1.പുതിയ പാഠപുസ്ത്ക ദൌര്‍ബല്യം കാര്യങ്ങള്‍ രഹസ്യാത്മകമാക്കി വയ്ക്കനുള്ള സര്‍ക്കാറിന്റെ ശ്രമമാണ്.
2. തങ്ങളുടെ ആശയ പ്രചാരണോപാധിയായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണം- ചൈന, 57 ലെ കേരളസര്‍ക്കാര്‍
3. പാഠപുസ്തകങ്ങളിലൂടെ നിരീശ്വരത്വം പഠിപ്പിക്കുന്നു.
4. 57 ലെ പാഠപുസ്തകപരിഷ്കരണത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെയും വിപ്ലവനേതാക്കളെയും പുകഴ്ത്ത്തുകയും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ ധീരനേതാക്കളെയും തമസ്കരിക്കുകയും ചെയ്തു. അത് പിന്നീട് തിരുത്തപ്പെട്ടു.
5. നിലവിലിരിക്കുന്നതിനെ എല്ലാത്തിന്റേയും (സമൂഹം പിന്തുടരുന്ന ആചാരം, വിശ്വാസങ്ങള്‍) ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്നു. പ്രവേശനസമയത്ത് കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത് നിര്‍ബന്ധമില്ല” എന്നത് വിശ്വാസങ്ങളെ അട്ടിമറിക്കാന്ന് സഹായിക്കും!
6. ഇന്നു നിലവിലില്ലാത്ത ജന്ന്മി സമ്പ്രദായം പഠിപ്പിക്കുന്നു.അതേ സമയം ജന്മിസമ്പ്രദായം, ഭൂമി ഉടമസ്ഥത, അതിന്റെ പരിഷ്കരണം ഇവയെക്കുറിച്ചൊന്നും സമഗ്രമായ ഒരു പഠനത്തിനോ അവയുടെ നാനാവശങ്ങള്‍ മനസ്സിലാക്കാനോ ഒരു പരിശ്രവുമില്ല. ഇത് കുട്ടികളെ ഭാഗീകമായ കാഴ്ചപ്പാടില്‍ ഒതുക്കുന്നു.
7. ജന്മി -കുടിയാന് രംഗത്ത് നന്മവരുത്തിയതെല്ലാം കമ്യൂണിസ്റ്റുകാരാണെന്നു വരുത്തിവയ്ക്കുന്ന രീതിയിലുള്ള പഠനം. (ഒരു ജന്മിഗൃഹത്തെക്കുറിച്ചുള്ള ഒരു ഇടതുപക്ഷക്കാരന്റെ ലേഖനഭാഗം, അന്നുണ്ടായിരുന്ന ഉച്ചനീചത്വത്തെക്കുറിച്ചുള്ള മറ്റൊരാളുടെ ചിത്രീകരണം, ചില സ്ഥലങ്ങളില്‍ വിപ്ലവകാരികള്‍ ‘വിത്തിട്ടവന് വിളകൊയ്യും’ എന്ന മുദ്രാവാക്യം നടപ്പിലാക്കിയരീതി, 1957 ലെ സര്‍ക്കാര്‍ വരുത്തിയ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള സ്തുതിപ്പുകള്‍ ഇതെല്ലാമാണ് പിന്നിടു ചര്‍ച്ചാവിഷയമാക്കുക. എന്നിട്ട് ഇങ്ങനെയുള്ള നേട്ടങ്ങളെല്ലാം കമ്യൂണിസ്റ്റുകാരുടെ നേട്ടമാണെന്ന് ഉത്തരം ലഭിക്കാനുള്ള ചോദ്യങ്ങള്‍ )
8. സ്വാതന്ത്ര്യസമരചരിത്രം വളച്ചൊടിക്കുന്നു.(സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയ ഗാന്ധിജി, നെഹ്റു തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ പീര്‍മുഹമ്മദ്, ഭഗത്സിംഗ് ഉപ്പുസത്യാഗ്രഹത്തില്പോലും പി. ദാമോദരന്‍, ഹരിശ്വരന്‍, ബ്രിട്ടീഷുകാരെ വെടിവച്ച ഏഴാംക്ലാസ്സുകാരായ രണ്ടുവിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ‘വിപ്ലവകാരി’കളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. )
9.മതവിരുദ്ധത വളര്‍ത്തുന്നു.
10. പാഠ്യപദ്ധതിപരിഷ്കരണത്തിനു ചുക്കാന്‍ പിടിക്കുന്നത് കടുത്ത മാര്‍ക്സിസ്റ്റ് ചിന്തകരായ ചില അധ്യാപകസംഘടനാ പ്രവര്‍ത്തകരും ‘ശാസ്ത്രസാഹിത്യകാരന്മാരു’മാണ്്.
11.യുക്തിചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൗരബോധം എന്നും വിമര്‍ശനാത്മക പഠനം എന്നും കെ.ഇ.ആര് ഇല് കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കാനാണു.
12.”വ്യക്തികള്‍ക്കും സമൂഹത്തിനും വിമര്‍ശനാവബോധം നല്‍കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.” വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ ചീന്തിഎറിയുന്ന ഒരു നിര്‍വചനമാണിത്.
13. അദ്ധ്യാപകരുടെ ആധികാരികത എടുത്തുകളയുന്നു. ഭാരതസംസ്കാരത്തിന് അപമാനം!
കിരണ്‍ തന്നിരിക്കുന്ന പാഠങ്ങള്‍ തരം തിരിച്ചുള്ള ആരോപണങ്ങള്‍ 1,, 2
സഭ നിര്‍ദ്ദേശിക്കുന്ന പരിഹാരം.
ഈ റ്റെക്സ്റ്റുകള്‍ പാടെ പിന്‍വലിക്കണം.
ചര്‍ച്ചയ്ക്കു വേണ്ടിയുളള മെറ്റീരിയല്‍ കിരണ്‍ നന്നായി ക്രോഡീകരിച്ചിരിക്കുന്നു. നാം, അതായത് ഈ ഗ്രൂപ്പിലുളളവര്‍ ചര്‍ച്ച ചെയ്യമ്പോള്‍ സഭാ വിരോധം പൂര്‍ണമായും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സഭയോ, സഭയുടെ അജണ്ടയിലുളള രാഷ്ട്രീയത്തെക്കുറിച്ചോ അറിവില്ലാത്തവരായി ഈ ഗ്രൂപ്പില്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ ആ ഭാഗം നമുക്ക് ഇവിടെ പൂര്‍ണമായും ഒഴിവാക്കുകയും ഈ വിഷയം പൊതു ചര്‍ച്ചയ്ക്കു വരുമ്പോള്‍ അക്കാര്യവും കൂടി (വേണമെന്നുളളവര്‍ക്ക്) ഉയര്‍ത്തുകയും ചെയ്യാം.
ചര്‍ച്ചയില്‍ ആരെങ്കിലും ഒരാള്‍ മോഡറേറ്ററുടെ റോള്‍ കൂടി വഹിക്കണമെന്ന് നിര്‍ദ്ദേശിക്കട്ടെ. വിട്ടുപോകുന്ന വിഷയങ്ങളും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ഭാഗങ്ങളും ചൂണ്ടിക്കാണിക്കണം.
കിരണ്‍ മുന്നോട്ടു വെച്ച പ്രശ്നങ്ങളില്‍ ഓരോന്നായി ചര്‍ച്ചയ്ക്കു വിഷയമാകണം. 1924ലെ അഡ്മിഷന് രജിസ്റ്റര്‍ പ്രശ്നത്തില്‍ എന്താണ് നമുക്ക് പറയാനുളളത്? പാഠഭാഗത്തില്‍ ഇങ്ങനെയൊരു ഉള്‍പ്പെടുത്തല്‍ നടക്കുന്നത് ക്ലാസ് മുറികളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ? അധ്യാപകനും വിദ്യാര്‍ത്ഥിയും ഇതെങ്ങനെയാവും വീക്ഷിക്കുക. നെഗറ്റീവായ എന്തെങ്കിലും ഫലം ഇതുമൂലമുണ്ടാകുമെങ്കില് അതെങ്ങനെ പരിഹരിക്കാം?
ആദ്യം തോന്നിയ ചില സംശയങ്ങളാണ്. ചര്‍ച്ചയെ സംബന്ധിക്കുന്ന ഒരു നിര്‍ദ്ദേശം മാത്രമാണ് ഇത്. മറ്റ് നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
ഒരു അനക്കവും ഇല്ലല്ലോ
ഒന്നാം ഭാഗം കൈകാര്യം ചെയ്യുന്ന ഭൂപരിഷ്ക്കരണങ്ങളെ കുറിച്ച് പറയാം. ഭൂപരിഷ്ക്കാരം കോണ്‍ഗ്രസ് ദേശീയതലത്തില്‍ അംഗീകരിച്ച ഒരു സംഗതിയാണ്.അത് 57ലെ സര്‍ക്കാര്‍ തുടങ്ങുകയും 74ല്‍ സര്‍ക്കാര്‍ ഏതാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തതാണ് ഭൂപരിഷ്ക്കാരം.പലര്‍ക്കും അതിലെ പല വകുപ്പുകളോടും അതൃപ്തി ഉണ്ടായിരുന്നെങ്കിലും ആരും അതങ്ങ് തുറന്ന് പറഞ്ഞിരുന്നില്ല.അത് കൊണ്ടാണ് വിമോചനസമരത്തിന്റെ പ്രത്യക്ഷകാരണം വിദ്യാഭ്യാസബില്ലായിരുന്നെങ്കിലും യഥാര്‍ത്ഥ കാരണം ഭൂപരിഷ്ക്കരണം ആണ് എന്ന സാമൂഹിക വിശകലനം പ്രസക്ത്മായി തോന്നുന്നത്.
ഇനി പാഠഭാഗത്തേക്ക് വന്നാല്‍:
1. കൃഷിയെയും കൃഷിഭൂമിയെയും സംരക്ഷിക്കാനുള്ള പാഠഭാഗങ്ങളോട് എതിര്‍പ്പുണ്ടാകേണ്ട കാര്യമുണ്ടോ? ഒരു വിമര്‍ശനത്തില്‍ (ഡീക്കന്റെ ബ്ലോഗില്‍)മണ്ണിനും കലപ്പയ്ക്കും അരിവാളിനും പണിയായുധങ്ങള്‍ക്കും ഉള്ള പ്രാധാന്യം ദുരുപിദിഷ്ടമാണെന്ന് ആരോപിക്കുന്നു. ആധുനികകാലത്തെ കുട്ടികള്‍ക്ക് പരിചയമില്ലാത്ത ജീവിതപരിസരങ്ങളിലേക്ക് അവരെ നയിക്കുന്നു എന്നാണ് അതില്‍ പറയുന്നു.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അറിയാത്ത വിഷയങ്ങള്‍ പഠിക്കുക എന്നു തന്നെയല്ലേ.
2.ചില ഭാഗങ്ങള്‍ അവതരിപ്പിച്ച രീതി ശരിയായി തോന്നുന്നില്ല,ഭൂപരിഷ്ക്കരണബില്ലിന്റെ ഭാഗം,അതു പോലെ കമ്മ്യൂണിസ്റ്റ് ഗ്രന്ഥകാരന്മാരെ റഫര്‍ ചെയ്ത് പാഠഭാഗങ്ങള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശ്ശങ്ങള്‍,ഏകെജിയുടെ ആത്മകഥയുടെ ഭാഗം ഒക്കെ നല്ല ഒരു ലക്ഷ്യത്തെ വികൃതമാക്കും.(കെ.ദാമോദരന്റെ താത്വികമായ അറിവിനെ കുറിച്ചോ ഏകെജിയുടെ സത്യസന്ധതയെയോ എനിക്കു സംശയമില്ല.പക്ഷെ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ ആണെന്നത് ഉദ്ദേശശുദ്ധിയെ ബാധിക്കും എന്നത് ഓര്‍ക്കേണ്ടതുണ്ട്).അല്ലെങ്കില്‍ ഇതിനെ കുറിച്ച് എതിരഭിപ്രായമുള്ള ഗ്രന്ഥങ്ങളോ അനുഭവങ്ങളോ കൂടി ഉള്പ്പേടുത്താമായിരുന്നു.ഉദാഹരണത്തിന് ഭൂപരിഷ്ക്കരണത്തെ എതിര്‍ക്കുന്ന ചില കാഴ്ച്ചപ്പാടുകള്‍ കുട്ടനാട്ടിലെ കായല്കൃഷിക്കാരനായ മുരിക്കന്‍ വെച്ച പുലര്‍ത്തുന്നുണ്ട്.ഭൂമിയുടെ ഫ്രാഗ്മെന്റേഷന് കൃഷിയെ ബാധിച്ചു എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പറയുന്നു.
3.ജന്മിത്വത്തെ എതിര്‍ക്കുന്ന ഭാഗങ്ങളെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാകേണ്ടതില്ല.പക്ഷെ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമെന്ന് ചിത്രീകരിക്കുന്നതിലാണ് എതിര്‍പ്പുണ്ടാകാന്‍ സാധ്യത.പക്ഷെ അത് ഒരു പരിധിവരെ സത്യമാണ്.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ജന്മിത്വവിരുദ്ധസമരങ്ങള് കാര്യമായി നടന്നിട്ടില്ല.മാത്രമല്ല കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പല കാര്‍ഷികസമരങ്ങളെ അട്ടിമറിക്കാന്‍ ഒത്താശ ചെയ്യപ്പെടുകയും ചെയ്തു.
ഇതൊക്കെയാണ് ആദ്യഭാഗത്തെകുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍.ചിലഭാഗങ്ങളിലെങ്കിലും മോഡിഫിക്കേഷന് വേണമെന്ന് എനിക്ക് തോന്നുന്നു.
ജന്മിത്തവ്യവസ്ഥ പഠിപ്പിക്കുന്നു എന്നതല്ല പ്രധാന കുഴപ്പമായി തോന്നുന്നത്. അതുമാത്രം , അതും അതിന്റെ ഗുണവശങ്ങള്മാത്രം പഠിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതും, സാക്ഷരത കൂടിയതും പോലും ഇതിന്റെ മാത്രം ഗുണമായി പറയുന്നത് സംശയിക്ക്കപ്പെടേണ്ടതാണ്. പഴയ പുസ്തകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും
അദ്ധ്യയം 1- മണ്ണിനെ പൊന്നാക്കല്‍
ഈ അദ്ധ്യയത്തെ കുറിച്ച് സഭയുടെ പ്രധാന ആരോപണം ഇതാണ്. “സ്വന്തം പ്രദേശത്തെ ജന്മിമാരെ കണെ്ടത്തുവാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നതുവഴി വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം വീണ്ടും കൊണ്ടുവരികയും സമൂഹത്തെ രണ്ടുവിഭാഗമായി തിരിച്ചുനിര്‍ത്തി അവരെ തമ്മില്‍ തല്ലിക്കുന്നതിനുള്ള ശ്രമം നടത്തുകയുമാണ്“
കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയ്ക്ക് കാരണം ഭൂപരിഷ്കരണമാണ് എന്ന് എത്ര പേര് വിശ്വസിക്കുന്നുണ്ട് എന്നറിയില്ല. പക്ഷേ അത് മാത്രമാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന ആമുഖത്തോടെ..
