ദൈവങ്ങള്‍, പില്ക്കാലത്ത് പുതുതായി ഉയര്‍ന്നുവന്ന ദൈവസങ്കല്പങ്ങള്, അവതാര മിത്തുകള്‍, ദ്രാവിഡ മതങ്ങള്‍, ആധുനിക കാല മത സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ എന്തെല്ലാം എന്തെല്ലാം.
ഇതൊക്കെ ഒറ്റക്ലാസില്‍ കുത്തിച്ചെലുത്തണമെന്ന് അര്‍ത്ഥമാക്കുന്നില്ല. പടി പടിയായി വേണം താനും. “എല്ലാ മതവും മനുഷ്യ സൃഷ്ടം”എന്നതാവണം ഇതിലൂടെ നല്കാന് കഴിയുന്ന പ്രധാന ആശയം.
അങ്ങനെ കിട്ടുന്ന മതേതരത്വത്തിന്റെ സന്ദേശത്തിന് ഒരു അര്‍ത്ഥമുണ്ടാകും എന്നു ഞാന്‍ കരുതുന്നു.
പിന്നെ, ഞാന്‍ ആദ്യമേ പറഞ്ഞു : ഇതേ പാഠ്യപദ്ധതിയിലുള്പ്പെടുത്തിയിട്ടുള്ള മറ്റുക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ കൂടി കണ്ടാലേ ചില കാര്യങ്ങളില്‍ ഉറപ്പായി വല്ലതും പറയാനാവൂ.പ്രത്യേകിച്ച് ആ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ കാര്യമൊക്കെ.
ചരിത്രപാഠ പുസ്തകങ്ങള്‍ എപ്പോഴും പല grade-കളിലായാണല്ലോ ഡിസൈന്‍ ചെയ്യപ്പെടുന്നത്.
സ്വാതന്ത്ര്യസമരത്തെപറ്റിയുള്ള പാഠം വായിച്ചപ്പോള്‍ തോന്നിയത് ഹിംസാപരമായ സമരപവര്ത്തനങ്ങള്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു എന്നു തന്നെയാണ്. അതു കൊണ്ടു തന്നെ ഇതൊരു സമഗ്രമായ പാഠമല്ല. പക്ഷെ, ഇതിന്റെ തുടര്‍പാഠങ്ങള്‍ അഹിംസപരമായ സമരങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കരുതാം. പിന്നെയും, ബോസിനെ പോലുള്ളവരെ എന്തുകൊണ്ട് വിട്ടുകളഞ്ഞു എന്നും ചിന്തിക്കേണ്ടതുണ്ട്. പിന്നെ ആദ്യസമരം മുതല്‍ ഇവിടെ വര്‍ഗീയത വളര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചകാര്യവും കുട്ടികള്‍ അറിയേണ്ടതാണ്. ഞങ്ങളൊക്കെ അത് ഏഴാംക്ലാസ്സില്‍ പഠിച്ചിരുന്നു.
മറ്റൊന്ന്, കേരളം എന്തുകൊണ്ട് സ്വാത്ന്ത്ര്യസമരത്തിന്റെ മുഖ്യവേദിയായില്ല എന്ന ചിന്തയാണ്. കരിവള്ളൂരും പുന്നപ്രയും മലബാറുമടക്കം സ്വാതന്ത്ര്യസമരത്തില്പ്പെടുത്താമോ എന്നു തീര്‍ച്ചയില്ലാത്ത സമരങ്ങള്‍ക്ക് പുറമെ മുഖ്യധാരയില്‍ വരുന്ന സ്വാതന്ത്ര്യസമരങ്ങള്‍ എന്തുകൊണ്ട് കേരളത്തിലുണ്ടായില്ല. ദേശീയപ്രസ്ഥാനത്തില്‍ മലയാളികള്‍ അധികമുണ്ടായിരുന്നില്ല. കേളപ്പനെപ്പോലുള്ളവരെ മലയാളികള്‍ മാത്രമല്ലേ അറിയുന്നുള്ളൂ. പണ്ട് നാലാംക്ലാസ്സില്‍ അക്കാമ്മ ചെറിയാനെക്കുറിച്ച് പഠിച്ചിരുന്നു. അതു പോലെ മലയാളികളായ സ്വാത്ന്ത്ര്യസമരക്കാരെക്കുറിച്ച് -അങ്ങനെയുള്ളവര്‍ അധികമില്ലെങ്കിലും-കുട്ടികള്‍ പഠിക്കുന്നുണ്ടോ?
മുഖ്യധാരാ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് എങ്ങനെ ഇന്ത്യയില്‍ വര്‍ഗീയതയ്ക്ക് വേരൂന്നി എന്നും അന്വേഷിക്കേണ്ടതാണ്. (അധ്യാപകര്‍ക്ക് ബോധനസഹായി ആയി ആനന്ദിന്റെ ‘വേട്ടക്കാരനും വിരുന്നുകാരനും’ ഉപയോഗിക്കാം, ഉയര്ന്നക്ലാസ്സില് കുട്ടികള്‍ക്കുള്ള പഠനസഹായി ആയും ഈ പുസ്തകം ഞാന്‍ നിര്‍ദ്ദേശിക്കും-വിവിധമതങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനം എന്ന നിലയില്‍)മതമില്ലാത്ത ജീവന് എന്ന പാഠത്തിനും ഈ നിര്‍ദ്ദേശം ബാധകമാണ്.
ദൃശ്യങ്ങള്‍ അക്ഷരങ്ങളേക്കാള്‍ കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കും എന്നതിനാല്‍ സിനിമ അടക്കമുള്ള മാധ്യമങ്ങള്‍ അധ്യയനത്തിന് ഉപയോഗിക്കണം. ഗാന്ധി, അംബേദ്കര്‍, എര്‍ത്ത് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ സബ്ടൈറ്റില്‍ ചെയ്ത് കുട്ടികളെ കാണിക്കണം….സ്വപ്നങ്ങളാണേ…:)
ഇന്ന് വളരെ സാധാരണമായ അരാഷ്ട്രീയവാദത്തിനു മരുന്നാണ് ഈ പാഠം. രണ്ടാം പേജില്‍ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച കാര്യങ്ങള്‍ എനിക്കങ്ങിഷ്ടപ്പെട്ടു, ആ ചിത്രങ്ങള്‍ മൂന്നാംക്ലാസിലേതാണെങ്കിലും. ഉഷാകുമാരിടീച്ചര്‍ പറഞ്ഞതുപോലെ പുസ്തകം വളരെ ലളിതമാണെന്നൊരഭിപ്രായമുണ്ട്.
നല്ല ചര്‍ച്ചകള്‍. ഈ പാഠപുസ്തകം രൂപകല്പന ചെയ്തവര്‍ ഇതിന്റെ പകുതി സമയം പോലും ചര്‍ച്ച ചെയ്യാന്‍ എടുത്തിട്ടുണ്ട് എന്നു തോന്നുന്നില്ല.