1.പുതിയ പാഠത്തില്‍
ആദ്യ അദ്ധ്യായത്തില്‍ മണ്ണിനെ പൊന്നാക്കുക എന്നതില്‍ ആകെ പ്രതിപാതിക്കുന്നത് ജന്മി കുടിയാന് ബന്ധം മാത്രമാണ്.
പഴയ പാഠത്തില്‍ പഴമയുടെ കതിരും പതിരും എന്നതില്‍ ഇതേ കാര്യം കേരളത്തിലേക്കെത്തിയ ബ്രാഹ്മണര്‍, ചരിത്ര സഞ്ചാരികള്‍ എന്നിവയിലൂടെ ഒരു പാഠ്യരീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. രാധേയന് പറഞ്ഞ ലഘൂലേഖാ രീതി വളരെ വ്യക്തമാവും രണ്ടും കൂടി നോക്കിയാല്‍. പഴയതില്‍ 12 പേജില്‍ പറഞ്ഞിരിക്കുന്ന കാര്യങളുടെ 30% പോലും ഇല്ല പുതിയതില്‍ 10 പേജില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.ജന്ന്മിത്തം, നാടുവാഴിത്ത, ഭാഷ, ലിപി, ജാതി,കലകള്‍,നാടോടിപ്പാട്ടുകള്‍ മലയാള നാട്, രാജക്കന്മാര് എല്ലാം പ്രതിപാദിച്ചിരിക്കുന്നു.
2. പ്രദേശത്തെ ജന്മിമാരെ കുറിച്ച്
പുതിയത് – ഒരു പ്രമാണം കൊടുത്തീട്ട് ചോദ്യം. അതു പരിശോധിച്ചു നിങ്ങളുടെ പ്രദേശത്തെ ജന്മിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തൂ. (പഴയ ജന്മി ആവാം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നും ജന്മി ഉണ്ട് എന്ന് കുട്ടികള്‍ കരുതാന്‍ ഇതു ഇടയാക്കും. മൂലധന വ്യവസ്ഥ കൂടി പറഞ്ഞ് ഇന്ന് നിങ്ങളുടെ പ്രദേശത്ത് മൂലധനം കൂട്ടി വച്ചിരിക്കൂന്നവര് ആര് എന്നതായിരുന്നു ശരിയായ രീതി.)
ഇനി പഴയതില്‍ ഈ കാര്യം എത്ര സുന്ദരമായി കൈകാര്യം ചെഉതിരിക്കൂന്നു എന്ന് നോക്കു.
എന്തെല്ലാം അന്വേഷിക്കണം എന്ന ഭാഗത്ത്
നിങ്ങളുടെ പ്രദേശത്തെ ഭൂവുടമകള്‍ ആരായിരുന്നു?
…
…
..
ജാതീയമായി താഴ്ന്ന വിഭാഗക്കാരില്ജന്മികള് ഉണ്ടായിരുന്നോ?
വേരൊരു പേജില്‍
സമ്പത്തും അധികാരവും ഒരേവ്യക്തിയില്‍ കേന്ദ്രീീകരിക്കുമ്പോള് സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങള്‍ എന്തെല്ലാം
(ഇങ്ങനെ അല്ലെ കുട്ടികളെ പഠിപ്പിക്കേണ്ടെ?)
3. പുതിയത്.
കൃഷിഭൂമി കൃഷിക്കാരനു ലഭിച്ചതോടെ കേരളസമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്? പട്ടികകള്‍ പരിശോധിക്കൂ (പേജ് 14)
ആദ്യത്തെ പട്ടിക കൃഷിഭൂമി കുറയുന്നത്
രണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത്
മൂന്ന് സാക്ഷരത കൂടിയത്
എന്റെ കണ്ടെത്തലുകള്‍
1. സാക്ഷരത വര്‍ദ്ധിച്ചു.
ആയുര്‍ദൈര്‍ഘ്യം കൂടിയതും, സാക്ഷരത കൂടിയതും ജന്മിത്തം നിര്‍ത്തലായതിന്റെ ഏറ്റവും നല്ല പരിണതഫലമാണോ?
ഇതേകാര്യം പഴയതില്‍ കൃഷിഭൂമിയുടെ അധികാരം, വിവിധ ത്തട്ടുകള്‍, ബുക്കാനന്റെ പുസ്തകത്തിലെ ഉദ്ധരണികള്‍ വഴി സമൂഹത്തിലെ മറ്റൊരു മുഖ പരിചയം. ഇതല്ലേ ശരിയായ രീതി?
Radheyan said…
ഡാലി,
മുന്ജന്മിമാരെ ആധാരം നോക്കി കണ്ടുപിടിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് ചരിത്രത്തില്‍ ഉപയോഗിക്കുന്ന ഒരു വിശകലനരീതിയാണ്.മുന്നാധാരങ്ങളില്‍ ജന്മിയെ കണ്ടുപിടിക്കാന്‍ സാധിക്കുകയും പലരുടെയും ഭൂമിയുടെ ജന്മി ഒരേ ആളായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ വിശകലനരീതി നല്ലതാണ്.മാത്രമല്ല ജന്മിത്വം നിലനിന്നിരുന്നു എന്ന് വെറുതേ പറയുന്നതിന് പകരം വിശകലനം ചെയ്ത് നോക്കുന്നത് നല്ലതല്ലേ?
ഭൂപരിഷ്ക്കാരം സാമൂഹികാവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന വാദം കഴമ്പുള്ളതാണ്.ഭൂമി എല്ലാവര്ക്കും കിട്ടി എന്നതിനേക്കാള്‍ ഉല്പ്പാദനോപാദികള് കുറേ കൂടി ഈവനായി വിതരണം ചെയ്യപ്പെട്ടു എന്നത് വസ്തുതയാണ്.സ്വാഭാവികമായി സാമൂഹികാവസ്ഥയില്‍ അത് കാതലായ മാറ്റമുണ്ടാക്കി. ഇത് എല്ലാം പോസിറ്റീവായ മാറ്റങ്ങള്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല.കാരണം ഉല്‍പ്പാദനോപാധികള്‍ എത്രത്തോളം പ്രത്യുല്‍പ്പാദനപരമായി വിനയോഗിക്കപ്പെട്ടു എന്ന ചോദ്യം അവശേഷിക്കുന്നു.
ഈ ജന്മിയെ ഒക്കെ പരിശോധിക്കുന്നതില്‍ ഒരു കാര്യവും ഇല്ല എന്നാണ് എന്റെ അഭിപ്രായം. എന്റെ വീടിനു ചുട്റ്റും 5 സ്കൂളുകള്‍ ഉണ്ട്. എന്റെ ആ ഗ്രാമം മുഴുവന്‍ ചുറ്റിത്തിരിഞ്ഞാല്‍ പോലും പാട്ടം പിരിച്ചു സുഭിക്ഷിച്ചു കഴിഞ്ഞിരുന്ന ഒരു ജന്മി വിട് (100) വര്‍ഷത്തിനുള്ളില്‍ കണ്ട്പിടിക്കാന്‍ പറ്റില്ല. എന്റെ ഭര്‍ത്താവ്ന്റെ നാട്ടിലും സ്ഥിതി വ്യത്യസ്ഥല്ല എന്നാണ് അറിഞ്ഞത്. പിന്നെ ആരെയാണു കുട്ടികള്‍ കണ്ടു പിടിക്കുക?ഭൂപരിഷ്കരണം തീര്‍ച്ചയായും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതിനു കുഴപ്പങ്ങളും ഉണ്ട്. അതു വ്യ്യക്തമായി പഠിപ്പിക്കാതെ “കൃഷിഭൂമി കൃഷിക്കാരനു ലഭിച്ചതോടെ കേരളസമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്? പട്ടികകള്‍ പരിശോധിക്കൂ (പേജ് 14)“ എന്നു കൊടുത്ത് അതിനു താഴെ കൃ^ഷിഭൂമി കുറയുന്നൊരുപട്ടിക കൊടുക്കുന്നതേ വിഡ്ഡിത്തം. മറ്റ് രണ്ട് കാര്യങ്ങള്‍ അതിലും വിഡ്ഡിത്തം.എന്റെ പോസ്റ്റിലെ മൂന്നാമത്തെ പോയന്റ് എനിക്ക് ശരിയ്ക്കും ഒഫെന്‍സീവ് ആയി തോന്നി, സാക്ഷരതയ്ക്കും, ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഭൂപരിഷ്കരണത്തിന്റെ പങ്ക് എത്ര കണ്ട് ഉണ്ടാകും?
ഞാന്‍ ആ പോസ്റ്റില്‍ കുത്തിയിരുന്ന് ഒരു വലിയ കമന്റ് ഉണ്ടാക്കി പോസ്റ്റ് ചെയ്തതായിരുന്നു..കമന്റ് ഓപ്ഷന് അതിനിടക്ക് അടച്ചതിനാല്‍ എന്റെ കമന്റ് ഗോപിയായി…ബാക്ക് അടിച്ച് നോക്കിയിട്ട് നോ രക്ഷ..
കുറെക്കഴിഞ്ഞ് വരാം…
ചോദിക്കപ്പെടാവുന്ന ഒരു ചോദ്യം
ഒരു കെട്ട് പ്രമാണം കുട്ടികളുടെ കൈവശം കൊടുക്കുന്നു. അതില്‍ നിന്നും അവര്‍ പണ്ടത്തെ ജന്മിയെ(സോ കോള്‍ഡ്) കണ്ടുപിടിക്കുന്നു.
ഭൂപരിഷ്കരണം വന്നതിനു ശേഷം നശിച്ചു പോയ, (അങ്ങനെയുമുണ്ടെന്നാണല്ലോ അനുഭവം) കുടുംബമാണെന്നും കരുതുക. ആ കുടുംബത്തിലെ ഒരംഗം ഈ ക്ലാസില്‍ പഠിക്കുന്നുവെന്ന് കരുതുക.
ഉത്തരം
,അത്തരം സാഹചര്യങ്ങളുടെ സാധ്യത തുലോം കൂറവും പോയിന്റ് 1. എന്ന സാഹചര്യം എല്ലാ കുട്ടികളും നേരിടേണ്ടതാണെന്നതുമാണ് ഉത്തരം.തീര്‍ച്ചയായും മധുര മനോഞ്ജ സംസ്ഥാപനം വേഗം വരും. കാരണം ആകെ ഒരു ജന്മി അല്ലെ ഉള്ളൂ. അവനെ ഒതുക്കാന്‍ മറ്റുള്ളവര്‍ പീഡിക്കപ്പെട്ട ബാക്കി ഉള്ളവര്‍ ഇല്ലെ?
ഒരു അക്കാദമിക് താല്പര്യത്തിന്റെ പുറത്ത് പറയുകയാണെങ്കില്‍ അത്തരം സാഹചര്യങ്ങളെ ഒരുപരിധി വരെ കണക്കിലെടുക്കേണ്ടതില്ല. കാരണം അതെല്ലാം സാങ്കല്പ്പീക സന്ദര്‍ഭങ്ങള്‍ ആണു. ഇന്നത്തെ രീതി അനുസരിച്ച്, നീ പണ്ട് ജന്മി ആയിരുന്നില്ലേടാ ഡാഷ് മോനെ എന്നു ചോദിച്ചാല്‍ അതു നെഞ്ച് വിരിച്ച് സമ്മതിച്ചു കൊടുക്കുന്ന സമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ നിലവിലുള്ളത്.
ചോദ്യം ഇന്നത്തെ ഏഴാം ക്ലാസ്സ്കാരനും?
ഇന്നത്തെ ഏഴാം ക്ലാസ്സല്ല അഞ്ച് വയസ്സുകാാരിക്കറിയാം എങ്ങനെ ആണ് പൊങ്ങച്ചം പറയണ്ടേ എന്ന്. ഇക്കണ്ട ഭൂമിയൊക്കെ നമുടെ ആയിരുന്നു എന്ന് പറഞ്ഞല്ലേ കാര്ന്നോമാര് ആ ഉണ്ണികളെ വളര്‍ത്തിയിട്ടുണ്ടാവുക. മാത്രല്ല ഇത്തരം അപമാനങ്ങളെ തനിയെ നേരിടുന്ന കുട്ടികളും കുറവായിരിക്കും. വീട്ടില്‍ ഈ വാര്‍ത്ത എത്തുന്നതോടെ ബാക്കി അന്തസ്സ് ആവരു പറഞ്ഞ് കൊടുക്കില്ലേ. പിന്നെ ഇന്നു ദരിദ്രരായ മേല്ജാതിക്കാരന് നേരിടുന്ന സകലതും (അപമാനം, നീന്ദ, പുച്ഛം) അവരുടെ കുട്ടികളും നേരിടും. അതിനു നമ്മുടെ കയ്യില്‍ മരുന്നുണ്ടോ? അതീ വിദ്യാഭ്യാസ പരിഷ്കരണം കൊണ്ടാണെന്നു കരുതാന്‍ ന്യായമില്ല. അതിനുള്ള സ്കോപ്പ് ഈ ചര്ച്ചയ്ക്കുണ്ടോ?
ഇടാന്‍ ഉദ്ദേശിച്ച കമന്റ് നോട്ട് പാഡില്‍ ടൈപ്പി ഇടുന്നു.യാരെയും നാന് നമ്പമാട്ടേന്
ചിന്ന സന്ദേഹം
ഡാലി പറഞ്ഞ രീതിയിലുള്ള വിമര്‍ശനമല്ല പത്രങ്ങളില്‍ കണ്ടവ. രണ്ടും തമ്മില്‍ താരതമ്യംചെയ്തുള്ള വിമര്‍ശനം തികച്ചും ആരോഗ്യപരം.ഡാലിയുടെയും കിരണിന്റെയും പോയിന്റുകള്‍ ആ നിലക്കുള്ളവ.. ആദ്യമേ അഭിനന്ദനാലു…
ഇനി ചെകുത്താന്റെ വക്കീലിന്റെ പണി തുടങ്ങട്ടെ…
ജന്മി എന്നത് പഴയ പുസ്തകത്തിലും ഉണ്ടായിരുന്ന സ്ഥിതിക്ക് പുതിയതായി വര്‍ഗസമരം പഠിപ്പിക്കല്‍ എന്ന വിമര്‍ശനത്തിനു നിലനില്‍പ്പില്ല എന്നു തോന്നുന്നു…പാഠം വായിച്ചാല്‍ ജന്മിത്തം ഉണ്ടെന്ന് കുട്ടിക്ക് തോന്നിയേക്കാമെങ്കിലും ഒന്ന് അന്വേഷിച്ചാല്‍ ഇല്ല എന്നു മനസ്സിലാവില്ലേ? കുറച്ച് കൂടി ചികഞ്ഞാല്‍ മുതലാളിത്തവ്യവസ്ഥിതിയാണെന്നൊക്കെ കുട്ടി മനസ്സിലാക്കിക്കോളില്ലേ?.
പിന്നെ ഭൂപരിഷ്കരണം..ഭൂപരിഷ്കരണം ശരിയായ രീതിയില്‍ നടന്നു എന്ന് ഇടത് പക്ഷം പോലും പറയുന്നില്ല. എങ്കിലും നടന്ന ആ പരിഷ്കരണം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നല്ല സ്വാധീനം ഉണ്ടാക്കി എന്ന് എന്റെ അഭിപ്രായം. അത് മാത്രം അല്ല എന്നതു സത്യം. ദരിദ്രനും ധനികനും തമ്മിലുള്ള വ്യത്യാസം കേരളത്തില്‍ അല്ലേ ഏറ്റവും കുറവ്? ഞാന്‍ ഭൂപരിഷ്കരണം എന്ന സംഭവം നടന്നു എന്നറിഞ്ഞത് ഒരിക്കലും പാഠപുസ്തകത്തില്‍ നിന്നല്ല എന്നു തോന്നുന്നു. പഠിച്ചതായി ഓര്‍ക്കുന്നില്ല. പഠിക്കേണ്ടതായിരുന്നില്ലേ? പഠിപ്പിക്കേണ്ടതായിരുന്നില്ലേ?
എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പഠിപ്പിക്കുക സാധ്യമോ? അങ്ങിനെയെങ്കില്‍ ഗാന്ധി, നെഹ്രു, അഹിംസാവാദം അതിന്റെയൊക്കെ ഗുണത്തിന്റെ കൂടെ ദോഷവും വരണ്ടേ? മതത്തിന്റെ ദോഷം വരണ്ടേ? ഈശ്വരവിശാസത്തിന്റെ എല്ലാം എല്ലാം വിമര്‍ശനങ്ങളും വരണം. പണ്ട് നാം പഠിച്ചിരുന്ന രീതിയില്‍ ചര്‍ച്ച എന്നതും സ്വയം കണ്ടെത്തലും ഒന്നും ഇല്ലാതിരുന്നതു കൊണ്ടും നമുക്കങ്ങിനെ പഠിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് അങ്ങിനെ ഒരു സാധ്യത ക്ലാസുകളില്‍ ഇല്ലേ?
മറ്റൊരു പ്രധാന സംശയം. നില നില്ക്കുന്ന വ്യവസ്ഥിതിയുടെ ആശയങ്ങള്‍ പഠിപ്പിക്കുന്നത് ഒരിക്കലും വിമര്‍ശന വിധേയമാകാറില്ല. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍ കണക്കില്‍ ഒരാള്‍ നൂറു രൂപ ഇത്ര ശതമാനം പലിശക്ക് ഇത്രമാസത്തേക്ക് കടം കൊടുത്താല്‍ എത്ര പലിശകിട്ടും എന്ന ചോദ്യം. പലിശ അരുത് എന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് ഒബ്ജക്ഷനബിള്‍ അല്ലേ? അതു പോലെ ഇത്ര രൂപക്ക് കോഴിയെ വാങ്ങി ഇത്ര രൂപക്ക് വിറ്റാല്‍ ലാഭം എത്ര? എന്ന മട്ടിലുള്ള ചോദ്യങ്ങള്‍. അതും ലാഭം എന്ന കണ്‍സെപ്റ്റ് (മുതലാളിത്തത്തിന്റെ അടിസ്ഥാനമെന്ന് പറയുമ്പോള്‍ എന്നെ കമ്യൂണിസ്റ്റ് ആക്കല്ലേ സോദരരേ..ഞാന്‍ വെറും ചെകുത്താന്) ഉറപ്പിക്കുകയല്ലേ അത് ചെയ്യുന്നത്? അത് എന്തുകൊണ്ടാണ് രാഷ്ട്രീയം ആയി കാണപ്പെടാത്തത്? ഗാന്ധി നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു എന്ന് പഠിക്കുമ്പോള്‍, അറിയാതെയെങ്കിലും ഗാന്ധി നാമം പേറുന്ന എല്ലാവരോടും ഒരു ഇത് തോന്നില്ലേ? അതില്‍ രാഷ്ട്രീയം ഇല്ലേ? ഇതൊക്കെ നാം മനസ്സിലാക്കുന്നത് പുറത്ത് വന്ന് ബോധം വെക്കുമ്പോഴല്ലേ?
ഇതിനിടക്ക് എന്റെ ഒരു സുഹൃത്തുമായി അല്പം സംസാരിച്ചു..പഴയതും പുതിയതും തമ്മിലുള്ള ഡാലി കമ്പാരിസണ്‍ എന്റേത് എന്ന മട്ടില്‍ അവതരിപ്പിച്ചു. പുള്ളീ പറഞ്ഞതില്‍ പ്രസക്തമായി തോന്നിയത്..ഏതെങ്കിലും ഒരു പാഠമോ ഭാഗമോ പഴയതും പുതിയതും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ ആത്യന്തികമായി കാര്യമില്ല എന്നാണ്. കാരണം എല്ലാ ക്ലാസുകളിലേയും എല്ലാ പുസ്തകങ്ങളും മാറുന്ന ഒരു പദ്ധതിയുടെ ഒരു അംശം മാത്രമാണിത്. ആകെമൊത്തം ടോട്ടലില്‍ വേണം വിമര്‍ശനം എന്ന്…ഇനിയും വിളിക്കുന്നുണ്ട്..പുള്ളി പാഠപുസ്തകപരിഷ്കരനവുമായും വര്ക്ക്ഷോപ്പുകളുമായും ബന്ധമുള്ള ആള്. അതിന്റെ റിബേറ്റ് കൊടുത്ത് പുള്ളിയുടെ അഭിപ്രായങ്ങള്‍ വായിച്ചാല്‍ മതി.
ചറ പറ എന്നെഴുതിയത്..തിരുത്താന്‍ തയ്യാര്‍…
പാഠം 1
മണ്ണിനെ പൊന്നാക്കല്‍
അരിവില കൂടുന്നതിന്റെ ആശങ്കയോടൊപ്പം എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ എന്ന ചോദ്യം അര്‍ത്ഥവത്ത്. പാടം തരിശ്ശിടുന്നതിനും, അവിടെ റബ്ബര്‍ നടുന്നതിനും പാടെ എതിരായ വ്യക്തിയാണ് ഞാന്‍.
ഞങ്ങള്‍ കുടുംബവക ഒരേക്കര്‍ കണ്ടത്തില്‍ ഇപ്പോഴും നെല്ല് കൃഷി ചെയ്യുന്നു. കൃഷിപ്പണിക്ക് ആള്‍ക്ഷാമമുണ്ടെങ്കിലും യന്ത്രവത്കരണം, കൂട്ടുകൃഷി മാതൃകയിലുള്ള സംഘടിതശ്രമങ്ങള്‍ എന്നിവകൊണ്ട് അതു കുറേയൊക്കെ മറികടക്കാനാവും. കളപറിക്കുന്നതിനും മറ്റും ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല.
എന്നാല്‍ കളപറിക്കാതെയും കൃഷി ചെയ്യാമെന്ന് ഞങ്ങളുടെ അയല്‍ക്കാരനായ മണര്‍കാട് സെന്റ് മേരീസ് കോളജ് അദ്ധ്യാപകന് പുന്നന്‍ കുര്യന് വേങ്കടത്ത് തെളിയിച്ചു. ഒരേക്കറില്‍ കളമൊരുക്കിയ ശേഷം വിതയെറിയുകയായിരുന്നു. പറിച്ചുനട്ടില്ല. (നടീലിന് ആളെ കിട്ടില്ല.) രാസവളങ്ങളൊന്നും ഉപയോഗിച്ചില്ല. ജൈവകീടനാശിനികള്‍ പ്രയോഗിച്ചും മിത്രകീടങ്ങളെ വളര്‍ത്തിയും നടത്തിയ ഓര്‍ഗാനിക് കൃഷി. കളപറിച്ചതേയില്ല. കളപറിക്കാനാണു് നെല്‍ക്കൃഷിയില്‍ ഏറ്റവുമധികം ചെലവു വരിക. ഒടുവില്‍ യന്ത്രമുപയോഗിച്ച് കൊയ്തു. 75 മേനി വിളവു് ലഭിച്ചു. എന്താ സംഗതി മോശമാണോ? (കച്ചി, നെല്ല്, പതിരു് എന്നിവ വെവ്വേറെ തരും, യന്ത്രം. അതിനാല്‍ കൊയ്ത്ത് കഴിഞ്ഞ് കളത്തില്‍നിന്നു കയറുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. മെതി, പാറ്റല് എന്നിവ യന്ത്രം തന്നെ നിര്വ്വഹിക്കുന്നതുകൊണ്ടാണിത്)
പാടം കുഴിച്ച് മണല്‍ വാരുന്ന ഒരു പ്രശ്നം ഞങ്ങളുടെ സമീപപ്രദേശത്ത് അടുത്തകാലത്തുണ്ടായി. പല പരാതികളും ഉണ്ടായിട്ടും, ആറേഴുമാസം അതു നിര്‍ബാധം തുടര്‍ന്നു. നാലുചുറ്റുമുണ്ടായിരുന്ന കുന്നുകള്‍ പലതും ഇടിച്ചുനിരത്തി. മണ്ണൊക്കെ ടിപ്പറില്‍ നാടുകടന്നു എന്നല്ലാതെ ഇത് എങ്ങോട്ടുപോയെന്നു് എനിക്കറിയില്ല. കുന്നിടിച്ച് കുഴിനികത്തുക എന്ന പരിപാടി പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ ഇടയാക്കും എന്നു രൊക്കം. ഇതിനു് രണ്ടിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാവിഭാഗം രാഷ്ട്രീയക്കാരും കൂട്ടുനിന്നു. ഇവിടെ കൃഷിഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് കുട്ടികള്‍ ക്രിട്ടിക്കലായി പഠിക്കുമ്പോള്‍ ഇത്തരം അഴിമതികളും കണ്ണടയ്ക്കലുകളും അവര്‍ കാണുകയും അതിനെതിരെ വികാരം ഉണരുകയും ചെയ്യുന്നത് നല്ലതാണെന്നു് എന്റെ അഭിപ്രായം.
നെല്‍കൃഷി നഷ്ടമാണെന്ന വാദം കളവാണ്. റബ്ബറിനെ പോലെ വലിയ ലാഭമില്ല എന്നേയുള്ളൂ.
നെല്‍വയലുകള്‍ നെല്ക്കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന പ്രശ്നം ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നു. ഞങ്ങളുടെ പ്രദേശത്ത് ഒരു പൂ മാത്രമാണു് കൃഷി. അതു കഴിഞ്ഞുള്ള സമയത്ത് ചിലര്‍ കപ്പ, ചീര, ചിലയിനം മരുന്നുചെടികള്‍ തുടങ്ങി പലതും കൃഷി ചെയ്യുന്നു. വെള്ളം കയറുന്ന സമയത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും താറാവുകാര്‍ എത്തും. ഇതൊക്കെ നെല്ക്കൃഷിക്കു് പൂരകങ്ങളും മണ്ണിന്റെ മേന്മ വര്ദ്ധിപ്പിക്കുന്നതുമാണു്. ഇവ കണക്കിലെടുക്കുമ്പോള്‍ കുഴപ്പമില്ല എന്നു തന്നെയല്ല, നല്ലതാണു് എന്നു തന്നെ ഉത്തരം കൊടുക്കാം. അതേ സമയം അവിടെ റബ്ബര്‍ കൃഷി ചെയ്താലോ? പിന്നെ വേറൊന്നും നടക്കില്ല.
കൃഷിക്കാരനു് കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണു് എന്നു് മറ്റൊരു ചോദ്യം. ഈ ചോദ്യം പരിശോധിക്കുമ്പോള്‍ ഭൂപരിഷ്കരണത്തിനു് ശേഷം നെല്‍പ്പാടങ്ങള്‍ മാത്രം തുണ്ടുകളായി തീരുകയും പ്ലാന്റേഷനുകള്‍ അതേപോലെ തുടരുകയും ചെയ്തതു് വരുത്തിവച്ച ഇരട്ടവിന ചര്‍ച്ച ചെയ്യാതെ പോകുമോ? ഇവിടെ മണ്ണിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും. കൃഷിഭൂമിയുടെ തുണ്ടുവത്കരണം ആത്യന്തികമായി കൃഷിയെ പ്രതികൂലമായി ബാധിച്ചു എന്നതു് തിരിച്ചറിയേണ്ട കാര്യമാണു്. അങ്ങനെ പറയുന്നത് പ്രതിലോമകരമാണെന്നു് വിചാരിച്ചിട്ടു കാര്യമില്ല. അതിനെ എങ്ങനെ മറികടക്കാം എന്ന ആലോചനയാണു് ഉണ്ടാകേണ്ടതു്. അതുണ്ടാകാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിച്ചേക്കാം.
ഭൂപരിഷ്കരണം നടപ്പിലാക്കി എന്നു് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടു് ഭൂമി ലഭിച്ചു എന്നു് പറയപ്പെടുന്ന കര്‍ഷകത്തൊഴിലാളി കൃഷി ഉപേക്ഷിച്ചുപോയി എന്നു് ചോദ്യമുയരാം. അപ്പോള്‍ പല ഉത്തരങ്ങള്‍ ലഭിക്കും. കൃഷിഭൂമി യഥാര്‍ത്ഥത്തില്‍ കൃഷിക്കാരനു് ലഭിച്ചോ എന്നതാണു് ആദ്യ ചോദ്യം. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കു് ഉപയോഗിക്കരുതു് എന്നു കൂടി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കില്‍ എത്ര വ്യത്യസ്തമായിരുന്നേനെ കാര്യങ്ങള്‍ എന്നും ചര്‍ച്ചചെയ്യാം. മഹാരാഷ്ട്രയിലും മറ്റും ഇത്തരം നിയമങ്ങള്‍ നിലവിലുണ്ടു്. കൃഷിക്കാരനല്ലാത്ത ഒരാള്‍ക്കു് അവിടെ കൃഷിഭൂമി വാങ്ങാന്‍ പോലുമാവില്ല. ഇവിടെ റിയല്‍ എസ്റ്റേറ്റുകാരാണു് കൃഷിഭൂമി വാങ്ങുന്നതും മണ്ണിട്ടുയര്ത്തുന്നതും വില ക്രമാതീതമായി ഉയര്‍ത്തുന്നതും. പിന്നീടു് വിലകൂട്ടി മറിച്ചുവില്‍ക്കാന്‍ വേണ്ടി മാത്രം പല ഗള്‍ഫുകാരും പുരയിടങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഒരാള്‍ക്കു് വാങ്ങാവുന്ന പരമാവധി ഭൂമിക്കു് ഒരു cap ഏര്‍പ്പെടുത്തണം എന്ന നിലയ്ക്കു് ആ ചര്‍ച്ച വളര്‍ന്നാല്‍ നല്ലതല്ലേ? ഭൂമിയുടെ വില താങ്ങാനാവാത്ത നിലയിലേക്കു് വളരുന്നതും ഭൂമി ഒരു നിക്ഷേപസാധ്യതയാകുന്നതും ഒഴിവാക്കാന്‍ ഇതു് സഹായിക്കില്ലേ?
(പുരയിടങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നതില് മതസ്ഥാപനങ്ങളും മോശമല്ല!)
കരിവെള്ളൂര്‍ സമരത്തെപ്പറ്റിയും മറ്റും കുട്ടികള്‍ കേട്ടുപോയാല്‍ മഹാപരാധമാണെന്നും എനിക്കു തോന്നുന്നില്ല. പഴയ ജന്മി – കുടിയാന് അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്യുന്നതും ഇന്നു് കേരളത്തില്‍ അതേ അവസ്ഥയാണോ നിലനില്ക്കുന്നതു് എന്നു് പരിശോധിക്കുന്നതും ആര്‍ക്കും ദോഷവും ഗുണവും വരുത്തുമെന്നു് തോന്നുന്നില്ല. നല്ല മാറ്റങ്ങള്‍ക്കെല്ലാം കാരണം കമ്മ്യൂണിസ്റ്റുകാരും പിന്നോട്ടടിക്കു് കാരണം വലതുപക്ഷവും എന്ന ലളിത സമവാക്യം കളവാണെന്നു് തിരിച്ചറിയാനും വലിയ പാടൊന്നുമില്ല. ചരിത്രത്തിലെ സംഭവങ്ങള്‍ ഒറ്റതിരിച്ചുകാണാതിരിക്കുക എന്ന വലിയ പാഠമാകും കുട്ടികള്‍ പഠിക്കുക.
വീടിനടുത്തെ പഴയ ജന്മിയെ തേടുമ്പോള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥയും മനസ്സിലാകും. ആ കുടുംബം തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. അതില്‍ മരുമക്കത്തായം വഹിച്ച പങ്കു് തിരിച്ചറിയാം. വളര്‍ന്നിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കാം. അവര്‍ പുതിയ വ്യവസായങ്ങള്‍ സ്ഥാപിച്ചോ, നന്നായി പഠിച്ചോ, വിദേശപണത്തിന്റെ സ്വാധീനമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അപ്പോള്‍ വരും. കേരളസമൂഹത്തില്‍ ഗള്‍ഫ് പണമുണ്ടാക്കിയ മാറ്റങ്ങള്‍ തിരിച്ചറിയാം. എന്നാല്‍ ഇതു് മാരീചന് പറഞ്ഞതുപോലെ vendetta measures എടുക്കാന്‍ ചിലരെ പ്രേരിപ്പിക്കാവുന്ന തരത്തില്‍ വഴിതിരിഞ്ഞുപോകാതെ ശ്രദ്ധിക്കേണ്ടതു് അദ്ധ്യാപകനാണു്. ഇവിടെ അദ്ധ്യാപകന്റെ ഉള്‍ക്കാഴ്ചയ്ക്ക് വലിയ പങ്കുണ്ടു്.
അക്കാലത്തെ കര്‍ഷകപ്രക്ഷോഭങ്ങളെ കുറിച്ചു് വിവരം ശേഖരിക്കാന്‍ പറയുന്നിടത്തു് കെ. ദാമോദരന്റെ പുസ്കവും മറ്റും ഒഴിവാക്കാമായിരുന്നു. അതേ പോലെ എ.കെ.ജി.യുടെ ആത്മകഥാഭാഗവും.
ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കാന്‍ പറയുന്ന കുറിപ്പിനെ ഒരു ദിശയിലേക്കു് കൃത്യമായി തിരിച്ചുവിടാനുള്ള ശ്രമം ഉണ്ടെന്നു് തോന്നുന്നു. ഇത് പാഠപുസ്തകം തയ്യാറാക്കിയവരുടെ ദുഷ്ടലാക്കു് വെളിവാക്കുന്നുണ്ടു്. കൃഷിക്കാരനും കുടുംബവും അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഏറിയ പങ്കും ജന്മി തട്ടിയെടുക്കുകയായിരുന്നു എന്ന ലീഡ് നല്കിയിരിക്കുന്നതു് തീര്‍ത്തും അനാവശ്യവും കത്തോലിക്ക സഭയുടെ ചില വാദങ്ങള്‍ക്കു് ന്യായീകരണമൊരുക്കലുമാണു്.
അതേ സമയം ഗൌരിയമ്മയുടെ നിയമസഭാപ്രസംഗവും മറ്റും നല്കിയതു് ശരിയായ തീരുമാനമാണു്. അതു് കേരളചരിത്രത്തിന്റെ ഭാഗമാണു്.
ഒന്നാം പാഠത്തിന്റെ അവസാന ഭാഗത്തു് കൃഷിഭൂമിയുടെ വിനിയോഗത്തില്‍ വന്ന മാറ്റം ചര്‍ച്ചയ്ക്കു് വയ്ക്കുന്നതു് ശരിയായ സമീപനമാണു്. ഭൂമിയുടെ ഉടമസ്ഥതയിലുണ്ടായ നിരപ്പാകല്‍ ആയുര്‍ ദൈര്‍ഘ്യത്തേയും സാക്ഷരതയേയും മറ്റും ഗുണകരമായി ബാധിച്ചു എന്നു തന്നെയാണു് എന്റെ തോന്നല്‍. ഇതു് സമഗ്രമായ ഒരു സമീപനമാണെന്നും തോന്നുന്നു.
ഹിസ്റ്ററി ചാനലും എ.എക്സ് എന്നും നാഷണല്‍ ജ്യോഗ്രഫിക്കും ഡിസ്കവറിയുമൊക്കെ ചെറുപ്പത്തിലേ കണ്ടുവളരുന്ന ഏഴാംക്ലാസ്സിലെ കുട്ടികളുടെ പാഠപുസ്തകത്തില്‍ നാലാംക്ലാസ് നിലവാരത്തിലുള്ള വരകള്‍ മതിയെന്ന തീരുമാനം തെറ്റിപ്പോയി. വിഷ്വല്‍ ഫ്രണ്ടില്‍ പാഠപുസ്തകം ദയനീയ പരാജയമാണു്.
ഇതു് പുതിയതു മാത്രം വായിച്ചു നോക്കി പറയുന്നതാണു്. പഴയതു കൂടി വായിച്ചു് കൂടുതലായി പറയാനുണ്ടെങ്കില്‍ വീണ്ടും വരാം.
പഴയ പാഠപുസ്തകം ഒന്നാംഭാഗം കൂടി വായിച്ചു. ഈ പാഠപുസ്തകം പഠിക്കാന്‍ സാധിച്ചില്ലല്ലോ എന്നു് വിഷമം.
പുതിയ പാഠപുസ്തകത്തില്‍ കൃഷി/കൃഷിഭൂമി എന്ന ഏകവിഷയത്തില്‍ ഊന്നിയാണു് പാഠം ക്രമീകരിച്ചിരിക്കുന്നതു്. പഴയതില്‍ പലകാര്യങ്ങള്‍ ഒരേ പാഠത്തില്‍ കുത്തിനിറച്ചിരിക്കുന്നു. ഇങ്ങനെ പരത്തി പറയുന്നതിലും നന്നു് ഒരേ സമയം ഒരു വിഷയം തന്നെ പറയുന്നതാണു്. എന്നാല്‍ പഴയ പാഠപുസ്തകത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു് അല്‍പ്പം കൂടി ഇഴമുറുക്കവും വാക്കുകള്‍ക്കു് ആന്തരികമായ ശക്തിയും ഉണ്ടു്. പുതിയ പുസ്തകത്തില്‍ അതിന്റെ അഭാവം വല്ലാതെ മുഴച്ചുനില്ക്കുന്നു.
പഴയ പുസ്തകത്തിന്റെ അഞ്ചാം പാഠത്തില്‍ ഉള്ള വിഷയങ്ങളെല്ലാം തന്നെ പലപല പാഠങ്ങളിലായി പുതിയ പാഠപുസ്തകത്തില്‍ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കാം. ആദ്യ ടേമിലേക്കുള്ള പുസ്തകം മാത്രമാണല്ലോ, ഇപ്പോള്‍ തയ്യാറായിരിക്കുന്നതു്. എന്നാല്‍ അതു് മുഴുവനായും പ്രസിദ്ധീകരിക്കാത്തതിനു് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന പേടിയും ഇല്ലാതില്ല.
സോറി,വീട്ടിലെ നെറ്റ് കണക്ഷന് കുറച്ച് നേരത്തേക്ക് പോയി.ഡാലി പറഞ്ഞ പോയിന്റിനെ എതിര്‍ക്കുന്നില്ല.പക്ഷെ വിഷയം ചരിത്രം എന്ന നിലയില്‍ അങ്ങനെയൊരു വ്യവസ്ഥിതി നിലവിലുണ്ട്ായിരുന്നു എന്ന് ഇന്ന് അപഗ്രഥിച്ചിട്ട് എന്ത് പ്രസക്തി എന്ന തരത്തില്‍ ചിന്തിക്കുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല.ഹര്ഷവര്ധനന് ചോലമരം വെച്ച് പിടിപ്പിച്ചതും ചാണക്യന് കുടുമി അഴിച്ചതുമൊക്കെ നാം പഠിക്കുന്നില്ലെ?അതു കൊണ്ട് എന്ത് പ്രയോജനമെന്ന് ആരും ചോദിക്കാറില്ലല്ലോ.
ഡാലി said… ഈ ജന്മിയെ ഒക്കെ പരിശോധിക്കുന്നതില്‍ ഒരു കാര്യവും ഇല്ല എന്നാണ് എന്റെ അഭിപ്രായം. എന്റെ വീടിനു ചുട്റ്റും 5 സ്കൂളുകള്‍ ഉണ്ട്. എന്റെ ആ ഗ്രാമം മുഴുവന്‍ ചുറ്റിത്തിരിഞ്ഞാല്‍ പോലും പാട്ടം പിരിച്ചു സുഭിക്ഷിച്ചു കഴിഞ്ഞിരുന്ന ഒരു ജന്മി വിട് (100) വര്‍ഷത്തിനുള്ളില്‍ കണ്ട്പിടിക്കാന്‍ പറ്റില്ല. എന്റെ ഭര്‍ത്താവ്ന്റെ നാട്ടിലും സ്ഥിതി വ്യത്യസ്ഥല്ല എന്നാണ് അറിഞ്ഞത്. പിന്നെ ആരെയാണു കുട്ടികള്‍ കണ്ടു പിടിക്കുക?പക്ഷെ എന്റെ അനുഭവം മറിച്ചാണ്.എന്റെ ഗ്രാമത്തിലെ ഒരുപാട് വീടുകള്‍ നില്ക്കുന്ന പറമ്പുകള്‍ കുടികിടപ്പ് കിട്ടിയതാണ്.അവയൊക്കെ നല്കാന് ഇടവന്നത് രണ്ടോ മൂന്നോ തറവാടുകാരും.(എനിക്കത് വ്യക്ത്മായി പറയാന്‍ കഴിയും)പിനെ സുഭിക്ഷമായി ആണോ അവര്‍ കഴിഞ്ഞത് എന്ന് പറയാന്‍ കഴിയില്ല.ചേതമില്ലാതെയും അധ്വാനമില്ലാതെയും കിട്ടിക്കൊണ്ടിരുന്ന സമ്പത്ത് ധാരാളമായി ചിലവാക്കാനുള്ള സാധ്യത കൂടുതലാണ്.പലകുടുംബങ്ങളിലെയും സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അത്ര നന്നല്ലായിരുന്നു എന്നും വാമൊഴിചരിത്രങ്ങളില് തെളിയുന്നു.സെബിന് ഈ വിഷയങ്ങളുടെ പ്രായോഗികവശം നന്നായി പരാമര്‍ശിച്ചു.ഭൂപരിഷ്ക്കരണവും അതിന്റെ പരിണാമവും ആധുനിക കേരളത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ വളരെ പ്രധാനമാണ്.ആ ചരിത്രത്തില്‍ കമ്മ്യു.പാര്‍ട്ടിയെ ഒഴിവാക്കി നിര്‍ത്താനുമാവില്ല.പക്ഷെ അതിന്റെ പഠനോപകരണങ്ങള്‍ പുതിയ പുസ്തകത്തില്‍ നിരത്തിയതാണോ എന്ന ന്യായമായ സംശയം ഞാന്‍ ഷെയര്‍ ചെയ്യുന്നു.
ഓഫീസില്‍ നിന്ന് ബ്ലോഗ് എടുക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ വളരെ പിന്നിലായിപ്പോകുന്നു. ഞാന്‍ പറയാനുദ്ദ്യേശിച്ചതൊക്കെ ആരൊക്കയോ പറയുന്നു. എന്നാലും ഞാന്‍ എന്തെങ്കിലും ഒക്കെ പറയും അപ്പോള്‍ ഞാന്‍ പറയാം അല്ലെ ( പിന്നെ സെബിനെ നമ്മള്‍ക്ക് ഈ ചര്‍ച്ച ജന്മി കുടിയാന് വിഷയത്തില്‍ ഒതുക്കി നിര്‍ത്താം. അല്ലേ )രാധേയനും സെബിനും മൂര്‍ത്തിയും പറയുന്നത് കാര്യമാണ് എന്ന് അംഗീകരിക്കുന്നതില്‍ എനിക്ക് മടിയില്ല. പക്ഷെ ഇത് ക്ലാസ് റുമില് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രശ്നം. സത്യത്തില്‍ നമ്മള് വിചാരിക്കുന്ന തലത്തിലൊന്നുമല്ല അധ്യാപകരുടെ നിലവാരം. അവര്‍ക്ക് ഈ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാമോ എന്നെനിക്ക് സംശയം ഉണ്ട്. കാരണം എന്റ അമ്മ കഴിഞ്ഞ വര്‍ഷം വരെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. ആ സ്കൂളിലെ മികച്ച അധ്യാപകയാണ് അമ്മ എന്നൊക്കെയാണ് അവകാശപ്പെടുന്നത്. എന്റ അമ്മക്ക് ഭൂപരിഷക്കരണ നിയമത്തെപ്പറ്റി എന്തറിയാം എന്നത് എനിക്ക് മാത്രമേ അറിയൂ. അതു മാത്രമല്ല എന്റ ബന്ധുക്കളായ ഒരു പറ്റം അദ്ധ്യാകര്ക്കും പൊതു വിജ്ഞാനം കമ്മി. എന്റ കസിനും കത്തോലിക്ക സ്ഥാപനത്തില്‍ അധ്യാപകനുമായ രാജൂ പറയുന്നത് ഈ പുസ്തകം തലമുറയോടുള്ള വെല്ലുവിളിയാണ് എന്നൊക്കെയാണ്. ഇങ്ങനെ ഉള്ള ഭൂരിപക്ഷം വരുന്ന അധ്യാപകര്‍ എങ്ങനെ നമ്മള് ഉദ്ദ്യേശിക്കുന്ന തലത്തില്‍ ഈ വിഷയം പഠിപ്പിക്കും എന്ന് ചിന്തിക്കേണ്ടതാണ്. ഇനി മറ്റൊരു സംഗതി ഞങ്ങളുടെ പ്രദേശങ്ങളിലെ CPM കോട്ടകളിലെ അദ്ധ്യാപകര്‍ എങ്ങനെ ആകും ഈ പുസ്തകം പഠിപ്പിക്കുക. അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ വ്യാഖ്യാനിക്കാന്‍ അവസരം നല്കുന്ന ഒരുപാടു വസ്തുതകള്‍ ഇതില്‍ ഉണ്ട്.അനുബന്ധമായി വായിക്കാന്‍ പറയുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍ വാങ്ങി വയ്ക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സര്‍ക്കാരിന്റ ചിലവില്‍ പാട്ടബാക്കി ഒക്കെ വിദ്യാലയങ്ങളില്‍ തിരുകിക്കേറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് പ്രസ്ക്തി ഇല്ലേ ?ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വാദം ഇതാണ്. ഇത് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് നിര്‍ണ്ണായകമാണ്. അത്രക്കും പരീക്ഷണം 7 ആം ക്ലാസില്‍ വേണോ എന്നതാണ് ഇതിലെ പ്രധാന പ്രശ്നം.പഴയ പുസ്തകത്തില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്ഥമാണ് എന്ന് ചിന്തിക്കുമ്പോഴാണ് എല്ലാ കുത്തിതിരിപ്പും മനസില്‍ വരുന്നത്. പഴയതില്‍ ഉള്ള് കൈയടക്കം പുതിയതില്‍ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
എല്ലാ കമന്റുകളും വായിച്ചു..രാധേയനും കിരണും ഒക്കെ അഭിപ്രായം പറഞ്ഞശേഷം എന്തെങ്കിലുമുണ്ടെങ്കില്‍ പറയാം എന്നു കരുതി ഇരുന്നു. ജിമെയില്‍ എന്തോപ്രശ്നവും.
ഡാലി പറഞ്ഞ അക്കാദമിക് ഭാഗം സമ്മതിക്കുന്നു. റിബേറ്റ് കൊടുത്ത് വായികാന്‍ പറഞ്ഞത് അതിനാല്‍..:)
ബാക്കി നാളെ…
ഇന്നലത്തെ ഏഷ്യനെറ്റ് ന്യൂസില്‍ ഈ വിഷയത്തെ സംബന്ധിച്ച് കണ്ട ഒരു വാര്‍ത്ത രസാവഹമായി തോന്നി. ബ്രസിലിയന്‍ വിദ്യാഭാസ ചിന്തകന്‍ Paulo Freire ന്റെ Critical Pedagogy എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണത്രെ പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് കരിക്കുലം കമ്മിറ്റിയിലുള്ള ചില അംഗങ്ങള്‍ പറയുന്നതായി കണ്ടു.
കിരണേ, അത് ആദ്യം മുതലേ അങ്ങനെ അല്ലെ. SCERT സ്സെറ്റില് ഇതു സംബന്ധിച്ച് റഫറന്‍സ് ഉണ്ട്.
ഇത് നോക്കൂ
http://karippara-sunils.blogspot.com/2008/06/blog-post.html
(സെബിന്റെ കമന്റില്‍ നിന്ന് ജന്മി -കുടിയാന് മാത്രം എടുക്കുന്നു.)
പുതിയ പാഠം മാത്രം നോക്കുമ്പോള്‍ സെബിനോട് യോജിക്കുന്നെങ്കിലും എന്റെ വാദം നിലനില്ക്കുന്നു. പഴതിനേക്കാള്‍ മോശമായ ഒരു അദ്ധ്യായം പാഠപുസ്തക പരിഷ്കരണം എന്തിനായിരുന്നു?
ഒന്നാം അദ്ധ്യായത്തിലെ നല്ല കാര്യങ്ങള്‍ പഴയ പുസ്തകം കവര്‍ ചെയ്യുന്നുണ്ട് എന്നിരിക്കെ സെബില്‍ പറയുന്ന നെഗറ്റീവ് വശങ്ങള് ഉള്‍പ്പെടുത്താല്‍ വേണ്ടി മാത്രമായിരുന്നു ഈ പരിഷ്കരിച്ച അദ്ധ്യായം എന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
“ഭൂമിയുടെ ഉടമസ്ഥതയിലുണ്ടായ നിരപ്പാകല്‍ ആയുര്‍ ദൈര്‍ഘ്യത്തേയും സാക്ഷരതയേയും മറ്റും ഗുണകരമായി ബാധിച്ചു എന്നു തന്നെയാണു് എന്റെ തോന്നല്‍. ഇതു് സമഗ്രമായ ഒരു സമീപനമാണെന്നും തോന്നുന്നു.“
ഇതു വെറും ഒരു വാദത്തിനു വേണ്ടി അംഗീകരിക്കാം എന്നല്ലാതെ അകാദമിക് ആയി നോക്കുമ്പോള്‍ യാതൊരു വാല്യൂവൂം ഇല്ലാ എന്ന് പറയട്ടെ. ഭൂൂപരിക്ഷ്കരണം ഒരു തലത്തിലും ബാധിക്കാത്തെ ഇടനാട്ടില് വലിയ ജന്മിമാരില്ലായിരുന്ന സ്ഥലത്തില്‍ അങ്ങനെ വലിയ ഭൂപരിക്ഷ്കരണം നടന്നീട്ടില്ല. കേരളത്തില്‍ സാക്ഷരത, ആരോഗ്യത്തിലൊക്കെ അവരും ഒട്ടും പുറകീലല്ല മാത്രമല്ല മുന്നിലാണ് താനും. ഭൂപരിഷ്കരണമാണ് സാക്ഷരത, ആരോഗ്യം എന്നിവകൂട്ടാന് കാരണമായി എന്ന് പഠിപ്പിക്കുന്നത്, പഞ്ചസാര ഉണ്ടായിരുന്നത് കൊണ്ടാണ് നെയ്പായസം വക്കാന്‍ പറ്റിയത് എന്ന് പറയുന്നഥ് പോാലെ ആണു. തത്വത്തില്‍ പഞ്ചസാരയും പായസത്തിന്റെ ഒരുഭാഗമാണ്
മൂര്ത്തിമാഷിനോട് നേരത്തെ പറഞ്ഞത് പൊതുഅറിവിലേക്ക്.
ഇനിയും വരാന്‍ പോകുന്നതെന്ത് എന്നോര്‍ത്ത് അകാദമിക് താരതമ്യം നടത്താന്‍ പറ്റില്ല. എന്തായാലും ഈ പുസ്തകത്തിനേക്കാള്‍ പഠിക്കേണ്ട കാര്യങ്ങള്‍ കുറവായിരിക്കുമല്ലോ താഴെ ക്ലാസ്സുകളില്‍.
അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനായി അവര്ക്ക്എല്ലാ മാസവും (തിരുവനന്തപുരത്ത് എന്തായാലും ഉണ്ട്) വര്‍ക്ക് ഷോപ്പോ മറ്റൊ ഒക്കെ നടക്കുന്നണ്ട് എന്നാണെനെന്റെ അറിവ്. തൃശ്ശൂരില്‍ നിന്നും എന്റെ സുഹൃത്ത് ഇതിനായി എല്ലാമാസവും തിരുവനന്തപുരത്ത് വരുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. പിള്ളാരെ പഠിപ്പിക്കുന്നതിലും കഷ്ടമാണ് ചില മാഷന്മാരെ പഠിപ്പിക്കാന്‍…:)
പഴയ പുസ്തകവും പുതിയതും നിലവാരത്തിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ട് എന്ന ഡാലിയുടെ അഭിപ്രായവും, ഭാഷയെ സംബന്ധിച്ച രാധേയന്റെയും സെബിന്റെയും കിരണിന്റെയും അഭിപ്രായങ്ങളും പ്രസക്തമാണെന്ന് തോന്നുന്നു. അക്കാര്യത്തില്‍ മെച്ചപ്പെടുത്തല്‍ ഉണ്ടാകണം എന്ന നിര്‍ദ്ദേശം ഈ ചര്‍ച്ചയില്‍ വന്ന നിര്‍ദ്ദേശമായി മുന്നോട്ട് വെക്കാം എന്ന് തോന്നുന്നു.ഇന്നത്തെ ജനയുഗം പത്രത്തില്‍ ഈ പാഠഭാഗങ്ങള്‍ ഉണ്ട്. ജനയുഗവുമായി ബന്ധപ്പെട്ട് അതിന്റെ സോഫ്റ്റ് കോപ്പി സംഘടിപ്പിച്ച് യൂണിക്കോഡാക്കി ഇടുവാന്‍ രാധേയന് വിചാരിച്ചാല്‍ സാധിക്കുമോ?
ഭാഷ മാത്രമല്ല മൂര്‍ത്തി,
ചിത്രങ്ങളും പ്രധാനമാണു്. അഡ്വര്‍ടൈസിങ് ഇന്‍ഡുസ്ട്രിയില്‍ എത്രയോ മിടുക്കന്മാരായ മലയാളികളുണ്ടു്. അപ്പോള്‍ വിഷ്വല്‍ കള്‍ച്ചര്‍ നമുക്കില്ലെന്നു പറഞ്ഞാല്‍ വിയോജിക്കാന്‍ വകുപ്പുണ്ടു്. എന്നിട്ടുമെന്തേ നഴ്സറി കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായ കളിക്കുടുക്കയുടെ നിലവാരം പോലുമില്ലാത്ത വരകള്‍ ഏഴാംക്ലാസ് പാഠപുസ്തകത്തില്‍ വരുന്നു?
ലേഔട്ട് വലിയ പരാജയമാണു്. ഒരു പുറത്തു് ടെക്സ്റ്റിന്റെ മദ്ധ്യത്തില്‍ ഒരു ചിത്രം വന്നിരിക്കുന്നതും ടെക്സ്റ്റ് അതിന്റെ രണ്ടുവശത്തേക്കുമായി റാപ്പ് ചെയ്തിരിക്കുന്നതും ശ്രദ്ധിക്കൂ. രണ്ടുകോളമായി ടെക്സ്റ്റ് അലൈന്‍ ചെയ്താല്‍ ഇരുകോളങ്ങളുടെയും മദ്ധ്യത്തില്‍ ഇങ്ങനെ വയ്ക്കാം എന്നല്ലാതെ സിംഗിള്‍ കോളത്തില്‍ തലയ്ക്കു് വെളിവുള്ള ആരെങ്കിലും ഇങ്ങനെ വയ്ക്കുമോ?
ഡാലി കരിപ്പാര് സുനിലിന്റ ലേഖനം വായിച്ചു. അപ്പോള്‍ സംഗതി സത്യമാണല്ലെ. പക്ഷെ ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ മാത്രം നമ്മുടെ വിദ്യാര്‍ത്ഥികള്‍ വളര്ന്നാല്പ്പോലും അധ്യാപകര്‍ വളര്‍ന്നോ എന്ന ആശങ്ക എനിക്കുണ്ട്. സര്‍ക്കാര്‍ ഏയ്ഡഡ് അധ്യാപകരെ വളരെ അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ്
സെബിന് പറയുന്ന തലത്തില്‍ ഭൂപരിഷ്ക്കരണത്തിന്റ ഗുണദോഷ വശങ്ങള് അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്. അത് എത്രമാത്രം സത്യ സന്ധമായി അവതരിപ്പിക്കാന്‍ കഴിയും എന്നത് പ്രശ്നം തന്നേ അല്ലേ. ഭൂപരിഷക്കരണത്തെ അനുകൂലിക്കുന്ന അധ്യാപകരും എതിര്‍ക്കുന്നവരും ഒന്നും അറിയാത്തവരുമായ അധ്യാപകര്‍ ഉണ്ടാകും. ഇവര്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ ചിന്തയെ സ്വാധീനിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയേ ഇതിന്റ ഗുണദോഷ വശങ്ങള് കണ്ടെത്താന്‍ കഴിയൂ. അങ്ങനെ അല്ലാതാകണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിഗമനത്തില്‍ എത്തണം 7 ആം ക്ലാസുകാരന് എത്രത്തോളം അതിന് പ്രപ്തനാണ് എന്ന് ആലോചിക്കുക
മൂര്‍ത്തി, ജനയുഗം പി.ഡി.എഫ് ശ്രമിക്കാമെന്നല്ലാതെ സോഫ്റ്റ് കോപ്പി സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ഞാന്‍ ഈ ദുബായിലിരുന്ന് ചെയ്യാന്‍ കഴിയുന്നതില്‍ പരിമിതിയുണ്ട്.മാത്രമല്ല റ്റെക്നോളജി വിഷയത്തില്‍ സിപിഐക്കാര്‍ വെറും കഞ്ഞികളാണ്.തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞേക്കും.
ആര്‍വിജി സാര്‍ ജനയുഗത്തില്‍ പംക്തി കൈകാര്യം ചെയ്യുന്നുണ്ട്.അദ്ദേഹത്തിന് പെട്ടെന്ന് കഴിഞ്ഞേക്കും.
അദ്ധ്യാപകരുടെ ഇതൊക്കെ പഠിപ്പിക്കാനുള്ള ശേഷി ഒരു വിഷയം തന്നെയാണ്.ഞങ്ങള്‍ സി.എക്ക് പഠിക്കുമ്പോള്‍ നിയമ പേപ്പറുകള്‍ കൈകാര്യം ചെയ്യാന്‍ ചില വക്കീലന്മാരെയും ഇന്‍കം റ്റാക്സ് പഠിപ്പിക്കാന്‍ ആ വകുപ്പിലെ ചിലരെയും വിസിറ്റിംഗ് ഫാക്കല്‍റ്റികളായി ക്ഷണിച്ച പോലെ ഇനി ലോക്കല്‍ സെക്രട്ടറിയെയും ബ്രാഞ്ച് സെക്രട്ടറിയേയുമൊക്കെ ഭൂപരിഷ്ക്കാരത്തെ കുറിച്ച് പഠിപ്പിക്കാന്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി ആക്കേണ്ടി വരുമോ?
ഒന്നാം പാഠം ചര്‍ച്ച ചെയ്ത് ഒരു വഴിക്കായി എന്ന് തോന്നുന്നു. രണ്ടാം പാഠമായ മനുഷ്യത്വം വിളയുന്ന ഭൂമിയിലേക്ക് നീങ്ങാനായോ?
ഡാലി,അമ്പലപ്പുഴ സിപിഐ മണ്ഡലം സെക്രട്ടറി ആയിരുന്ന ഷംസുദ്ദീന് എന്നൊരു നേതാവുണ്ട് എന്റെ അടുത്ത പരിചയത്തില്‍.അമ്പലപ്പുഴ മണ്ഡലത്തിലെ ഭൂമിയുടെ ഉടമസ്ഥതയെയും നിലനിന്നിരുന്ന ജന്മി കുടിയാന് വ്യവസ്ഥിത്യെപ്പെറ്റിയും ഏറ്റവും നല്ല അറിവ് എനിക്ക് പകര്‍ന്ന് തന്നതെ അദ്ദേഹമാണ്,അഞ്ചാം ക്ലാസ് തികച്ച് പഠിച്ചിട്ടില്ലാത്ത അദ്ദേഹം റവന്യൂ സെക്രട്ടറിയേക്കാള്‍ ആധികാരികമായി ഈ വിഷയം കൈകാര്യം ചെയ്യും.നാട്ടറിവിന്റെ ബലം.പക്ഷെ അദ്ദേഹത്തെ പഠിപ്പിക്കാന്‍ വിളിക്കാനാകില്ലല്ലോ.
എന്റെ വ്യക്തിപരമായ അഭിപ്രായത്ഥില് അക്കാദമിക് ക്വാളിഫികേഷന് ഇല്ലാത്തവരെയും എന്നാല്‍ വിഷയത്തില്‍ പണ്ഡിതരായവരേയും വിളിക്കാം. ഉദാഹരണത്തിനു വണ്ടികളെ കുറിച്ച് പഠിപ്പിക്കാന്‍ ഒരു വര്‍ക്ഷോപ്പ് മെക്കാനികിനെ വിളിക്കാം.പക്ഷേ കക്ഷിരാഷ്ട്രീയത്തില്‍ നേരിട്ടിടപ്പെടുന്നവരെ കുട്ടികളെ പഠിപ്പിക്കാനായി ക്ഷണിക്ക്കുന്നത് ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ജനാതിപത്യപരമായി അത് ശരിയല്ല.
രാധേയ മുന്നോട്ട്.
റോബിയും സൂരജും തിരക്കിലാണ് എന്ന് തോന്നുന്നു. പക്ഷെ അവര്‍ ഇന്ന് വൈകിട്ടോടെ ആക്ടിവാകും എന്ന് കരുതാം. സൂരജ് അമേരിക്കക്ക് കടക്കാന്‍ ഉള്ള തയ്യറെടുപ്പിലാണ്. റോബി പേപ്പറൊക്കെ സമര്‍പ്പിച്ച് ഇന്നത്തൊടെ വരും എന്ന് കരുതാം അല്ലേ.
പിന്നെ ഒന്നാം പാഠത്തെപ്പറ്റി ഉള്ള ഇവിടുത്തെ ചര്‍ച്ച പുരോഗമിച്ചോട്ടേ. രണ്ടാം പാഠം തുടങ്ങാന്‍ സമയമായി എന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. രാധേയന് പോസ്റ്റ് എഴുതുന്നത് എന്തുകൊണ്ടും നല്ലത്. അപ്പോള്‍ എനിക്കൊക്കെ അക്രമണ ഫുട്ബോള്‍ കളിക്കാമല്ലോ ഏത്?
കിരണേ,
അദ്ധ്യാപകര്‍ക്കു് നിലവാരമില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിനു് നിലവാരമില്ല എന്നു തന്നെയാണു്.
പണ്ടു് ശ്രീനിവാസന് പറഞ്ഞ ഒരു കാര്യമുണ്ടു്. മലയാളികള്‍ പൊതുവെ പത്രം വായിക്കുന്നവരാണു്. എന്നാല്‍ അതുപോലും ചെയ്യാത്ത ചിലര്‍ സംവിധായകനു് ചായ വാങ്ങിക്കൊടുത്തും വിടുപണികള് ചെയ്തും കൂടെക്കൂടും. അസിസ്റ്റന്റോ അസോസിയേറ്റോ ഒക്കെയായി… ഇവരുടെ ജീവിതലക്ഷ്യം തന്നെ സിനിമ സംവിധാനം ചെയ്യുക എന്നതാണു്. എന്നാല്‍ ഇവര്‍ക്കു് ആയുഷ്കാലത്തു് അതിനു് കഴിയുകയുമില്ല. ചായ വാങ്ങിക്കൊടുത്തതുകൊണ്ടു് മാത്രം ഒരാള്‍ സംവിധായകനാകില്ലല്ലോ…
സത്യത്തില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ ഗ്രേഡ് ചെയ്യുന്നതുപോലെ അദ്ധ്യാപകരെ വിദ്യാര്‍ത്ഥികളും ഗ്രേഡ് ചെയ്യുന്ന ഒരു സംവിധാനം ആവശ്യമാണു്. തുടര്‍ച്ചയായി ഗ്രേഡിങ്ങില്‍ പിന്നാക്കം നില്ക്കുന്ന അദ്ധ്യാപകനു് കൂടുതല്‍ പരിശീലനം നല്കി ശേഷി വര്‍ദ്ധിപ്പിക്കാന്‍ അവസരം നല്കേണ്ടതുണ്ടു്. എന്നിട്ടും പറ്റിയില്ലെങ്കില്‍ എന്തിനാണു അങ്ങനൊരാള് അദ്ധ്യാപകനായി തുടരുന്നതു്? അയാള്‍ക്കു് പറ്റിയ വേറെ തൊഴില്‍മേഖല കണ്ടുപിടിച്ചു് പോകട്ടെ. വെറുതെ വിദ്യാര്‍ത്ഥികളുടെ ഭാവി കളയാന്‍ വേണ്ടിമാത്രം അവരെ അദ്ധ്യാപകരായി തുടരാന്‍ അനുവദിക്കണമോ?
ഞങ്ങളുടെ സ്കൂളിലെ ഒരു ഹിന്ദി അദ്ധ്യാപികയെ ഓര്‍മ്മ വരുന്നു. അവര്‍ക്കു് ഇംഗ്ലീഷ് അറിയില്ല. നല്ല മലയാളവും അറിയില്ല. അവരാകട്ടെ, ഹിന്ദിവാക്കുകളുടെ അര്‍ത്ഥം ഇംഗ്ലീഷില്‍ ബോര്ഡിലെഴുതുകയും ചെയ്യും. അത് അപ്പാടെ അക്ഷരത്തെറ്റും. ഇംഗ്ലീഷ് മീഡിയത്തിലാണു് ഞാന്‍ പഠിച്ചതു്. സ്വാഭാവികമായും ഞങ്ങള്‍ കുട്ടികള്‍ അതല്ല ടീച്ചറേ സ്പെല്ലിങ്, ഇതാണു് എന്നെങ്ങാന്‍ പറഞ്ഞാല്‍ പിന്നെ ആ വിദ്യാര്‍ത്ഥിയെ അടിക്കുക, എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക, ക്ലാസ്സിനു പുറത്തിറക്കി നിര്‍ത്തുക തുടങ്ങിയ പരിപാടികളിലാണു് അവര്‍ ഏര്‍പ്പെടുക. ഇവരെ പോലുള്ള അദ്ധ്യാപകരെ പിരിച്ചുവിടുക തന്നെ വേണം.
എന്റ സെബിനേ അധ്യാപകരെ പിരിച്ചു വിടുകയോ നല്ല കാര്യമായി. ഒന്നു രണ്ട് സാമ്പിള്‍ കേസ് കേട്ടോളൂ
DPEP സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപകര്‍ കൊമ്പും കുഴലും ഉയര്‍ത്തി ഇറങ്ങി. അത് ആദ്യം ഏറ്റില്ല. പിന്നെ അവര്‍ ഉടനെ ചുവടു മാറ്റി DPEP യില്‍ അധ്യാപകര്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് മാതാപിതാക്കളേ ഇളക്കി. ഇവര്‍ നിസഹരണം കൊണ്ട് പൊളിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ സര്‍ക്കാര്‍ ഇവരെ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കി അധ്യാപകര്‍ ക്ലാസ് റും ബഹിഷ്ക്കരിച്ചു. യൂണിയനുകള്‍ ഇടപെട്ടു എല്ലാം തിര്‍ന്നു. അതോടെ DPEP എന്നാല്‍ ഡാന്‍സും പാട്ടും ഇടക്കിടെ പഠിപ്പീരുമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ക്കായി നല്ല പിള്ളേരെ ഒക്കെ TC വാങ്ങി പ്രൈവറ്റ് സ്കൂളില്‍ പോയി ചേര്‍ന്നു. അധ്യാപകര്‍ക്ക് സുഖം സ്വസ്ഥം.
പിന്നെ ഇപ്പോഴാണ് കാര്യങ്ങളൊക്കെ വീണ്ടും ഒന്ന് ഉശാരായത്. എന്നാല്‍ ശനിയാഴ്ച അധ്യാപക പരിശിലനം നടക്കുന്നതിനെ ഇവര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്.
അതുകൊണ്ട് പിരിച്ച് വിടലൊന്നും സ്വപനം കാണാന്‍ പോലും കഴിയില്ല.
അദ്ധ്യാപക വിഷയം എനിക്കുള്ള അഭിപ്രായം എന്താണെന്നു വച്ചാല്‍ അതു കേരളത്തിലെ മറ്റൊരു ഭീകര പ്രശ്നമാണു. അദ്ധ്യാപകന്റെ നിലവാരം നോക്കി യാതൊരു കാരണവശാലും പാഠ്യപദ്ധതിയുടെ നിലവാരം നിശ്ചയിക്കാനവില്ല. അദ്ധ്യാപകന്റെ നിലവാരം കൂട്ടാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആരായായുകയാണ് വേണ്ടത്. സെബില്‍ പറഞ്ഞ കാര്യങ്ങള്‍ ഐ.ഐ.ടി കല് നടപ്പിലാക്ക്കുന്നതാണ്. ഇന്നത്തെ നിലയ്ക്ക് ഈ പാഠ്യപദ്ധതിയില്‍ അത് കാലക്രമെണ ഉള്‍പ്പെടുത്താന്‍ സാധ്യമാണ്. പിന്നെ ഈയിടെ ധാരാളം പരിശീലന ക്ലാസ്സുകള്‍ അദ്ധ്യാപകര്‍ക്ക് കൊടുക്കുന്നുണ്ടാല്ലൊ. സുനില്‍ മാഷിന്റെ ബ്ലോഗ് തന്നെ ഉദാഹരണം. ആ രീതിയില്‍ അവരുടെ നിലവാരം ഉയര്‍ന്നു വരേണ്ടതാണ്. എല്ലാത്തിനും അവസാന റെഫറന്‍സ് അദ്ധ്യാപകന് എന്ന നിലപാട് ഈ പാഠ്യപദ്ധതിയില്‍ അശ്ശേഷം വിലയില്ല. ഈ പോസ്റ്റിലെ പോയന്റ് നമ്പര്‍ 13.
ഒന്നാം പോയന്റ് ഇപ്പോള്‍ പ്രാബലത്തില്‍ ഇല്ല. കാരണം പ്രമുഖ പത്രങ്ങള്‍ എല്ലാം തന്നെ സ്കാന്‍ ചെയ്ത കൊപ്പികള്‍ പത്രം വഴി പ്രസിദ്ധീകരിച്ചു ലേഖനങ്ങള്‍ കൊടുക്കുന്നു.
സെബിനേ ഇന്ന് അധ്യാപക ജോലി ചെയ്യുന്നവരും ഇനി ചെയ്യാന്‍ ആഗ്രഹിച്ച് TTC യും Bed ഒക്കെ എടുത്ത് നില്ക്കുന്നവരില് ഭൂരിഭാഗവും ഈ ജോലി തിരഞ്ഞെടുക്കാന്‍ കാരണം 10 മുതല്‍ 4 വരെ പണിയെടുത്താല്‍ മതി ക്രിസ്തുമസ് ഓണ അവധി പിന്നെ രണ്ട് മാസത്തെ വേനനലവധി പിന്നെ ശനിയും ഞായറും അവധി. ചുരുക്കം പറഞ്ഞാന്‍ ഒരു കംഫോര്ട്ടബളായുള്ള ജോലി. പെണ്ണുങ്ങള്‍ക്ക് ടീച്ചര്‍ പണിയാണ്` നല്ലതെന്ന ഒരു മുന്‍വിധി പോലുമുണ്ട് നാട്ടില്‍.
ഇവര്‍ക്കൊന്നും Dynamic ആയ വിധ്യാഭ്യാസ രീതിയില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല എന്നതാണ് സത്യം. അവര്‍ക്ക് നമ്മുടെ Static രീതിയിലുള്ള വിദ്യാഭ്യാസ രീതിയോടാണ് താല്പര്യം. മറ്റേതൊക്കെ മെനക്കേടാണ് എന്നതാണ് അവരുടെ പക്ഷം. അധ്യപനത്തോട് അഭിരുചിയുള്ളവര്‍ ഉണ്ടാകാം പക്ഷെ അവര്‍ തുലോ തുഛമാണ്. എന്റ അമ്മ്യുടെ സ്കൂളില്‍ ഗംഗാധരന് എന്ന മാഷുണ്ട് അങ്ങനെ ഒരാളെ എനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏറ്റവും രസകരമായ സംഗതി ഗംഗാധരന് മാഷിനെ മറ്റ് അധ്യാപകര്‍ക്ക് അത്രക്കു ഇഷ്ടമല്ല എന്നതാണ്. എല്ലാവരുമൊന്നും ഗംഗാധരന് മാഷേപ്പോലെ വേണ്ട പക്ഷെ ചുരിങ്ങയത് ഒരു 5 പേരെങ്കിലും വേണം. അത് ഉണ്ടാകില്ല എന്നതാണ് സത്യം
കിരണ്‍ പറഞ്ഞത് ശരിയാണ്. പക്ഷേ അതിനൊക്കെ മാറ്റം വരണ്ടേ? അങ്ങനെയല്ലെ വ്യവസ്ഥിതിയുടെ മാറ്റം ഒക്കെ വരുന്നത്.
തീര്‍ച്ചയായും ഈ പരിശീലന പദ്ധതി മുന്നോട്ട് പോയാല്‍ അത് വരും. അദ്ധ്യാപനം ഒരു ഈസി പണിയല്ല എന്ന ധാരണ വരുമ്പോള്‍ തന്നെ അടുത്ത തലമുറ അത് തിരഞ്ഞേടുക്കുമ്പോള് അത് ശ്രദ്ധിക്കും. പിന്നെ പ്രൈവറ്റ് സ്കൂളിലെ അദ്ധ്യ്യപകര് ഉണ്ടല്ലോ നമുക്ക് മുന്നില്‍. ഞാന്‍ പഠിച്ച എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരില്‍ 85% വും ആതമാര്‍ത്ഥമായി പഠിപ്പിക്കുന്നവരായിരുന്നു.
പഴയ അദ്ധ്യാപകവ്യവസ്ഥിതി മാറുമെന്ന കാര്യത്തിലെനിക്ക് ശുഭാപ്തി വിശ്വാസമാണ്.
http://scerteducation.blogspot.com/2008/06/blog-post_2234.html
മതം മതേതരത്വം നിരീശ്വരവാദം- ചര്‍ച്ചയുടെ രണ്ടാം ഘട്ടം തുടങ്ങി വെയ്ക്കുന്നു
(ഒരു ദിവസം വൈകിയപ്പോഴേക്കും ഞാനൊത്തിരി പുറകിലായി. ഈ പിള്ളേരുടെ ഒരു ശുഷ്കാന്തി…:-)
ഇന്നലെ ഇരുന്ന് ഇതുവരെയുള്ള പോസ്റ്റുകളും ആദ്യപാഠവും വായിച്ചു. എല്ലാ കമന്റുകളും വായിച്ചുവന്നപ്പോള്‍ തോന്നിയത് അവസാനം കിരണ്‍ പറഞ്ഞു. നമ്മുടെ സഭാസ്ഥാപനങ്ങളിലും മറ്റുമുള്ള കാശുകൊടുത്ത് അധ്യാപകരായവരില് ഭൂരിഭാഗവും ഇതുപോലുള്ള ക്ലാസ്റൂം ചര്‍ച്ചകള്‍ എങ്ങെനെ നയിക്കുമെന്നതില്‍ സംശയമുണ്ട്. അധ്യാപകന്റെ നിലപാട് വിദ്യാര്‍ഥികളെ സ്വാധീനിക്കുമല്ലോ, ആ പ്രായത്തില്‍.
പരിണാമത്തെക്കുറിച്ച് ചെറുപ്രായത്തില്‍ പഠിപ്പിച്ച ടീച്ചറോട് ബൈബിളിലെ കഥകളെപറ്റി ചോദിച്ചപ്പോള്‍ പരിണാമമൊക്കെ വെറും ഊഹാപോഹങ്ങളാണെന്നു പറഞ്ഞു. ഇതു തന്നയല്ലേ ശരാശരി മലയാളി ഇന്നും കരുതുന്നത്?
പിന്നീട് നവോദയയില്‍ എത്തിയപ്പോള്‍ 9-ല്ഹിസ്റ്ററി ക്ലാസില്‍, അധിനിവേശത്തെക്കുറിച്ചും കൊളോണിയലിസത്തെക്കുറിച്ചും പഠിപ്പിച്ച മാഷ് പെപ്സി കുടിക്കുമ്പോള്‍ (അന്ന് കൊക്കകോളയില്ല.) എങ്ങനെ നിയോകൊളോണിയലിസം വരുമെന്ന് പഠിപ്പിച്ചതോര്‍ക്കുന്നു.93-94 കാലത്താണെന്നോര്‍ക്കണം. കൊക്കകോളയുടെ രാഷ്ട്രീയമൊക്കെ പിന്നീട് പൊതുമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ പിന്നെ എത്ര കാലമടുത്തു?
ചെറുപ്പത്തില്‍ അങ്ങനെ ഒരു പാഠം കിട്ടിയതിനാലാവാം ഞാനൊരു കോള വിരോധിയായത്, അതും രാഷ്ട്രീയമായ ഒരു ബോധമൊക്കെ ഉണ്ടാവുന്നതിനും മുന്‍പ് ഞാനിത് തിരിച്ചരിഞ്ഞിരുന്നു. ഇത് പറഞ്ഞത് അധ്യാപകരുടെ പങ്ക് സൂചിപ്പിക്കാനാണ്.
ഇന്ന് ഈ വിഷയം ഇത്രയും ഒരു വിവാദമായതിനാലും, പാര്‍ട്ടിയ്ക്ക് ഗുണകരമായേക്കാവുന്ന കാര്യങ്ങള്‍ തിരുകിയിട്ടുണ്ട് എന്ന് ബോധ്യമായതിനാലും നമ്മുടെ അധ്യാപകത്തൊഴിലാളികള് ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും?
ചെറുപ്രായത്തില്‍ പാഠപുസ്തകം വേദപുസ്തകമാണ്. അതിനെ ചൊല്ലി വിവാദങ്ങളും സമരങ്ങളുമുണ്ടാകാന് ഇടവരുന്നത് ആശാസ്യമാണോ? കുട്ടികള്‍ എങ്ങനെയാകും ഈ പ്രശ്നങ്ങളെ മനസ്സിലാക്കുക? ഇത്രയും explicit ആയല്ലാതെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കേണ്ടതായിരുന്നു.
പണ്ടത്തെ ജന്മികളുടെ പേരും വിലാസവും അന്വേഷിക്കുന്നതിനു പകരം ഇന്നും ജന്മിത്വം നിലനില്‍ക്കുന്ന ഇടങ്ങള്‍ കണ്ടുപിടിക്കാന്‍ വിദ്യാര്‍ത്ഥികളോടു എന്തേ പറയാത്തത്? നമുക്കുണ്ടല്ലോ സാംസ്കാരിക ജന്മികളും സാഹിത്യജന്മികളും, രാഷ്ട്രീയജന്മികളും, മാധ്യമജന്മികളും സിനിമാജന്മികളുമെല്ലാം.(ഇത് ഏഴാംക്ലാസിന്റെ ബുദ്ധിക്ക് ദഹിക്കാത്തതാണെങ്കില് ക്ഷമി).
പിന്നെ, ഇത് സര്‍ക്കാര്‍ സ്കൂളുകളില്‍ മിച്ചമുള്ള കുട്ടികളെകൂടി ഇംഗ്ലിഷ് മീഡിയത്തിലെത്തിക്കാനുള്ള ഒത്തുകളിയാണെന്നും പറഞ്ഞു കേള്‍ക്കുന്നു…
ഈ പോസ്റ്റിന്റെ തലക്കെട്ട് സഭയുടെ ആരോപണങ്ങളെ കുറിച്ചുള്ളതാണെങ്കിലും കിരണിന്റെയും ഡാലിയുടെയും നിര്‍ദ്ദേശം മുന്‍ നിര്‍ത്തി ചര്‍ച്ച ‘മണ്ണിനെ പൊന്നാക്കല്‍’ എന്ന ആദ്യ ഭാഗത്തെ ആസ്പദമാക്കിയാണ് വികസിച്ചിരിക്കുന്നത് എന്ന് കാണുന്നു. അതേക്കുറിച്ച് ഈയുള്ളവന്റെ അഭിപ്രായം താഴെപറയുന്നു.(ചില ആശയങ്ങള്‍ മറ്റുകമന്റുകളില് ഇവിടെ വന്നതാണ്. എങ്കിലും നേരത്തേ ഡ്രാഫ്റ്റാക്കി വച്ചിരുന്നതിനാല്‍ ഇവിടെ പോസ്റ്റുന്നു)
കാര്‍ഷിക വൃത്തിയുടെ സാമൂഹിക പരിപ്രേക്ഷ്യത്തെ അവതരിപ്പിക്കുന്ന പുതിയ പാഠഭാഗവും (മണ്ണിനെ പൊന്നാക്കല്‍, മനുഷ്യത്വം വിളയുന്ന ഭൂമി)പഴയ പാഠഭാഗവും (പഴമയുടെ കതിരും പതിരും) താരതമ്യം ചെയ്തപ്പോള്‍ പെട്ടെന്നു കണ്ട ചില പ്രത്യേകതകള്‍ :
1. പഴയ പാഠഭാഗങ്ങളിലെ ജന്മിത്തം, അടിയാള അവസ്ഥകള്‍,ജാതീയ ഉച്ചനീചത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയിരുന്ന ആചാരങ്ങള്‍/രീതികള്‍ തുടങ്ങിയവയുടെയൊക്കെ ഉദാഹരണങ്ങള്‍ ഏറെക്കുറേ അമൂര്‍ത്തമാണ്. പല ജാതി/മത/സാമ്പത്തിക വിഭാഗങ്ങളിലെ 12-ഓ 13-ഓ വയസുള്ള കുട്ടികള്‍ ഒത്തു ചേരുന്ന ഒരു ക്ലാസ് മുറിയില്‍ ചരിത്രപരമായ പരസ്പര വിദ്വേഷങ്ങളുണര്ത്താതെ ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അമൂര്‍ത്ത ഉദാഹരണങ്ങളും ന്യൂട്രല്‍ ആയ ഭാഷയുമുണ്ടെങ്കില് എളുപ്പമാകുമെന്നാണ് എന്റെ വിശ്വാസം.
പുതിയ പാഠഭാഗം കുറച്ചുകൂടി തീവ്രവും സമൂര്‍ത്തമായ ഉദാഹരണങ്ങളും കൊണ്ടാണ് കാര്യങ്ങളവതരിപ്പിക്കുന്നത് : പോക്കുവെയിലില്‍ നിന്നുമുള്ള കുറിപ്പ്, ഏ.കെ.ജിയുടെ ആത്മകഥാഭാഗം, ദേവകി നിലയങ്ങോടിന്റെ ലേഖനഭാഗം തുടങ്ങിയവ വായിക്കുന്ന ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അന്നത്തെ സാമൂഹികാവസ്ഥയുടെ രൂക്ഷത കൂടുതല്‍ വ്യക്തമാകുമെന്നതില് സംശയമില്ലെങ്കിലും സ്വയംവിമര്ശനാത്മകമായോ നിര്വ്വികാരമായോ ചരിത്രത്തെ കാണാനുള്ള അപഗ്രഥന പാടവം ഏഴാം തരത്തില്‍ ഒരു കുട്ടിക്ക് ഉണ്ടാകുമോയെന്ന് എനിക്കു സംശയം.
ഉദാഹരണത്തിന് 1924-ലെ മലപ്പുറത്തെ ഒരു വിദ്യാലയ രജിസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് പാഠഭാഗത്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ – ‘പട്ടികയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം?’,‘വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതലും ഏതൊക്കെ ജാതിയിലുള്ളവരായിരുന്നു? ’ ശ്രദ്ധിക്കുക. ഏഴാം ക്ലാസുകാരന് ഇതിനെ ഏതെങ്കിലും ജാതിയില്‍പ്പെട്ട സഹപാഠികളോടുള്ള മുന്‍ വിധികളില്ലാതെയും ന്യൂട്രലായും അപഗ്രഥിക്കുവാന്‍ ശേഷിയുള്ളവനാണോ ?ഒരു സവര്‍ണ്ണ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ഗൃഹപാഠത്തിന് ഇത്തരമൊരു ചോദ്യവുമായി മാതാപിതാക്കളെ നേരിടുന്ന കുട്ടിക്ക് – അതും ജാതി ചിന്ത ഒളിഞ്ഞും തെളിഞ്ഞും എല്ലാമേഖലകളിലേക്കും കടന്നുവരുന്ന ഇന്നത്തെ മധ്യവര്‍ഗ്ഗ മലയാളി സമൂഹത്തില്‍ – കിട്ടാവുന്ന മറുപടി എന്തായിരിക്കുമെന്നോര്‍ത്ത് ഞാന്‍ നടുങ്ങുന്നു. റിസര്വ്വേഷന് ചര്‍ച്ചകളിലൊക്കെ കേള്‍ക്കുന്ന ചീപ് വര്‍ത്തമാനങ്ങള്‍ – ‘ഭൂപരിഷ്കരണവും സംവരണവുമൊക്കെ സവര്‍ണ്ണനെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്’, ‘നമ്മുടെ അവസരങ്ങളാണ് മറ്റവന് തട്ടിയെടുക്കുന്നത്’, ‘കീഴ്ജാതിയെന്നാല് സ്വതവേ ബുദ്ധിയില്ലാത്തവരാണ്/സംസ്കാരശൂന്യരാണ്’ എന്നിങ്ങനെയുള്ള പലതരത്തിലുള്ള സംസാരങ്ങളും ജാതിയുമായി ബന്ധപ്പെട്ട ‘അടുക്കള ചര്‍ച്ചകളില്‍’ ഉയര്‍ന്നുവരുന്നത് കണ്ടും കെട്ടുമുള്ള അനുഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു സംശയം.
വിദ്യാസമ്പന്നരെന്നു നടിക്കുന്നവര്‍പോലും ബ്ലോഗിലൊക്കെ നടത്തുന്ന ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ ഒരു സാധാരണ ‘അടുക്കള’വര്‍ത്തമാനത്തില്‍ ഈ ചിന്തകള്‍ ഏതറ്റം വരെ പോയേക്കാമെന്ന് ഊഹിക്കാന്‍ പോലുമാവില്ല.തിരിച്ചുള്ള ഒരു സന്ദര്‍ഭവും സങ്കല്പ്പിക്കാം – തലമുറകളായി ജാതിവിവേചനം അനുഭവിച്ചു വരുന്ന ഒരു കുടുംബത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വരുന്നത്. അതുപോലെതന്നെ ഊഹിക്കാവുന്നതാണ് ഇതു ക്ലാസില്‍ വിശദീകരിക്കേണ്ടി വരുന്ന അധ്യാപികയുടെ പ്രശ്നങ്ങളും. വ്യക്തിനിഷ്ഠമായ കുറേ നീരീക്ഷണങ്ങളും അനുഭവങ്ങളുമല്ലാതെ ഈ വിഷയത്തില്‍ വസ്തുനിഷ്ഠമായ മറുപടികളോ ആശയങ്ങളോ വിദ്യാര്‍ത്ഥിക്കു മിക്കവാറും ലഭിക്കില്ല എന്നു തന്നെയാണ് എന്റെ തോന്നല്‍. മുതിര്‍ന്നവരുടെ സമൂഹത്തിനു പോലും ഹൃദയ വിശാലതയോടെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത, constructive ആയ ചര്‍ച്ച നടത്താന്‍ പറ്റാത്ത ഒരു വിഷയത്തെ ഇത്ര കടും നിറങ്ങളുള്ള ഉദാഹരണങ്ങളോടെ (അവ എത്രതന്നെ realistic ആയാലും) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അപക്വ മനസിലേക്ക് എത്തിക്കുന്നത് അതൊക്കെക്കൊണ്ടുതന്നെ ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ എന്നാണെന്റെ ധാരണ.
ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചുമൊക്കെ ഗൌരവമായും നിര്‍മ്മമമായും സമീപിക്കാന്‍ പത്താം ക്ലാസുകാരന്റെ ബുദ്ധിപോലും പറ്റുമെന്നു തോന്നുന്നില്ല. പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറമുള്ള ഒരുപാട് വായനയും സമാനമായ മറ്റു സമൂഹങ്ങളുടെ അവസ്ഥകളെക്കുറിച്ചുള്ള ജ്ഞാനവുമുണ്ടെങ്കിലേ അതു സാധിക്കൂ. അതുകൊണ്ടുതന്നെ ഈ വിഷയത്തെ ഈ ചെറിയ ക്ലാസുകളില്‍ കുറേ കൂടി ന്യൂട്രലായ ഭാഷയില്‍ ഉപരിപ്ലവമായി വേണം സമീപിക്കാന്‍ എന്നെനിക്കു തോന്നുന്നു.
2. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പുതുപ്രവണതയെ വിമര്‍ശിച്ചുകൊണ്ട് തുടങ്ങുന്ന പാഠഭാഗം കര്‍ഷകനു കൃഷിഭൂമി കിട്ടാനിടയായ സാഹചര്യത്തെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നു. എന്നിട്ട് വീണ്ടും അവസാനിപ്പിക്കുന്നത് കൃഷിഭൂമിയുടെ വിനിയോഗത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും ഭക്ഷ്യ സുരക്ഷയെക്കുറിച്ചും പറഞ്ഞുകൊണ്ടും പാഠ്യപ്രവൃത്തി നിര്‍ദ്ദേശിച്ചുകൊണ്ടുമാണ്. ഇവിടെയും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ധാരാളം വകുപ്പുണ്ട്.
ഭൂപരിഷ്കരണവും കുടിയിറക്ക് നിരോധനവും കൃഷിക്കാരന്റെ അവസ്ഥയെ മെച്ചപ്പെടുത്തിയതു ആത്യന്തികമായി കൃഷിയെ നശിപ്പിക്കുകയാണുണ്ടായത് എന്ന് വ്യാഖ്യാനിക്കാം. അത്തരം വ്യാഖ്യാനം തെറ്റാണെന്നല്ല, ഏഴാം ക്ലാസുകാരന് അതൊക്കെ ദഹിക്കുമോ എന്നതാണ് പ്രശ്നം. ഭൂപരിഷ്കരണത്തെക്കുറിച്ചു പറയുന്നിടം കഴിഞ്ഞാല്‍ പിന്നെ സോഷ്യല്‍ ഇന്‍ഡക്സുകളില്‍ കേരളത്തിനുണ്ടായ നേട്ടങ്ങളുടെ പട്ടിക, പിന്നെ ചേര്‍ത്തിരിക്കുന്നത് കൃഷിഭൂമിവിസ്തൃതി ചുരുങ്ങുന്നത്തിന്റെയും നാണ്യവിളകള്‍ പെരുകുന്നതിന്റെയും ഒരു പട്ടിക. വിഡിയോ എഡിറ്ററുടെ jump-cutting പോലെ; എന്തൊരു കുതിച്ചു ചാട്ടം!
ഈ പട്ടികകള്‍ക്കിടയില്‍ സ്പര്‍ശിക്കാതെപോയ കാക്കത്തൊള്ളായിരം സംഗതികളും അവയുടെ ചരിത്രവും ആര് പറയും ? ഭൂപരിഷ്കരണം നടന്നത് 1957-ലാണൊ 1963-ലാണൊ എന്നറിയാത്ത അധ്യാപകനോ ? അതോ പാട്ടവും വാരവും നിലച്ചപ്പോള്‍ കുത്തുപാളയെടുത്തു എന്ന് പരിഭവം പറയുന്ന ലോക്കല്‍ ‘ജന്മിയോ’ ?ഭൂപരിഷ്കരണം പോലെ സങ്കീര്‍ണമായ ചരിത്രമുള്ള ഒരു വിഷയത്തെ ഇങ്ങനെ അമിതലളിതവല്‍ക്കരണം നടത്തുന്നതുമൂലം കുറേ anti-political ആശയങ്ങള്‍ കുട്ടിയുടെ മനസില്‍ വിതറാം എന്നേ എനിക്കു തോന്നുന്നുള്ളൂ.
ഭൂപരിഷ്കരണത്തെയും കുടിയിറക്ക് നിരോധന നിയമത്തെയും പറ്റി പറഞ്ഞിട്ട്, അവയുടെ immediate consequences കൂടി പറഞ്ഞു നിര്‍ത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ ഇവിടെ. അതിനപ്പുറമുള്ള സാമൂഹികശാസ്ത്രാവലോകനം നടത്താനുള്ള കപ്പാക്കുറ്റി ഏതായാലും 12 വയസ്സുള്ള ഏഴാം ക്ലാസുകാരന് ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. സയന്‍സും കണക്കും പോലെയല്ലല്ലോ സാമൂഹിക ശാസ്ത്രവും ചരിത്രവും.
3. സാക്ഷരതാനിരക്കിലെ വര്‍ദ്ധനവ്, ജീവിത നിലവാര സൂചികകളിലെ നേട്ടങ്ങള്‍ എന്നിവ എങ്ങനെയുണ്ടായി എന്നത് കേരളാ മോഡല്‍ വികസനം, മറ്റൊരു അധ്യായമായിത്തന്നെ വിശദമാക്കാന്‍ സ്കോപ്പുണ്ടായിരുന്നു (ഏഴാം ക്ലാസ് നിലവാരത്തിന് പറ്റില്ലെങ്കിലും). അസ്ഥാനത്ത് ഒരു പട്ടിക കൊടുത്ത് അതിനുള്ള സാധ്യത നഷ്ടപ്പെടുത്തിയിട്ടുണ്ടോ പുതിയ പാഠപുസ്തകത്തില്‍ ? ഒരു സംശയമാണ്.
പുസ്തകം മുഴുവനായി കണ്ടിട്ടില്ലാത്തതിനാല്‍ പറയാനാവില്ല.
4. ജന്മി-കുടിയാന് ബന്ധം/കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പാഠ്യ പ്രവൃത്തിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങള്‍ കണ്ടാല്‍ ‘കമ്മൂണിസത്തിന്റെ പേരില്‍’ പാഠപുസ്തകത്തെ എതിര്‍ക്കുന്നവരോട് ആരും യോജിച്ചേക്കും. ഇത്ര one-sided ആയ ഒരു തെരഞ്ഞെടുപ്പ് വേണമായിരുന്നോ എന്നു സംശയം. ആ പുസ്തകങ്ങളുടെ ആശയത്തോട് യോജിക്കുമ്പോള്‍ പോലും, ഇതൊരു വടികൊടുത്ത് അടിവാങ്ങലായില്ലേ എന്നും സംശയം.
ഏഴാം ക്ലാസില്‍ ആണ്ടലാട്ടിന്റെയും കെ.കെ.എന്‍ കുറുപ്പിന്റെയുമൊക്കെ സാഹിത്യം മനസിലാകുമോ? നമ്മുടെ പിള്ളാരെക്കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശുഭപ്രതീക്ഷകള്‍ ഭയങ്കരം തന്നെ! കെ.എം.മാണി ഈയടുത്ത് എഴുതി പ്രസിദ്ധീകരിച്ച കര്ഷകസമരങ്ങളെക്കുറിച്ചൊരു പുസ്തകമുണ്ടല്ലോ. അതും കൂടിയുള്പ്പെടുത്താമായിരുന്നു
5. ജന്മിത്തത്തിന്റെ ഭീകരതകളെയും കര്‍ഷകന്റെ അധ:കൃതാവസ്ഥയെയും കുറിച്ചറിയാന്‍ മുതിര്‍ന്നവരുമായി അഭിമുഖം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന ഭാഗം വളരെ ക്രിയാത്മകമാണ്. വെട്ടിപ്പിടിച്ചവന്റെയും കിണറും റോഡും കൊട്ടാരവും നിര്മ്മിച്ചവന്റെയും ചരിത്രം മാത്രം സ്കൂളില്‍ വിളമ്പിയിരുന്ന ഒരു സമ്പ്രദായത്തില്‍ നിന്നും പ്രാദേശിക വാമൊഴിക്കഥകള്ക്കുകൂടി ചരിത്രപഠനത്തില്‍ പ്രാധാന്യമുണ്ട് എന്ന് വിളിച്ചുപറയുന്ന ഈ പാരഡൈം ഷിഫ്റ്റ് അഭിനന്ദനാര്‍ഹം. എന്നാല്‍ സ്ഥലത്തെ മുന്‍ കാല ഭൂസ്വാമിമാരുടെ കണക്കെടുപ്പ് നടത്താന്‍ പഴയ ആധാരം തപ്പാന്‍ നിര്‍ദ്ദേശിക്കുന്നിടത്ത് സംഗതി പാളുന്നില്ലേ ?
ആധാരങ്ങള്‍,പ്രോമിസറി നോട്ടുകള്‍,പട്ടയം, ഇഷ്ടദാനം,സമ്മതപത്രം തുടങ്ങിയവയെക്കുറിച്ചും ചരിത്രപഠനത്തിലുള്ള അവയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ പഠിച്ചുകഴിഞ്ഞിട്ടാണോ ഏഴാം ക്ലാസിലെ കുട്ടി ഇതിനൊരുമ്പെടുന്നത് എന്നത് ഒരു ചോദ്യം. അതവിടെ നില്ക്കട്ടെ; ജന്മി എന്നാല്‍ എന്താണെന്ന് കൃത്യമായി നിര്‍വചിക്കാതെയാണ് ഈ അഭ്യാസം നല്‍കിയിരിക്കുന്നത്.(മുന്‍ കാല ‘ജന്മി’കളെപ്പോലെ പ്രധാനമാണല്ലോ നമ്മുടെ സമകാലികരായ ‘ജന്മികളും’:)
വീണ്ടും ഒരുതരം jump-cut ഇല്ലേ ഇവിടെ ? ഒരുപാട് കാര്യങ്ങള്‍ ഇത്തിരി സ്ഥലത്ത് കുത്തിനിറയ്ക്കാനുള്ള ഒരു വ്യഗ്രത ?
6. പുതുക്കിയ പരീക്ഷാരീതികളനുസരിച്ച് ചോദ്യങ്ങള്‍ വളരെ ഡൈനാമിക്കാണ്. സര്‍വ്വസമ്മതമായ ഒറ്റയുത്തരമുള്ള ചോദ്യങ്ങളല്ല ഇപ്പോള്‍ പരീക്ഷയില്‍ ചോദിക്കാറ്; മിക്കതും പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നിങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളെന്ത്?’ എന്ന ശൈലിയിലുള്ളവയാണ്. അതായത് കുട്ടി എന്തെഴുതിയാലും അതിനു അതിന്റേതായ മൂല്യമുണ്ട് എന്നര്‍ത്ഥം. ഇരുതലമൂര്‍ച്ചയുള്ള വിഷയങ്ങള്‍ക്കും ഇതു ബാധകമാണെന്നോര്‍ക്കണം. ഇവിടെ അധ്യാപകന്റെ റോള്‍ ഒരു ഗൈഡിന്റെയോ ഫെസിലിറ്റേറ്ററുടെയോ മാത്രമാകുമ്പോള്‍ എന്തു സംഭവിക്കും ?
ഇത്തരം ഗഹന വിഷയങ്ങള്‍ പക്വതയോടെയും നിര്‍മ്മമമായും കൈകാര്യം ചെയ്യാന്‍ എത്ര അധ്യാപകര്‍ക്കാകും ? (പണ്ടു പരിണാമ സിദ്ധാന്തം പഠിപ്പിച്ച അധ്യാപികയോട് ഇതിലെവിടെയാ ദൈവം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി എനിക്കോര്‍മ്മവരുന്നു:). മാര്‍ക്സിസ്റ്റ് അനുഭാവിയായ അധ്യാപകനും സംഘപരിവാര ചായ്വുള്ള അധ്യാപകനും ഭൂപരിഷ്കരണവിഷയത്തെയും ജാതിവിവേചനത്തേയും കൈകാര്യം ചെയ്യുന്നതെങ്ങനെയൊക്കെയായിരിക്കുമെന്ന് സങ്കല്പ്പിക്കാന് നല്ല രസം.
6. ഇന്നു നിലവിലില്ലാത്ത ജന്ന്മി സമ്പ്രദായം പഠിപ്പിക്കുന്നു.അതേ സമയം ജന്മിസമ്പ്രദായം, ഭൂമി ഉടമസ്ഥത, അതിന്റെ പരിഷ്കരണം ഇവയെക്കുറിച്ചൊന്നും സമഗ്രമായ ഒരു പഠനത്തിനോ അവയുടെ നാനാവശങ്ങള്‍ മനസ്സിലാക്കാനോ ഒരു പരിശ്രവുമില്ല. ഇത് കുട്ടികളെ ഭാഗീകമായ കാഴ്ചപ്പാടില്‍ ഒതുക്കുന്നു.
7. ജന്മി -കുടിയാന് രംഗത്ത് നന്മവരുത്തിയതെല്ലാം കമ്യൂണിസ്റ്റുകാരാണെന്നു വരുത്തിവയ്ക്കുന്ന രീതിയിലുള്ള പഠനം.
***** ******* ****** ***** ****
ജന്മി-കുടിയാന് അവസ്ഥയെക്കുറിച്ച് കേട്ടുകേഴ് വി പോലും ഇല്ലാത്ത, ചരിത്രമുള്ള കാലമെല്ലാം ക്രൈസ്തവസമൂഹം മാത്രം ജീവിച്ചുപോന്നിരുന്ന ഒരു നാട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അവിടെ ഭുപരിഷ്ക്കരണത്തില് ഭൂമി പങ്കുവയ്ക്കണ്ടിവന്ന ഒരേ ഒരു ജന്മിയേ ഒള്ളു. പള്ളി. കേരളത്തിലെ എല്ലാ ക്രൈസ്തവ പള്ളികള്‍ക്കും പാട്ടത്തിനു നല്‍കിയിരുന്ന ഭൂമിയെല്ലാം പരിഷ്കരണകാലത്ത് നഷ്ടമായിട്ടുണ്ട്. (ഇന്നും, ലോകത്തില്‍ ഏറ്റവും അധികം ഭൂമിയുടെ കൈവസ്താവകാശം ഉള്ളത് കത്തോലിക്കാ സഭക്കാണ്.)
ഇപ്പൊ തന്നെ, പാരിഷ് കൌണ്‍സല്‍ യൊഗങ്ങളില് പള്ളിയുടെ സ്കൂളും, കോളെജും, ആശുപത്രിയും കൊള്ളലാഭം ഉണ്ടാക്കുന്നു എന്നു കേക്കുന്നതു പോരാത്തതിന്, ഇനി കുഞ്ഞാടുകളെ പള്ളിയുടെ പഴയകാല ജന്മിത്വത്തിനേയും ചോദ്യംചെയ്യാന്‍ കൂടി പഠിപ്പിക്കുമ്പോള്‍ ഇടയന്മാര്ക്ക് എങ്ങിനെ കണ്ണുമടച്ച് കൊന്ത ചൊല്ലാന്‍ പറ്റും?